ക്വിൻസി: ക്വിൻസി ഏഷ്യൻ റിസോഴ്‌സ് സംഘടിപ്പിക്കുന്ന ഏഷ്യൻ മൂൺ ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രാതിനിധ്യമായി പ്രമുഖ നർത്തകി ശ്രീജ ജയശങ്കറിന്റെ നൃത്തം അരങ്ങേറുന്നു. 

21 - നു ക്വിൻസിയിലുള്ള എംബിടിഎയാണ് ആഘോഷങ്ങൾക്ക് വേദിയാകുന്നത്.

ചൈനയിലെ പരമ്പരാഗത വിളവെടുപ്പ് ഉത്സവമാണ് മൂൺ ഫെസ്റ്റിവൽ. ചന്ദ്രന്റെ വ്യതിയാനത്തിന് ഋതു ഭേദവുമായി വളരെ അടുത്ത ബന്ധമുണെ്ടന്ന് ചൈനക്കാർ വിശ്വസിക്കുന്നു. പൂർണചന്ദ്രൻ ഉദിച്ചു നിൽക്കുമ്പോൾ കുടുംബാംഗങ്ങളും കൂട്ടുകാരും ഒത്തുകൂടി ഭക്ഷണം കഴിക്കുകയും അഘോഷിക്കുകയും ചെയ്യുന്ന അവസരമാണിത്. ശരത്കാലത്തിന്റെ മുന്നോടിയായി നടക്കുന്ന ഈ ഉത്സവത്തിൽ വിവിധ ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധൃമാർന്ന കലാസാംസ്‌കാരികപരിപാടികൾ അരങ്ങേറും. കൂടാതെ ഡ്രാഗണ് നൃത്തം, ലയൺ ഡാൻസ്, വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും മററ് കരകൗശല വസ്തുക്കളുടേയും പ്രദർശനം, ഭക്ഷണശാലകൾ, സന്നദ്ധസംഘടനകളുടെ ബൂത്തുകൾ, കുട്ടികൾക്കുവേണ്ടി പ്രത്യേക കലാകായികമത്സരങ്ങൾ എന്നിവ ഒരു ദിവസം നീണ്ടുനില്കുന്ന മേളയുടെ ഭാഗമാണ്.

വർണപൊലിമയാർന്ന ഈ വിസ്മയകാഴ്‌ച്ചകൾക്കൊപ്പം കലാകേരളത്തിന്റെ ഒരേയൊരു ശാസ്ത്രീയ നൃത്തകലയായ മോഹിനിയാട്ടവും ഭരതനാട്യവും സമന്വയിപ്പിച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയ നൃത്താവതരണവുമായി എത്തുകയാണ് ശ്രീജ ജയശങ്കർ.

കഴിഞ്ഞ നാലു വർഷമായി ക്വിൻസിയിൽ കുടുംബസമേതം താമസിക്കുന്ന ശ്രീജ കുറഞ്ഞ കാലയളവിനുള്ളിൽ അമേരിക്കയിലെ വിവിധ സ്റ്റേജുകളിൽ നൃത്തപരിപാടികൾ ചിട്ടപ്പെടുത്തി അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റുപറ്റിയിട്ടുണ്ട്. വളരെ ചെറിയ പ്രായം മുതൽ പ്രഗത്ഭരും പ്രശദ്ധരുമായ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി എന്നീ നൃത്തരൂപങ്ങൾ ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. കൂടാതെ വിവിധ ഇൻഡോ അമേരിക്കൻ കലാസാംസ്‌കാരിക സംഘടനകളുടെ ഭാഗമായി നിരവധി നൃത്തങ്ങൾ ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയും, വിവിധ കലാമത്സരങ്ങളുടെ വിധികർത്താവ്, നൃത്ത സംവിധായിക എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. നൃത്തം ജീവശ്വാസമാക്കിയ അതിനായി ആഹോരാത്രം യത്‌നിക്കുന്ന ശ്രീജ, നൃത്തത്തിലൂടെ ഇന്ത്യയുടെ കലാസാംസ്‌കാരിക പൈതൃകം ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുവാനും അതിലൂടെ പുത്തൻ തലമുറയ്ക്ക് അറിവുപകരാനും ആഗ്രഹിക്കുന്നു.