പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് നേരേ നഗ്‌നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂൾ വിദ്യാർത്ഥികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത് ശ്രീജിത്ത് രവിയെന്നു പെൺകുട്ടികൾ മൊഴി നൽകിയതിനെ തുടർന്നാണു നടനെ കസ്റ്റഡിയിൽ എടുത്തത്.

വിഗ് ധരിച്ചാണു നടൻ തെളിവെടുപ്പിന് എത്തിയിരുന്നത്. എന്നാൽ, വിഗ് അഴിപ്പിച്ചപ്പോൾ നടനെ തിരിച്ചറിയുകയായിരുന്നു. കേസ് ഒത്തുതീർക്കാനുള്ള നീക്കങ്ങൾ പൊളിഞ്ഞതോടെയാണു നടനെ കസ്റ്റഡിയിൽ എടുത്തത്. പത്തിരിപ്പാല മൗണ്ട് സിന പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളുടെ പരാതിയിൽ പ്രിൻസിപ്പലാണ് പൊലീസിനെ സമീപിച്ചത്. പത്തിരിപ്പാലം ചന്തയ്ക്കും പതിനാലാം മൈലിനും ഇടയിൽ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയതായും അപമര്യാദയായും അശ്ലീലമായും പെരുമാറിയതായുമാണ് പരാതി.

പ്രിൻസിപ്പൽ നൽകിയ പരാതിയിൽ കേരള പൊലീസ് ആക്ട് 119ബി, 509 ഐപിസി പ്രകാരമാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച സ്‌കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടികളെ ഡെസ്റ്റർ വാഹനത്തിൽ ( കെഎൽ-08ബിഇ-9054) പിൻതുടർന്ന് നടൻ നഗ്‌നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. സംഭവം അറിഞ്ഞ ഉടനെ വൈസ് പ്രിൻസിപ്പലിന്റെ ഭർത്താവും സംഘവും ശ്രീജിത്ത് രവിയെ തടഞ്ഞുവച്ച് ചോദ്യം ചെയ്തിരുന്നു.

ഒരു സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായാണ് നടൻ ഇവിടെ എത്തിയത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ വിഗ്ഗ് വച്ചാണു നടൻ എത്തിയത്. എന്നാൽ നടൻ വേഷം മാറി എത്തിയതാണെന്നു വൈസ് പ്രിൻസിപ്പലിന്റെ ഭർത്താവ് അറിയിക്കുകയായിരുന്നു. പിന്നീട് വിഗ്ഗ് ഊരി മാറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. നടനെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ കേസെടുക്കുമെന്നു പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം സ്‌കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചത് താനല്ലെന്നും തനിക്ക് സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമാണു ശ്രീജിത്ത് രവിയുടെ നിലപാട്. കൂട്ടമായി സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾക്ക് സമീപത്തെത്തി കെഎൽ 8 ബിഇ 9054 എന്ന നമ്പർ കാർ ഓടിച്ചിരുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തി സെൽഫി എടുക്കുകയും ചെയ്തെന്നാണ് പരാതി. ഈ കാർ നടൻ ശ്രീജിത് രവിയുടേതാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ബഹളം വച്ചപ്പോഴാണ് കാറിലുള്ളയാൾ പെൺകുട്ടികൾക്ക് അരികിൽ നിന്ന് കാർ ഓടിച്ചുപോയതെന്ന് പരാതിയിലുണ്ട്. ചൈൽഡ് ലൈനിലും വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.