- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവ്യാ മാധവനെ സംശയ നിഴലിലുള്ള സാക്ഷിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് തലപ്പത്ത് മാറ്റം; ഐസ്‌ക്രീം കേസിലെ 'ഇടപെടൽ' വീണ്ടും; രാമൻപിള്ള വക്കീലിനെ പ്രതിയാക്കാനുള്ള ആലോചനയും തിരിച്ചടിയായി; ശ്രീജിത്തിനെ മാറ്റുന്നതിന്റെ ആശ്വാസം ദിലീപിനോ?
തിരുവനന്തപുരം: പൊലീസിൽ പി ശശി പിടിമുറുക്കി. ഇനി എല്ലാം മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയായ ശശി തീരുമാനിക്കും. പൊലീസിലെ മാറ്റങ്ങൾ പോലും ശശിയുടെ തീരുമാനം അനുസരിച്ചാണ്. വിജിലൻസ്, ക്രൈംബ്രാഞ്ച്, ജയിൽ തലപ്പത്ത് മാറ്റം വരുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ആശ്വാസം കിട്ടുന്നത് നടൻ ദിലീപിനാണ്. ഇകെ നയനാരുടെ മന്ത്രിസഭയിലും പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി ശശി. അന്ന് ഐസ്‌ക്രീം കേസിൽ പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂല തീരുമാനം എടുത്തത് ശശിയാണെന്ന ആരോപണം രാഷ്ട്രീയമായി ഉയർന്നിരുന്നു. എന്നാൽ സിപിഎം അത് നിഷേധിച്ചു. പിന്നീട് വീണ്ടും ശശി ആ സ്ഥാനത്ത് എത്തുമ്പോഴും അതിവേഗം പൊലീസിൽ പിടി മുറുക്കുകയാണ് ശശി.
വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെ ജയിൽ ഡിജിപിയായി നിയമിച്ചു. ജയിൽ വകുപ്പിൽ വിജിലൻസ് ഡയറക്ടർക്കു തുല്യമായ പദവിയിൽ എക്‌സ് കേഡർ ഡിജിപി തസ്തിക സൃഷ്ടിച്ചാണു നിയമനം. ഗതാഗത കമ്മിഷണർ എം.ആർ.അജിത് കുമാറാണു പുതിയ വിജിലൻസ് മേധാവി. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ ഗതാഗത കമ്മിഷണറാക്കി. നിലവിലെ ജയിൽവകുപ്പ് മേധാവി ഷേക്ക് ദർവേഷ് സാഹേബ് ആണു പുതിയ ക്രൈംബ്രാഞ്ച് മേധാവി. ആരും പ്രതീക്ഷിക്കാത്തതായിരുന്നു ഈ മാറ്റങ്ങൾ. പിണറായി സർക്കാരുമായി ചേർന്ന് നിന്ന് പ്രവർത്തിച്ച ഓഫീസറാണ് ശ്രീജിത്ത്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റിയത് ദിലീപിന് ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ദിലീപ് കേസ് പുരോഗമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് തലപ്പത്തെ മാറ്റമെന്നത് ശ്രദ്ധേയമാണ്. പൊലീസിനെതിരെ കടുത്ത പരാതികളുയരുന്നതും സ്ഥാനമാറ്റങ്ങളെ ശ്രദ്ധേയമാക്കുന്നു. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം അതിശക്തമായി നീങ്ങുകയായിരുന്നു. പല തെളിവുകളും പുറത്ത് വിട്ട് ദിലീപിനെ സമ്മർദ്ദത്തിലാക്കി. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതു പോലും പരിഗണനയിലായിരുന്നു. അഭിഭാഷകനായ രാമൻപിള്ളയെ ചോദ്യം ചെയ്യാനും ആലോചനകളുണ്ടായിരുന്നു. സാക്ഷികളെ കൂറുമാറ്റിയ കേസിൽ അഭിഭാഷകർ പലരും പ്രതികളാകുമോ എന്ന സംശയവും എത്തി. ഇതിനിടെയാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്ന് മാറ്റുന്നത്. ഇത് കേസ് അന്വേഷണത്തെ എങ്ങനെ ബാധിക്കുമെന്നതാണ് നിർണ്ണായകം.
പി ശശിയും അഭിഭാഷകനാണ്. അതുകൊണ്ട് തന്നെ ദിലീപ് കേസിൽ അഭിഭാഷകരുടെ പരാതികളും ആകുലതകളും ഗൗരവത്തോടെ എടുത്തു. രാമൻപിള്ളയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങളും ശ്രീജിത്തിന് വിനയായി എന്ന വിലയിരുത്തൽ സജീവമാണ്. കുറച്ചു കാലമായി പൊലീസ് ആസ്ഥാനത്ത് നിർണ്ണായക ഉത്തരവാദിത്വം ഉണ്ടെന്ന് ഏവരും കരുതിയ ശ്രീജിത്തിനെയാണ് മോട്ടോർ വാഹന വകുപ്പിലേക്ക് മാറ്റുന്നത്. എംആർ അജിത് കുമാറിന് അതി നിർണ്ണായക പദവിയും ലഭിക്കുന്നു. പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അജിത് കുമാറിന് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നത് ഇത് ആദ്യമായാണ്. നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദർവേഷ് സാഹേബ് എങ്ങനെ മുമ്പോട്ടു പോകുമെന്നതാണ് നിർണ്ണായകം.
മുമ്പും ക്രൈംബ്രാഞ്ചിന്റെ ചുമതലകൾ ഷേക്ക് ദർവേഷ് സാഹേബിനെ തേടി എത്തിയിട്ടുണ്ട്. കേരളാ പൊലീസിലെ മാന്യതയുടെ മുഖമാണ് ഷേക്ക് ദർവേഷ് സാഹേബ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിവാദങ്ങളുണ്ടാക്കി പേരെടുക്കാൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെന്ന് ഏവരും പറയുന്ന വ്യക്തി. അതുകൊണ്ട് തന്നെ ദിലീപ് കേസിനെ ഇനി എങ്ങനെ പുതിയ മേധാവി സമീപിക്കുമെന്നതാണ് നിർണ്ണായകം. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിൽ കോടതി നൽകിയ സമര പരിധിക്കുള്ളിൽ ക്രൈംബ്രാഞ്ച് ഇനി എന്തെല്ലാം ചെയ്യുമെന്നതാണ് നിർണ്ണായകം. കാവ്യാ മാധവന് സാക്ഷിക്ക് അപ്പുറമുള്ള പരിഗണനയിൽ സംശയ നിഴലിലുള്ള വ്യക്തിയായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമോ എന്നതാണ് നിർണ്ണായകം.
പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിക്കൊണ്ടുള്ള തീരുമാനത്തിൽ പുകഞ്ഞ് സിപിഎം വിവാദത്തിലായിരുന്നു. ദീർഘകാലം പാർട്ടിയിൽ നിന്ന് പുറത്തായിരുന്ന ശശിക്ക് ഉയർന്ന പദവി നൽകിയതിനെതിരെയാണ് ഒരു വിഭാഗം നേതാക്കൾ അതൃപ്തിയറിച്ചിരിക്കുന്നത്. പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി നിയമിക്കുന്നതിനെതിരെ പി. ജയരാജൻ വിമർശനം ഉയർത്തിയിരുന്നു. ശശിക്ക് നിയമനം നൽകുന്നത് എന്തിന്റെ പേരിലാണെന്നതു വിശദീകരിക്കണമെന്നും സൂക്ഷ്മതയില്ലാത്ത തീരുമാനത്തിന്റെ പേരിൽ വീഴ്ചകൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാനസമിതി യോഗത്തിൽ പി. ജയരാജൻ തുറന്നടിച്ചതായാണ് പുറത്തുവന്ന വിവരം. ഇത് ജയരാജൻ തന്നെ പിന്നീട് നിഷേധിച്ചു.
തുടർന്നും മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ വന്നതോടെ വിശദീകരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തന്നെ രംഗത്തെത്തി. പി.ശശിയുടെ നിയമനം പാർട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് അംഗീകരിച്ചതെന്നും മറിച്ചുള്ള റിപ്പോർട്ടുകളെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പലവിധ അഭിപ്രായങ്ങളുണ്ടാകാം, പക്ഷെ തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ഇ.പി വ്യക്തമാക്കി. പാർട്ടിയിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് പറയാൻ കഴിയില്ല. തീരുമാനം ഏകകണ്ഠം. താനും തീരുമാനത്തിന്റെ ഭാഗമാണ്. ശശി ഭരണപരിചയമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.
പുത്തലത്ത് ദിനേശനായിരുന്നു പിണറായി മുഖ്യമന്ത്രിയായ ശേഷം പൊളിറ്റിക്കൽ സെക്രട്ടറി. പുത്തലേത്തിനെ മാറ്റിയാണ് ശശിയെ പൊളിറ്റക്കിൽ സെക്രട്ടറിയാക്കിയത്. ദേശാഭിമാനി പത്രാധിപരായി കോടിയേരിക്ക് പകരം പുത്തലത്ത് ദിനേശനെയും സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ