വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധമുള്ള പൊലീസുകാരെ രക്ഷിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സൂചനകൾ. ഇതിനായി മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് വരുത്തിയും ശ്രീജിത്തിനെ എത്തിച്ച സമയവും സാഹചര്യവുമെല്ലാം തിരിച്ചുംമറിച്ചും പറഞ്ഞുമാണ് നീക്കങ്ങൾ നടക്കുന്നത്. മാത്രമല്ല, ശ്രീജിത്ത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച സംഘത്തിൽ ശ്രീജിത്ത് ഉണ്ടെന്ന് വാസുദേവന്റെ മകൻ വിനീഷ് മൊഴി നൽകിയെന്ന് വരുത്താനും ആസൂത്രിത ശ്രമം നടന്നതായി പുതിയ വിവരങ്ങളും പുറത്തുവരുന്നു.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സംഘത്തിന്റെ ചെയ്തികളാണ് മരണകാരണമെന്ന് സ്റ്റേഷനിലെ പൊലീസുകാരും തങ്ങളല്ല കുറ്റക്കാരെന്ന് ടൈഗർ സ്‌ക്വാഡുകാരും പറയുന്നതോടെ കേസന്വേഷണം കൂടുതൽ സങ്കീർണമാകുകയാണ്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെയാണ് മൊഴികളിലെ വൈരുദ്ധ്യം ചർച്ചയാകുന്നതും. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക ഹാജരാക്കിയതിൽ ഡോക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്തപ്പോൾ ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് വാദിക്കാനും ശ്രമം തുടങ്ങി.

വീടിന്റെ വരാന്തയിൽ കിടക്കുകയായിരുന്ന ശ്രീജിത്തിനെ ഏപ്രിൽ ആറിന് രാത്രി 10.30-ഓടെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ സജിത്ത് പറഞ്ഞത്. മഫ്ടിയിലെത്തിയവരാണ് തന്നെയും ശ്രീജിത്തിനെയും കൊണ്ടുപോയതെന്നും മിനിറ്റുകൾക്കകം ഇരുവരെയും ലോക്കൽ പൊലീസിന് കൈമാറിയെന്നും സജിത്ത് പറയുന്നു. എന്നാൽ ഇത് നിഷേധിക്കുകയാണ് ലോക്കൽ പൊലീസ്. ആദ്യഘട്ട അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരേയാണ് ഐജി ശ്രീജിത്തിന്റെ അന്വേഷണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്.

സിഐയും എസ്‌ഐം ഉൾപ്പെടെ ആരോപണവിധേയരായ സംഭവത്തിൽ റൂറൽ എസ്‌പിയുടെ ടൈഗർ സ്‌ക്വാഡിന് എതിരെയും ആരോപണം ശക്തമാണ്. അവരാണ് കസ്റ്റഡിയിലെടുത്തത് എന്നതിനാൽ അവർക്കാണ് ഉത്തരവാദിത്തമെന്ന് സ്റ്റേഷനിലെ പൊലീസുകാർ വാദിക്കുന്നു. എന്നാൽ മറിച്ചാണ് കാര്യങ്ങളെന്നാണ് ടൈഗർ സ്‌ക്വാഡുകാർ പറയുന്നത്. ഇതോടൊപ്പം മൊഴികളിലെ വൈരുദ്ധ്യം കൂടി ചൂണ്ടിക്കാട്ടി രക്ഷപ്പെടാൻ പഴുതുണ്ടാക്കുകയാണ് ഇപ്പോൾ എന്നാണ് സൂചനകൾ. ഇതോടെ പൊലീസുകാർക്ക് എതിരായ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും ശക്തമായി. പരസ്പരം പഴിചാരിയും തെളിവുകൾ നശിപ്പിച്ചും പൊലീസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു എന്ന ആക്ഷേപമാണ് നാട്ടുകാരും ഉന്നയിക്കുന്നത്.

ടൈഗർ ഫോഴ്‌സിന് പങ്കുണ്ടെന്നും ഇല്ലെന്നും വാദങ്ങൾ

മഫ്ടിയിലെത്തിയ ടൈഗർ ഫോഴ്സിന്റെ കാറിലാണ് പ്രതികളെ കൊണ്ടുപോയതെന്നും അതിൽ വരാപ്പുഴ സ്റ്റേഷനിലെത്തിച്ചതിന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നയാളും ഒരു എഎസ്ഐ.യും സാക്ഷിയാണെന്നും ലോക്കൽ പൊലീസ് പറയുന്നു. മറ്റു നാലു പ്രതികളെ കസ്റ്റഡിയിലെടുത്തതും ടൈഗർഫോഴ്സാണ്. കേസിലെ 10 പ്രതികളിൽ എട്ടുപേരെയും ഏപ്രിൽ ആറിന് വൈകീട്ട് ആറുമണിക്കും 11 മണിക്കും ഇടയിലാണ് പിടികൂടിയത്. പ്രതികളെ കൊണ്ടുപോയതിനു പിന്നാലെ നാട്ടുകാരിൽ ചിലർ സ്റ്റേഷനിലെത്തിയിരുന്നു. മർദനമുണ്ടായിട്ടുണ്ടെങ്കിൽ അവിടെയെത്തിയവർക്ക് അറിയാനാകുമെന്നും പൊലീസ് വാദിക്കുന്നു.

എന്നാൽ ലോക്കപ്പിൽ ക്യാമറയില്ല. അതുകൊണ്ടുതന്നെ ഇത് തെളിയിക്കാനാകില്ല. കസ്റ്റഡി മർദനത്തിന്റെ പൂർണ ഉത്തരവാദിത്വം ടൈഗർ ഫോഴ്സിലുണ്ടായിരുന്ന പൊലീസുകാരുടേതാണെന്ന് തെളിവുസഹിതം അന്വേഷണ കമ്മിഷനുമുൻപാകെ പറയാനാണ് ലോക്കൽ പൊലീസിന്റെ നീക്കം. ഇതിനായി ശ്രീജിത്തിന്റെ ബന്ധുക്കളുടെ മൊഴികളും ആ രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ശ്രീജിത്തിനെ കൊണ്ടുപോകുന്നതിൽ ദൃക്സാക്ഷിയായ അമ്മയെയും മകനെയും അന്വേഷണസംഘത്തിനു മുമ്പാകെയെത്തിക്കാനും ശ്രമം നടക്കുന്നു

അതേസമയം, കൈലിമുണ്ടും റബ്ബർചെരിപ്പുമിട്ട് മഫ്ടിയിലെത്തിയ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. അങ്ങനെയെങ്കിൽ ബൂട്ടിന് ചവിട്ടിയാലെന്നതു പോലെയുള്ള പരിക്കുണ്ടാകുന്നതെങ്ങനെയെന്ന് ചോദ്യമുയർത്തുകയാണ് മറുപക്ഷം. മുനമ്പം എസ്‌ഐ.യിൽനിന്ന് കസ്റ്റഡിയിൽ എടുത്ത വാഹനം ഇപ്പോഴും പൊലീസ് ക്ലബ്ബിൽ കിടക്കുകയാണ്. തിരിച്ചുനൽകിയിട്ടില്ല. ശ്രീജിത്തിനെ ഈ വാഹനത്തിലാണ് കൊണ്ടുപോയതെന്ന റൂറൽ ടൈഗർ സ്‌ക്വാഡിലുള്ള പൊലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

മെഡിക്കൽ റിപ്പോർട്ടും മൊഴികളും വിരൽചൂണ്ടുന്നത്

ഇത്തരത്തിൽ വാദങ്ങൾ മുന്നോട്ടുപോകുന്നതിനിടെ മറ്റു രണ്ടു വിഷയങ്ങളും ചർച്ചയാവുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതിന് തൊ്ട്ടുപിന്നാലെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നതിന്റെ റിപ്പോർട്ടാണ് ഒന്ന്. മറ്റൊന്ന് മരണപ്പെട്ട വാസുദേവന്റെ മകന്റെ മൊഴിയും. മകന്റെ മൊഴി രണ്ടുതവണ രേഖപ്പെടുത്തിയിരുന്നു. ആദ്യം നൽകിയ മൊഴിയിൽ താൻ ശ്രീജിത്തിന്റേയോ സജിത്തിന്റേയോ പേര് പറഞ്ഞിട്ടില്ലെന്നാണ് വാസുദേവന്റെ മകൻ വിനീഷ് പറയുന്നത്. അതിനാൽ രണ്ടാമത്തെ മൊഴി എന്ന് പറയുന്നത് വ്യാജമാണെന്ന സ്ഥിതി വരുന്നു. ശ്രീജിത്തിന്റേയോ സജിത്തിന്റെയോ പേര് താൻ ആദ്യം മൊഴിനൽകിയ്‌പ്പോൾ പറഞ്ഞിട്ടുപോലും ഇല്ലെന്നാണ് വിനീഷ് പറയുന്നത്.

രണ്ടാമത് മൊഴിയെടുത്തപ്പോൾ ശ്രീജിത്തിനെ അറിയാമോ പൊലീസ് ചോദിച്ചുവെന്നും അറിയാമെന്ന് അപ്പോൾ പറഞ്ഞുവെന്നും ആണ് വിനീഷ് വ്യക്തമാക്കുന്നത്. എട്ടാംതീയതിയാണ് വീട്ടിലെത്തി രണ്ടാമത്തെ മൊഴിയെടുത്തത്. ഇതിലാണ് ശ്രീജിത്തിനെ അറിയാമോ എന്ന് ചോദിക്കുന്നതും അറിയാമെന്ന് വിനീഷ് മറുപടി നൽകുന്നതും. ഇത് മുൻ മൊഴിയോട് ചേർത്തുവച്ച് പൊലീസ് തിരുത്തൽ വരുത്തിയെന്നും ശ്രീജിത്തിന് പങ്കുണ്ടെന്ന് വരുത്താൻ പൊലീസ് മനപ്പൂർവം മൊഴിയിൽ തിരുത്തൽ വരുത്തിയെന്നതും ഇതോടെ വ്യക്തമാകുകയാണ്. അതിനാൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറി തന്നെയാണെന്നും സംഭവം പുലിവാലാകുമെന്ന് ഉറപ്പായതോടെ ശ്രീജിത്തിന് വീടാക്രമണത്തിൽ പങ്കുണ്ടെന്ന് വിനീഷ് മൊഴി നൽകിയെന്ന് വരുത്താൻ ശ്രമം നടത്തിയെന്നുമാണ് ആക്ഷേപം.

വരാപ്പുഴയിൽനിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിക്കുകളുണ്ടായില്ലെന്ന് റിപ്പോർട്ട് ഉണ്ട്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുന്നോടിയായാണ് ആശുപത്രിയിൽ എത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നത് ഏഴാം തീയതി വൈകീട്ട് ഏഴിനും എട്ടിനും മധ്യേയാണ്.

പ്രാഥമിക പരിശോധനയിൽ മറ്റു അസ്വസ്ഥതകളോ കണ്ടില്ല. ഡോക്ടർ രോഗിയോട് ചോദിച്ച വിവരങ്ങളിലും അസ്വസ്ഥതകൾ പറഞ്ഞില്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. മർദനമേറ്റെന്ന് പ്രതികൾ പറഞ്ഞാൽ അത് രേഖപ്പെടുത്തുന്ന പതിവുണ്ട്. എന്നാൽ, റിപ്പോർട്ടിൽ ഇങ്ങനെയൊന്നും പറയുന്നില്ല. പരിക്കുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടിരിക്കുകയാണ്. കസ്റ്റഡിയിലെടുക്കുമ്പോൾ ശ്രീജിത്തിനെ ക്രൂരമായി മർദിച്ചുവെന്ന് വീട്ടുകാർ പറഞ്ഞിരുന്നു.

തിരിച്ചുകൊണ്ടുപോയ ശ്രീജിത്തിനെ പിന്നീട് പൊലീസ് രാത്രി 11.45-ഓടെ വീണ്ടും പരിശോധനയ്ക്ക് കൊണ്ടുവന്നു. അന്നേരമാണ് വയറുവേദന കലശലാണെന്ന് ശ്രീജിത്ത് പറയുന്നതെന്നാണ് രേഖകൾ. രക്തസമ്മർദം നോക്കിയപ്പോൾ കുറവായിരുന്നു. ഉടനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളേജിൽനിന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്.