കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പന്ത്രണ്ടാം പ്രതി ശ്രീജിത്ത് മരിച്ച സംഭവത്തിന് പിന്നിൽ പൊലീസിന്റെ മൂന്നാം മുറയെന്ന ആരോപണവുമായി ബന്ധുക്കൾ. പൊലീസ് മർദ്ദനത്തിൽ തന്നെയാണ് യുവാവ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. വെള്ളിയാഴ്ച രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് വീടിനുള്ളിൽ ഉിങ്ങിക്കിടന്ന ശ്രീജിത്തിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുക ആയിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പുറത്തേക്ക് വലിച്ചിഴച്ച് ബൂട്ടിട്ട് വയറ്റിൽ തൊഴിക്കുകയാണ് പൊലീസുകാർ ചെയ്തതെന്നാണ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ സഹോദരനും അമ്മയും ആരോപിക്കുന്നത്.

മർദ്ദിച്ച് അവശനാക്കിയ ശേഷം പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിറ്റേ ദിവസം ബന്ധുക്കൾ സ്റ്റേഷനിലെത്തിയപ്പോൾ വയർ പൊത്തിപ്പിടിച്ച് കുനിഞ്ഞിരിക്കുന്ന ശ്രീജിത്തിനെയാണ് കാണുന്നത്. ഈ സമയം ബന്ധുക്കളോട് കുടിക്കാൻ വെള്ളം വേണമെന്നാവശ്യപ്പെട്ടപ്പോൾ അത് നൽകാൻ പൊലീസ് അനുവദിച്ചില്ലെന്ന് ശ്രീജിത്തിന്റെ അമ്മ പറയുന്നു. വൈകുന്നേരത്തോടെയാണ് തീരെ അവശനായ ഇയാളെ പൊലീസ് കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത്.

എന്നാൽ ശ്രീജിത്തിന്റെ ആവശ്യപ്രകാരം ആസ്റ്റർ മെഡ് സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടുത്തെ പരിശോധനയിൽ ആന്തരികമായി രക്ത സ്രാവം ഉണ്ടായതായി കണ്ടെത്തി. കൂടുതൽ പരിശോധനയിൽ കുടൽ പൊട്ടിയതായി കണ്ടെത്തി. തുടർന്ന് ഇന്നലെ രാവിലെ ശസ്ത്ര ക്രിയ നടത്തുകയായിരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയതിന് ശേഷം ഇന്ന് ഉച്ചയോടെ കടുത്ത രക്തസ്രാവം ഉണ്ടാകുകയിരുന്നു. ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നാണ് സഹോദരൻ രഞ്ജിത്ത് ആരോപിക്കുന്നത്.

അതേസമയം സംഭവത്തിന് രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്. ബിജെപി പ്രതിഷേധ ഹർത്താലിന് നാളെ ആഹ്വാനം ചെയ്തിട്ടുണ്ട്. വരാപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കാനാണ് ആഹ്വാനം. സംഭവത്തിൽ വരാപ്പുഴയിൽ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പൊലീസ് സ്‌റ്റേഷനിലേക്ക് ബിജെപി പ്രവർത്തകൻ ഇന്ന് മാർച്ച് നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തോടെയാണ് ഈ പ്രതിഷേധത്തെ പൊലീസ് നേരിട്ടത്. അതേസമയം സംഭവത്തിൽ അസ്വഭാവിക മരണത്തിന് അന്വേഷണം നടത്താൻ എറണാകുളം റേഞ്ച് ഐജി അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. ശ്രീജിത്തിന് ക്രൂര മർദ്ദനമേറ്റെന്ന ബന്ധുക്കളുടെ മൊഴിയും മനുഷ്യാവകാശ കമ്മീഷൻ നിലപാടും കേസിൽ നിർണായകമാണ്.

മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹൻദാസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നേരിട്ടെത്തിയാണ് ശ്രീജിത്തിന്റെ ആരോഗ്യനില വിലയിരുത്തിയത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന ശ്രീജിത്തിന്റെ ചികിൽസ സംബന്ധിച്ച് ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ കേസ് അന്വഷിക്കണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വൈകുന്നേരം 7 മണിയോടെ മരണം സംഭവിക്കുകയും ചെയ്തു.

എറണാകുളം വരാപ്പുഴയിൽ വീട് ആക്രമിച്ചതിനെ തുടർന്ന് ഗൃഹനാഥൻ തൂങ്ങിമരിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്നു പ്രതി ശ്രീജിത് മരിച്ചു. കേസിലെ 12ാം പ്രതിയാണെന്നാണ് ശ്രീജിത്ത് എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ്ശ്രീജിത്ത് തീർത്തും നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് ബന്ധുക്കളും പറയുരുന്നു. വരാപ്പുഴയിൽ യുവാവിനെ പൊലീസ് മർദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. അതിന് പിന്നാലെയാമ് മരണം സംഭവിക്കുന്നത്. അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കാൻ കമ്മിഷൻ ഡിജിപിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. വരാപ്പുഴസ്വദേശി വാസുദേവൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ശ്രീജിത്താണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് വരാപ്പുഴ സ്വദേശി വാസുദേവന്റെ വീട് ഒരു സംഘം ആക്രമിച്ചത് . ഇതിൽ മനംനൊന്ത് വാസുദേവൻ ജീവനൊടുക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ശ്രീജിത്ത് അടക്കം 14പേരെ പൊലീസ് കസ്റ്റഡിയിലടുക്കുന്നത് . കടുത്തവയറുവേദനയെ തുടർന്ന് പൊലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ശ്രീജിത്തിനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.