ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് 10 ദിവസം ബാക്കിനിൽക്കെ ത്രികോണപോര് ശക്തം. പൊതുപരിപാടികൾക്ക് അപ്പുറം സമ്മതിദായകരെ നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ച് മുന്നേറുകയാണ് മൂവരും.ഒരു ദിവസംപോലും പാഴാക്കാതെ ചിട്ടയായാണ് പ്രവർത്തനങ്ങൾ നടത്തുകയാണ് സിപിഎമ്മും കോൺഗ്രസും ബിജെപിയും. ഒരു പടി മുന്നിൽ സിപിഎം ഉണ്ടെന്നതാണ് വസ്തുത. ഇത് മറികടക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസും എത്തിക്കഴിഞ്ഞു. കർണ്ണാടകയിലെ ചാക്കിട്ട് പിടിത്തം ബിജെപിക്ക് ക്ഷീണമാണ്. ശ്രീധരൻ പിള്ളയുടെ സാധ്യതകളെ ഇത് ബാധിച്ചിട്ടുണട്.

യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിൽ മത്സരിച്ചാണ് മുന്നേറുന്നത്. കുടുംബയോഗങ്ങളും ഗൃഹസന്ദർശനങ്ങളും തന്നെയാണ് എല്ലാവരും പയറ്റുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ. സ്ഥാനാർത്ഥി പര്യടനം പൂർത്തിയായ സാഹചര്യത്തിൽ കൂടുതൽ നേതാക്കളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങൾ തന്നെയാണ് മുഖ്യപ്രചാരണ പരിപാടി. ഇടതുമുന്നണിക്കായി മന്ത്രിമാർ വീടുകൾ കയറി വോട്ട് അഭ്യർത്ഥന ഊർജിതമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിൽ എത്തും. ബിജെപിയാകട്ടെ ഗൃഹസന്ദർശന പരിപാടിയിൽ സജീവമാണ്. കോൺഗ്രസ് സ്ഥാനാർത്ഥി വിജയകുമാറിന് വേണ്ടി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സജീവമാകും.

സിപിഐ മന്ത്രിമാരായ വി എസ്. സുനിൽ കുമാറും ഇ. ചന്ദ്രശേഖരനും കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നടത്തിയ ഭവനസന്ദർശനം സജി ചെറിയാന് ഏറെ സഹായകമായി. മൂവാറ്റുപുഴയിൽനിന്നുള്ള സിപിഐയുടെ യുവ എംഎ‍ൽഎ എൽദോ എബ്രഹാം വീടുകളിൽ കയറി അവരിലൊരാളായി മാറി പ്രചാരണം നടത്തി.