കോഴിക്കൊട്: ഉറങ്ങവെ ഹൃദയാഘാതം വന്ന് മരിച്ചെന്ന് വീട്ടുകാർ വിശ്വസിപ്പിച്ച ഗൃഹനാഥന്റെ മരണം ഒരു മാസം കഴിഞ്ഞപ്പോഴേക്കും അറും കൊലയെന്ന് വ്യക്തമാുന്നു. കഴിഞ്ഞ മാസം ഒൻപതാം തിയ്യതി സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കവെ മരണപ്പെട്ട കോഴിക്കോട് മൊകേരി വട്ടക്കണ്ടി മീത്തൽ ശ്രീധരൻ (47) കൊല്ലപ്പെട്ടതാണെന്ന സത്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കുണ്ടുതോട് സ്വദേശി ഗിരിജ (37), ഇവരുടെ അമ്മ ദേവി എന്നിവരെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലിൽ ശ്രീധരനെ കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ശ്രീധരനെ കൊലപ്പെടുത്താൻ ഇവരെ സഹായിച്ച ബംഗാളി യുവാവും പൊലീസ് വലയിലായതായി സൂചനയുണ്ട്. മുഖ്യപ്രതിയായ ഇയാളെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം പാലക്കാട്ടേക്ക് പോയിരുന്നു.

ഭാര്യയും ഭാര്യാ മാതാവും ചേർന്ന് ബംഗാളി യുവാവിന്റെ സഹായത്തോടെ ശ്രീധരൻ ഉറങ്ങിക്കിടന്നപ്പോൾ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഹൃദയാഘാതം കാരണമാണ് മരണമെന്ന് ഇവർ സമർഥമായി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. തുടർന്ന് സ്വാഭാവിക മരണമെന്ന് കരുതി പോസ്റ്റ്‌മോർട്ടം നടത്താതെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്. മൃതദേഹം കുളിപ്പിക്കമ്പോൾ കഴുത്തിൽ പാടുകളുള്ളതായി നാട്ടുകാർ കണ്ടത്തെിയിരുന്നു.

എന്നാൽ അന്ന് ആരും അതത്ര കാര്യമായി എടുത്തിരുന്നില്ല. ഗിരിജ ഗർഭിണിയായിരുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ശ്രധരനും ഗിരിജയും തമ്മിൽ തർക്കമുണ്ടായിരുന്നു. ശ്രീധരന്റെ മരണത്തിന് ശേഷം ഗിരിജ അബോർഷൻ നടത്തി. ഇതോടെയാണ് നാട്ടുകാർക്ക് സംശയം ബലപ്പെട്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ബംഗാളി യുവാവ് ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. ശ്രീധരന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ഇയാൾ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ താമസിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഈ യുവാവുമായി ഗിരിജയ്ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാമുകനെ സ്വന്തമാക്കാൻ തയ്യറാക്കിയ പദ്ധതിയുടെ ഭാഗമാണ് കൊലപാതകമെന്നാണ് കരുതുന്നത്.കൊലപാതകം തങ്ങളുടെ അറിവോടെയാണെന്ന് ഭാര്യയും ഭാര്യമാതാവും തുറന്നു പറഞ്ഞതായി പൊലീസ് പറഞ്ഞു. അതേ സമയം മറ്റാർക്കെങ്കിലും ഈ സ്ത്രീയുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പോസ്റ്റ് മോർട്ടം നടത്താതെയാണ് മൃതദേഹം സംസ്‌ക്കരിച്ചിരുന്നത്. കൊലപാതകമാണെന്ന് വ്യക്തമായതോടെ അടക്കം ചെയ്ത മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇന്ന് പുറത്തെടുക്കും. ശാന്തശീലനായ വ്യക്തിയായിരുന്നു ശ്രീധരനെന്നാണ് നാട്ടുകാർ പറയുന്നത്. അത്തരമൊരു മനുഷ്യനെ ഭാര്യ കൊലപ്പെടുത്തിയെന്ന സത്യം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.

സ്വഭാവദൂഷ്യമൊന്നുമില്ലാത്ത ഗൃഹനാഥനായിരുന്നു സാധാരണ തൊഴിലാളിയായ ശ്രീധരൻ. വീടെന്ന സ്വപ്നം ബാക്കി യാക്കിയാണ് ശ്രീധരൻ യാത്ര യായത്. വീട് ഉണ്ടാക്കാൻ വേണ്ടിയാണ് താൻ കുലി പണിക്ക് പോകുന്നതെന്ന് ശ്രീധരൻ പറയാറുണ്ടായിരുന്നത്രെ .ഈ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് കാമുകനായ ബംഗാളി യുവാവിനെ വിളിച്ച് വരുത്തി ഭാര്യ ഗിരിജ ഭർത്താവിനെ അരുംകൊല നടത്തിയത്.