- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയ ശ്രീധരൻപിള്ള സൗമ്യത കൈവിട്ടു; ശബരിമലയിൽ പോവാൻ ആഗ്രഹമുള്ള സ്ത്രീകളുണ്ടാവില്ലേ എന്ന മീഡിയാവൺ റിപ്പോർട്ടറുടെ ചോദ്യത്തിന് 'വെള്ളിപറമ്പ് പരിസരത്തുള്ള' ചിലരുണ്ടാവാമെന്ന് പരിഹാസത്തോടെയുള്ള മറുപടി; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സ്ത്രീ മാധ്യമപ്രവർത്തകരോട് കൊമ്പ് കോർത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ്
കോഴിക്കോട്: മാധ്യമപ്രവർത്തകരോട് ഉൾപ്പെടെ സൗമ്യമായി ഇടപെടുന്ന നേതാവാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരൻപിള്ള. എന്നാൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോഴിക്കോട് പ്രസ്‌ക്ലബിൽ നനടത്തിയ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ നിരന്തര ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയ അദ്ദേഹം അൽപ്പം പ്രകോപിതനായി. പരിഹാസം നിറഞ്ഞ മറുപടികളോടെയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. പ്രായഭേദമെന്യെ എല്ലാ സ്ത്രീകൾക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അപ്പോൾ ശബരിമലയിൽ പോവാൻ ആഗ്രഹമുള്ള സ്ത്രീകൾ ഉണ്ടാവില്ലേ എന്ന മീഡിയാ വൺ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനോടായിരുന്നു അസഹിഷ്ണുതയോടെയുള്ള പിള്ളയുടെ മറുപടി. പോവാൻ വെള്ളിപറമ്പിലുള്ള ചില സ്ത്രീകൾക്ക് ആഗ്രഹം കാണുമെന്നായിരുന്നു പരിഹാസത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി. കോഴിക്കോട് വെള്ളിപറമ്പിലാണ് മീഡിയാവൺ ഹെഡ്ക്വാർട്ട
കോഴിക്കോട്: മാധ്യമപ്രവർത്തകരോട് ഉൾപ്പെടെ സൗമ്യമായി ഇടപെടുന്ന നേതാവാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരൻപിള്ള. എന്നാൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോഴിക്കോട് പ്രസ്‌ക്ലബിൽ നനടത്തിയ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ നിരന്തര ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയ അദ്ദേഹം അൽപ്പം പ്രകോപിതനായി. പരിഹാസം നിറഞ്ഞ മറുപടികളോടെയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.
പ്രായഭേദമെന്യെ എല്ലാ സ്ത്രീകൾക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അപ്പോൾ ശബരിമലയിൽ പോവാൻ ആഗ്രഹമുള്ള സ്ത്രീകൾ ഉണ്ടാവില്ലേ എന്ന മീഡിയാ വൺ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനോടായിരുന്നു അസഹിഷ്ണുതയോടെയുള്ള പിള്ളയുടെ മറുപടി. പോവാൻ വെള്ളിപറമ്പിലുള്ള ചില സ്ത്രീകൾക്ക് ആഗ്രഹം കാണുമെന്നായിരുന്നു പരിഹാസത്തോടെയുള്ള അദ്ദേഹത്തിന്റെ മറുപടി. കോഴിക്കോട് വെള്ളിപറമ്പിലാണ് മീഡിയാവൺ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. കൃത്യമായൊരു ചോദ്യത്തിന് മറുപടിയില്ലാതെ മാധ്യമപ്രവർത്തകയെ അവഹേളിക്കുകയായിരുന്നു പിള്ളയെന്ന് മാധ്യമപ്രവർത്തകർക്കിടയിൽ വിമർശനം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ബിജെപിയുടെ മലക്കംമറച്ചിലിനെക്കുറിച്ച് വനിതാ മാധ്യമപ്രവർത്തകരായിരുന്നു നിരന്തരം ചോദ്യങ്ങൾ ചോദിച്ചത്. ഒടുവിൽ മൂന്ന് സ്ത്രീകളോട് ഒരേ സമയം ഏറ്റുമുട്ടാൻ തനിക്ക് ആവില്ലെന്നും പിള്ള പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ടൊരു വിധി വന്നിട്ട് തീരുമാനം കൈക്കൊള്ളാൻ വൈകിപ്പോയതെന്തേ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ഇക്കാര്യം താൻ നേരത്തെ വ്യക്തമാക്കിയതാണെന്നായിരുന്നു മറുപടി. എന്നാൽ നേരത്തെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പരിപാവനമായ ശബരിമല സന്നിധാനം സംഘർഷം കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കരുതെന്ന് മാത്രമാണ് താങ്കൾ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
ആർ എസ് എസ് ഇക്കാര്യത്തിൽ അനുകൂല നിലപാടാണല്ലോ സ്വീകരിക്കുന്നതെന്ന ചോദ്യത്തിനും അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ വിവേചനം പാടില്ലെന്ന് തന്നെയാണ് ആർ എസ് എസിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് കേരളത്തിൽ തങ്ങൾ നടത്തുന്ന പ്രക്ഷോഭം ആർ എസ് എസ് നിലപാടിന് വിരുദ്ധമല്ലെന്ന വിചിതമായ വാദവും അദ്ദേഹം ഉന്നയിച്ചു. സ്ത്രീ പ്രവേശനെത്തെ അനുകൂലിച്ച് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് സുരേന്ദ്രന്റെ അഭിപ്രായങ്ങളെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു പിള്ളയുടെ മറുപടി.
സുപ്രീം കോടതി വിധിയെക്കുറിച്ച് മൗനം പാലിച്ച് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ശ്രീധരൻ പിള്ള രംഗത്ത് വന്നത്. ശബരിമലയുടെ പ്രത്യേകതയെക്കുറിച്ചും പ്രതിഷ്ഠയുടെ സവിശേഷതയെക്കുറിച്ചും സുപ്രീം കോടതിയെ ധരിപ്പിക്കാൻ സർക്കാറോ ദേവസ്വം ബോർഡോ തയ്യാറായിട്ടില്ല. ക്ഷേത്ര സംരക്ഷണ സമിതിയും അയ്യപ്പ സേവാ സമാജവും റിവ്യു ഹർജി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ഓർഡിനൻസിലൂടെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാ സ്വാതന്ത്ര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്നതാണ് ബിജെപിയുടെ സമീപനമെന്ന് ശ്രീധരൻ പിള്ള തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ സമയം ഓരോ ക്ഷേത്രത്തിലും പരമ്പരാഗതമായി നിലനിന്ന് വരുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് മാറ്റം വരുത്തുന്നതിലൂടെ വിശ്വാസ സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടരുത് എന്നും അദ്ദേഹം പറയുന്നു. ഇത് രണ്ടും എങ്ങിനെ ചേർന്നുപോകും എന്ന് വ്യക്തമാക്കാൻ ശ്രീധരൻ പിള്ളയ്ക്കോ ബിജെപി നേതൃത്വത്തിനോ സാധിക്കുന്നുമില്ല.
സുപ്രീം കോടതി വിധിയെ ആർ എസ് എസ് സ്വാഗതം ചെയ്തതാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ നിലപാട് കൃത്യമായ നിലപാട് സ്വീകരിക്കാതെ നിൽക്കുകയായിരുന്നു ബിജെപി നേതൃത്വം. ഇതോടെ പാർട്ടി അണികൾ രോഷാകുലരായി. പലരും പാർട്ടി വിടുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മറ്റ് വഴികൾ ഇല്ലാതെ വന്നതോടെയാണ് കേരളത്തിലെ അവസ്ഥ ബിജെപി കേന്ദ്ര നേതൃത്വത്തെയും ആർ എസ് എസിനെയും ധരിപ്പിച്ച് കേരളത്തിൽ പേരിനെങ്കിലും പ്രക്ഷോഭം നടത്താൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം കൈക്കൊണ്ടത്.
കോടതിവിധിയെപ്പറ്റി മിണ്ടാതെ, ആർ എസ് എസ് നിലപാടിനെപ്പറ്റി പ്രതികരിക്കാതെ കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാറിനെ മാത്രം അനാവശ്യമായി പ്രതികൂട്ടിൽ നിർത്തിയുള്ള നാടകമാണ് ബിജെപി നടത്താൻ തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ പോയ ശ്രീധരൻ പിള്ള സംസ്ഥാനത്ത് പാർട്ടി അകപ്പെട്ട പ്രതിസന്ധിയെക്കുറിച്ച് നേതൃത്വത്തെ ധരിപ്പിക്കുകയായിരുന്നു. എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിയില്ലെങ്കിൽ ശക്തമായ തിരിച്ചടിയേൽക്കുമെന്നും നേതൃത്വത്തെ അദ്ദേഹം ധരിപ്പിച്ചു. അങ്ങിനെയാണ് ആർ എസ് എസ് നിലപാടിന് കോട്ടമുണ്ടാക്കാത്ത വിധത്തിൽ ഇവിടെയൊരു പ്രതിഷേധം നാടകം അവർ ആസൂത്രണം ചെയ്തത്. ഇത് വിശദമാക്കാനെത്തിയപ്പോഴാണ് പിള്ളയ്ക്ക് വനിതാ മാധ്യമപ്രവർത്തകരോട് കൊമ്പ് കോർക്കേണ്ടിവന്നത്.