കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാലുപൊലീസുകാർക്കെതിരെ നടപടി. പറവൂർ സിഐ ക്രിസ്റ്റിൻ സാം അടക്കം നാലുപേർക്കാണ് സസ്‌പെൻഷൻ. വരാപ്പുഴ എസ്‌ഐ ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയാണ് സസപെൻഡ് ചെയ്തത്. സസ്‌പെൻഷനിലായ മൂന്ന് പാലീസുകാർക്ക് പുറമെ നാല് പൊലീസുകാർക്കെതിരായ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഐ.ജി എസ് ശ്രീജിത്ത് വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി മൊഴിയെടുത്തു. നിലവിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശ്രീജിത്തിന്റെ വീട്ടിലെത്തി അമ്മയുടേയും ഭാര്യയുടേയും മൊഴിയെടുത്തിരുന്നു.

അതേസമയം, പറവൂർ സിഐ ക്രിസ്റ്റിൻ സാമിനെതിരെയും നടപടിക്ക് ശുപാർശയുള്ളതായി റിപ്പോർട്ടുണ്ട്.മനുഷ്യാവകാശ കമ്മീഷൻ വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി ഇന്ന് തെളിവെടുപ്പ് നടത്തി.പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസ് ആവശ്യപ്പെട്ടു..ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്്. പരാതിക്കാരൻ വിനീഷിന്റെ പ്രാഥമിക മൊഴിയിൽ ശ്രീജിത്തിന്റെ പേരില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വിഷയത്തിൽ ലോകായുക്ത ഇടപെട്ടു. എറണാകുളം റൂറൽ എസ്‌പിയും, എസ്‌ഐയും ഹാജരാകാൻ ലോകായുക്ത ഉത്തരവിട്ടു.കേസിന്റെ വിവരങ്ങൾ ഉൾപ്പടെ ഈ മാസം 22 ന് ഹാജരാക്കാൻ ലോകായുക്ത നിർദ്ദേശം നൽകി.

വരാപ്പുഴയിൽ വീട് കയറി ആക്രമിച്ചതിന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായി പൊലീസ് കസ്റ്റഡിയിൽ എടുത്ത ശ്രീജിത്ത് തിങ്കളാഴ്ചയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്തിന് ക്രൂരമർദ്ദനം ഏറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കസ്റ്റഡി മർദ്ദനമെന്ന ബന്ധുക്കളുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീജിത്ത് ഉൾപ്പെടെ പതിനഞ്ചോളം വരുന്ന അക്രമികൾ വാസുദേവനെ വീട്ടിൽ കയറി ആക്രമിച്ചുവെന്നാണ് കേസ്. ഇതിൽ മനംനൊന്ത് വാസുദേവൻ ജീവനൊടുക്കിയതോടെയാണ് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ആരോഗ്യനില വഷളായ ശ്രീജിത്തിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ മരണം സംഭവിച്ചു.

ഏറെ വിവാദമായ സംഭവത്തിൽ ഐ.ജി ശ്രീജിത്തിനെ ഡി.ജി.പി അന്വേഷണ ചുമതല ഏൽപ്പിക്കുകയായിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തതിന് പുറമെ മറ്റ് പൊലീസുകാരെയും ശ്രീജിത്തിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.