- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജിത്ത് രവിയുടെ പോക്സോ കേസ് ഗൗരവത്തോടെ എടുത്ത് താരസംഘടന; 'അമ്മ'യുടെ ഭാരവാഹികൾ പൊലീസുമായി ബന്ധപ്പെട്ടു; കേസിന്റെ വിശദാംശങ്ങൾ തേടിയത് മോഹൻലാലിന്റെ നിർദേശപ്രകാരം; കുറ്റം ആവർത്തിക്കുന്നതിനാൽ നടപടി; റ്റിജി രവിയുടെ മകനെതിരെ സിനിമാക്കാർ നടപടി എടുക്കും
കൊച്ചി: നടൻ ശ്രീജിത്ത് രവിക്കെതിരേയുള്ള പോക്സോ കേസ് ഗൗരവത്തോടെ എടുത്ത് താരസംഘടനയായ അമ്മ. സംഭവത്തിൽ 'അമ്മ' ഭാരവാഹികൾ പൊലീസുമായി ബന്ധപ്പെട്ടു കേസിന്റെ വിശദാംശങ്ങൾ തേടി. കേസിന്റെ വിശദാംശങ്ങൾ തേടാൻ താരസംഘടയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ നിർദ്ദേശം നൽകിയിരുന്നു. കുട്ടികൾക്ക് നേരേ നഗ്‌നത പ്രദർശനം നടത്തിയതിന് ശ്രീജിത്ത് രവിയെ ഇന്ന് രാവിലെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാം തവണയാണ് ഇയാൾ സമാനമായ കേസിൽ അറസ്റ്റിലാകുന്നത്. 2017 ൽ പാലക്കാട് വച്ചാണ് ആദ്യ കേസിനാസ്പദമായ സംഭവമുണ്ടായത്. തുടർച്ചയായി ഇയാൾ കുറ്റം ആവർത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ്. അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് സൂചനകൾ. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയെന്നും പിറ്റേ ദിവസവും അതേ കുറ്റം ആവർത്തിച്ചപ്പോഴാണ് പരാതി നൽകിയതെന്ന് കുട്ടികളുടെ കുടുംബം പറയുന്നു.കാറിൽ പിന്തുടർന്ന് എത്തിയാണ് ഇയാൾ ഇങ്ങനെ ചെയ്തത്. ഈ വിവരം കുട്ടികൾ കുടുംബാംഗങ്ങളോട് തുറന്ന് പറയുകയായിരുന്നു. തൃശ്ശൂർ എസ്.എൻ പാർക്കിന്റെ സമീപത്തായിരുന്നു സംഭവം.
പാർക്കിന് സമീപത്ത് കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു ഇയാൾ. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികൾക്ക് അരികിലൂടെ കടന്നുപോകവേ നഗ്‌നതാ പ്രദർശനം നടത്തി ഇയാൾ ഇവിടെ നിന്ന് പോകുകയായിരുന്നു. കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. കറുത്ത കാറിലാണ് വന്നതെന്നും കുട്ടികൾ വ്യക്തമാക്കി.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറിനെ പിന്തുടർന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്. കുട്ടികൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. തനിക്ക് തെറ്റുപ്പറ്റി, ഒരു അസുഖമുണ്ട്, അതിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി.
കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്‌നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ അറസ്റ്റിലായത്.
മറുനാടന് മലയാളി ബ്യൂറോ