കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിൽവച്ച് മർദ്ദിച്ചുകൊന്ന സംഭവത്തിൽ എസ്‌ഐക്കെതിരെ ശക്തമായ വെളിപ്പെടുത്തലുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികൾ. എസ് ഐ ദീപക്ക് ക്രൂരമായി മർദ്ദിച്ചെന്നാണ് കോടതി പരിസരത്തുവച്ച് പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശ്രീജിത്തിന്റെ മരണം കൊലപാതമെന്ന് വ്യക്തമായതോടെ ഇതിൽ കൊലക്കേസ് ചാർജ് ചെയ്തിട്ടുണ്ട്. ആത്മഹത്യചെയ്ത വാസുദേവന്റെ വീടാക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളാണ് ലോക്കപ്പ് മർദ്ദനത്തിന്റെ വിവരങ്ങൾ തുറന്നുപറഞ്ഞത്

തങ്ങളേയും ശ്രീജിത്തിനേയും കസ്റ്റഡിയിലേടു സ്റ്റേഷനിലെത്തിച്ചതിന് പിറ്റേന്ന് പുലർച്ചെയാണ് എസ്‌ഐ ദീപക്ക് മർദ്ദിച്ചതെന്നാണ് ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്ന പ്രതികൾ പറയുന്നത്. ആറാംതീയതി വൈകീട്ടാണ് ശ്രീജിത്തിനെയും മറ്റുള്ളവരെയും ടൈഗർഫോഴ്‌സ് കസ്റ്റഡിയിലെടുക്കുന്നത്. ഇതിന് പിറ്റേന്ന് പുലർച്ചെ സ്റ്റേഷനിലെത്തിയ എസ്‌ഐ ക്രൂരമായി മർദ്ദിച്ചെന്നും അടിവയറ്റിന് ഉൾപ്പെടെ ചവിട്ടിയെന്നും മറ്റ് പ്രതികൾ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. വയറ്റിൽ ചവിട്ടിയെന്നും എസ്‌ഐ തന്നെയാണ് മർദ്ദിച്ചതെന്നും ഇവർ പറഞ്ഞതോടെ ഈ വിവരം കൂടി പരിഗണിച്ചാവും കസ്റ്റഡിമരണം അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ മുന്നോട്ടുപോകുക.

ശ്രീജിത്തിന്റെ മരണത്തിന് ദൃക്‌സാക്ഷികളായ വാസുദേവന്റെ വീടാക്രമണക്കേസിലെ പ്രതികളെ ഇന്ന് ശ്രീജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി. മൂന്നു ദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ഇവരെ കോടതി വിട്ടുനൽകിയിട്ടുള്ളത്. ഇതേത്തുടർന്ന് ഇവരെ ആലുവ പൊലീസ് ക്‌ളബ്ബിൽ എത്തിച്ചു. ഇവിടെവച്ച് ഇവരിൽ നിന്ന് വിശദമായ മൊഴിയെടുക്കുന്നതോടെ ശ്രീജിത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വരാപ്പുഴ സ്റ്റേഷനിലെ ഏതെല്ലാം പൊലീസുകാരാണ് പ്രതികളെന്ന് കൃത്യമായി വ്യക്തമാകുമെന്നാണ് സൂചന. ആരെല്ലാമാണ് മർദ്ദിച്ചത് എന്ന കാര്യത്തിൽ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസത്തികം തന്നെ പ്രതികൾ ആരൊക്കെയെന്ന് അറിയാമെന്നും അവർ പറഞ്ഞിട്ടുണ്ട്.

സംഭവത്തിൽ ദൃക്‌സാക്ഷികളായ വാസുദേവൻ വധക്കേസിലെ മറ്റു പ്രതികളുടെ മൊഴികൾ കൂടി ലഭിക്കുന്നതോടെ ചിത്രം വ്യക്തമാകും. ഇതോടെ നാളെയോ മറ്റന്നാളോ തന്നെ ശ്രീജിത്ത് വധത്തിൽ പ്രതികളായ പൊലീസുകാരുടെ അറസ്റ്റ് ഉണ്ടായേക്കും. സിഐയും എസ്‌ഐയും ഉൾപ്പെടെ ഏഴ് പൊലീസുകാർ ശ്രീജിത്തിനെ ലോക്കപ്പിൽ മർദ്ദിച്ചുകൊന്ന സംഭവത്തിൽ സസ്‌പെൻഷനിലാണ്.

എന്നാൽ എസ്‌ഐക്കെതിരെയാണ് സെല്ലിൽ മർദ്ദനം നടന്ന സമയത്ത് ഉണ്ടായിരുന്ന മറ്റ് പ്രതികൾ പറഞ്ഞതെങ്കിലും മറ്റു പൊലീസുകാരുടെ പങ്കും അന്വേഷണ സംഘം തള്ളുന്നില്ല. ശരീരത്തിൽ പലയിടത്തും മുന്നിൽ നിന്നും പിന്നിൽനിന്നുമെല്ലാം മർദ്ദനം ഏറ്റ ക്ഷതം ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിട്ടുള്ളത്. ശ്രീജിത്തിനെ മൂന്നാംമുറയായ ഉരുട്ടലിന് വിധേയനാക്കിയോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ പൊലീസുകാർക്ക് ശ്രീജിത്തിനെ കൊലപ്പെടുത്തിയ ലോക്കപ്പ് മർദ്ദനത്തിൽ പങ്കുണ്ടെന്ന് ഉറപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.