കൊച്ചി: ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനെതിരെ ഇടക്കാലത്തിന് ശേഷം സൈബർ ലോകത്ത് വ്യാജ പ്രചരണം ശക്തമായി. ശ്രീജിത്തിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു എന്ന വിധത്തിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. ക്രൈംബ്രാഞ്ച് ചാർജ്ജു ചെയ്ത് കേസിലെ പ്രതി കൊടുത്ത പരാതിയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു പ്രചരണം തുടങ്ങിയത്. കേസിൽ ഐജി ശ്രീജിത്തിനെ അറസ്റ്റു ചെയ്യേണ്ടി വരുമെന്ന് പറഞ്ഞാണ് സൈബർ ലോകത്ത് പ്രചരണം നടക്കുന്നത്.

വ്യാജ പവർ ഓഫ് അറ്റോണി ഉപയോഗിച്ച് ഭൂമി തട്ടിയെടുത്ത ആൾ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു എന്ന വിധത്തിലാണ് വാർത്തകൾ. വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് ഭൂമി തട്ടിയെടുത്ത പി വി വിജു എന്നയാൾ നൽകിയ പരാതി കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഈ കേസുമായി ബന്ധപ്പെട്ട ഒരു സിറ്റിംഗിൽ ഐജിക്ക് ഹാജരാകാൻ സാധിച്ചിരുന്നില്ല.

പകരം അഭിഭാഷകനെ ചുമതലപ്പെടുത്തുകയാണ് ഐജി ചെയ്തത്. എന്നാൽ, കോടതിയിൽ വക്കീൽ എത്താൻ വൈകിയതോടെ ഐജിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് വക്കീൽ എത്തിയതോടെ ശ്രീജിത്തിനെതിരെ പുറപ്പെടുവിച്ച വാറണ്ട് കോടതി പിൻവലിക്കുകയും ചെയ്തു. എന്നാൽ, മുൻകാലങ്ങളിൽ ശ്രീജിത്തിനെതിരെ പ്രചരണം നടത്തിയ ടീം ഈ അവസരം മുതലാക്കി സൈബർ ലോകത്ത് പ്രചരണം നടത്തുകയായിരുന്നു.

വെണ്ണല ജനതാ റോഡിലെ വസ്തു കയ്യേറിയ സംഭവവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതെന്നാണ് പ്രചരണം നടക്കുന്നത്. ശ്രീജിത്ത് കോട്ടയം എസ്‌പിയായിരിക്കെ തന്റെ അധികാര പരിധിയിലില്ലാത്ത എറണാകുളത്ത് അധികാര ദുർവിനിയോഗം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജു പരാതി കോടതിയിൽ നൽകിയത്. വ്യാജ പവർ ഓഫ് അറ്റോണി തയ്യാറക്കി ഭൂമി തട്ടിയെടുത്ത കേസിൽ ക്രൈംബ്രാഞ്ച് പ്രതിയാണെന്ന് കണ്ടെത്തിയ വ്യക്തിയാണ് വിജു. തട്ടിപ്പു പുറത്തുവന്നപ്പോഴാണ് വിഷയത്തിൽ ഇടപെട്ട ശ്രീജിത്തിനെതിരെ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത കോടതി തുടർ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.

കേസിന്റെ വിചാരണാ വേളയിൽ ഔദ്യോഗിക ജോലിയുടെ ഭാഗമായുള്ള തിരക്കുകൾ കാരണമാണ് കോടതിയിൽ ഹാജരാകാൻ ശ്രീജിത്തിന് കഴിയാതെ പോയതെന്നാണ് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്. ഇതോടെയാണ് വാറണ്ട് പിൻവലിക്കുന്ന ഘട്ടമുണ്ടായതും. ഇതാണ് വസ്തുത എന്നിരിക്കേയാണ് കിട്ടിയ അവസരം മുതലാക്കി ശ്രീജിത്തിനെതിരെ രംഗത്തുള്ളവർ സൈബർ ലോകത്ത് പ്രചരണം ആരംഭിച്ചത്.