തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ മകൻ നിരാഹാരം കിടക്കുന്നതും മറ്റൊരു മകൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച വിവരവും മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാൻ ചെന്ന ശ്രീജിത്തിന്റെ അമ്മ രമണിയെ മുഖ്യമന്ത്രിയെ കാണിക്കാതെ മടക്കിയയച്ച വിവരം സോഷ്യൽ മീഡിയയിൽ കോൺഗ്രസ് -സിപിഎം പ്രവർത്തകർക്കിടയിൽ വാക്കേറ്റത്തിന് വഴിവെച്ചിരുന്നു. ശ്രീജിത്തിനെ കാണാൻ അനുവദിക്കാത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് വരുത്തി തീർക്കാൻ സിപിഎം സൈബർ പോരാളികൾ വളരെ കഷ്ടപ്പെട്ടു. കാണാൻ കൂട്ടാക്കാത്ത മുഖ്യമന്ത്രി പിണറായി ആണെന്ന വാർത്ത ഏഷ്യാനെറ്റ് പുറത്തുവിട്ടപ്പോൾ അല്ല, അത് ഉമ്മൻ ചാണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് സൈബർ പോരാളികൾ കവചം തീർത്ത് രംഗത്തത്തി.

എന്നാൽ, ഇതിന് പിന്നാലെ കാണാൻ വിസമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് ആവർത്തിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് വീണ്ടും വീഡിയോ പുറത്തുവിട്ടത്. ശ്രീജിത്തിന്റെ അമ്മ രമണി പറയുന്ന ബൈറ്റ് സഹിതമായിരുന്നു ഏഷ്യാനെറ്റിന്റെ വാർത്ത. എന്നാൽ, രമണി അങ്ങനെ പറഞ്ഞിട്ടില്ലെന്നും വെറും ഡബ്ബിംഗാണെന്നും പറഞ്ഞു സൈബർ സഖാക്കൾ പ്രതിരോധം തീർത്തു. സൈബർ ലോകത്ത് വീണ്ടും ഉമ്മൻ ചാണ്ടിയെ ചാരി പിണറായിയെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ, സിപിഎം സൈബർ പോരാളികളുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കി രമണ മറുനാടനോടും മനസു തുറന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം കാണാൻ അനുമതി നൽകാതിരുന്നതെന്ന് ശ്രീജിത്തിന്റെ അമ്മ മറുനാടൻ മലയാളിയോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും നീതി ലഭിക്കുമെന്ന കാര്യത്തിൽ തനിക്ക് പകുതി പ്രതീക്ഷ മാത്രമെയുള്ളുവെന്നും അവർ മറുനാടന് നൽകിയ വീഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി.

കാലങ്ങളോളം മകൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടന്നത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഇപ്പോഴും ആ വേദന പൂർണമായും മാറിയിട്ടില്ല. ഒരു മകൻ നഷ്ടപെട്ട എനിക്ക് ഇപ്പോൾ ശ്രീജിത്തിന് ഇത്രയും പേർ പിന്തുണ നൽകിയത് കാണുമ്പോൾ എല്ലാവരേയും എന്റെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. ഈ പിന്തുണയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷവുമുണ്ട്. മുഖ്യമന്ത്രിയെ ആദ്യമായി കാണാൻ ശ്രമിക്കുന്നത് ശ്രീജിത്തിന്റെ സമരം ഏതാണ്ട് ഒരു വർഷം പൂർത്തിയാകാറായപ്പോഴാണ്. എന്നാൽ അന്ന് അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.

രണ്ട് തവണയാണ് മുഖ്യമന്ത്രിയെ കാണാൻ രമണി ശ്രമിച്ചത്. ഒരിക്കൽ ഒറ്റയ്ക്കും മറ്റൊരിക്കൽ മകൻ ശ്രീജിത്തിനൊപ്പവും. ആദ്യത്തെ തവണ ചെല്ലുമ്പോൾ മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. രണ്ടാമത് മകൻ ശ്രീജിത്തുമൊത്ത് ഇവിടെ പോയപ്പോൾ ഏകദേശം ഏഴര മണിക്കൂറോളം മുഖ്യമന്ത്രിയെ കാത്തിരിക്കേണ്ടി വന്നുവെന്നും എന്നിട്ടും കാണാനായില്ലെന്നും രമണി പറയുന്നു. മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത. ഒരു ആറ് മാസം മുൻപായിരുന്നു അത്. മുഖ്യമന്ത്രി എന്തോ ഒരു മീറ്റിങ്ങിലാണെന്നും 56 മണി വരെ കാത്തിരിക്കാനും ആദ്യം പറഞ്ഞു.

5 മണിയോടെ പുറത്ത് എന്തോ ഒരു പരിപാടിക്ക് പോയ മുഖ്യമന്ത്രി പിന്നെ രാത്രി എട്ടര മണിയോടെയാണ് മടങ്ങിയെത്തിയത്. പിന്നീട് 9 മണി കഴിഞ്ഞിട്ടും വിളിപ്പിക്കാത്തത് കാരണം ശ്രീജിത്ത് എന്നോട് പോകാം എന്ന് പറയുകയായിരുന്നു.സമരം ചെയ്യുന്ന മകന്റെ അവസ്ഥ വിവരിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. എന്നാൽ മീറ്റിങ്ങിൽ ആണ്, തിരക്കിലാണ് എന്നെല്ലാം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അധികൃതർ അനുവദിച്ചില്ലെന്ന് രമണി മറുനാടനോട് പറയുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകി മടങ്ങാനാണ് അധികൃതർ അന്ന് അറിയിച്ചത്. പിറ്റേന്ന് എംഎൽഎ വിളിച്ചു പറഞ്ഞത് അനുസരിച്ച് വീണ്ടും കാണാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ കണ്ടതൊഴിച്ചാൽ സന്ദർശനം അന്നും നടന്നില്ല.പരാതി പിണറായി വിജയനെ ബോധിപ്പിച്ചേക്കാം എന്ന് ജയരാജന്റെ മറുപടി ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയെ കാണാതെ മടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ അമ്മയ്ക്ക് മുഖ്യമന്ത്രി സന്ദർശനം അനുവദിച്ചിരുന്നു. ഈ സമയത്ത് തനിക്ക് മുൻപ് സന്ദർശനം നിഷേധിച്ച കാര്യം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. അവർക്ക് കടത്തിവിടാൻ അധികാരമുണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നാണ് അഭിമുഖത്തിൽ അവർ പറയുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ക്ലിഫ് ഹൗസിൽ പോയി കണ്ടു. എന്നാൽ കേസിൽ അന്വേഷണം നടക്കുന്നതിനാൽ സന്ദർശനം കൊണ്ട് പ്രയോജനം ലഭിച്ചില്ലെന്നും ശ്രീജിത്തിന്റെ അമ്മ പറഞ്ഞു.

നേരത്തെ ഏഷ്യാനെറ്റിന്റെ വാർത്തകണ്ട് പോസ്റ്റിട്ട ഡീൻ കുര്യാക്കോസും ടി സിദ്ധിഖും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് എന്നു പറഞ്ഞുള്ള സൈബർ ആക്രമണത്തെ തുടർന്ന് പോസ്റ്റ് പിൻവലിക്കുകയുമുണ്ടായി. എന്നാൽ, ഏതു മുഖ്യമന്ത്രിയാണ് ശ്രീജിത്തിന്റെ അമ്മയെ കാണാൻ അനുവദിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരമായി. എന്നിട്ടും അംഗീകരിക്കാൻ സൈബർ പോരാളികൾ തയ്യാറായില്ല. രമണിയുടേതായ ശബ്ദരേഖ ഡബ്ബിംഗാണെന്ന് പറഞ്ഞായിരുന്നു അവർ പ്രതിരോധം തീർത്തത്.

അതേസമയം ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ ദുരുഹമരണം സിബിഐ അന്വേഷിക്കണമെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ അമ്മ ഗവർണർ പി സദാശിവത്തെ കണ്ടു.