വിവാഹം എന്നത് ഇന്ത്യയിൽ സ്വത്തുടമസ്ഥതാ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഉപാധിയാണ്. അതുകൊണ്ട് മനുഷ്യരുടെ പ്രണയ ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള ഒന്നിക്കലുകളല്ല മറിച്ച് ഒരേ സ്റ്റാറ്റസുള്ള , സാമ്പത്തിക നിലയുള്ള (അതിൽ പ്രധാനഘടകമാണ് ജാതിയും ) കുടുംബങ്ങളുടെ ലയനങ്ങളാണ് (മെർജർ) ഇന്ത്യയിലെ വിവാഹങ്ങൾ (എന്തിനു പ്രണയങ്ങൾ പോലും). അതുകൊണ്ടുതന്നെ പെൺകുട്ടികൾ എന്നത് വ്യക്തി എന്നതിനപ്പുറം സ്വത്തുടമസ്ഥതാ സംരക്ഷണത്തിലെ ഒരു ഉപാധി മാത്രമായി ചുരുങ്ങുന്നു.

വിവാഹം തന്നെ സ്ത്രീധനമായി മാറുന്നു. പെൺകുട്ടിയുടെ ജീവിതം കുടുംബത്തിന്റെ ഇൻവെസ്റ്റ്‌മെന്റ് ആകുന്നു. ( ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളിൽ എത്ര പേരെ നിങ്ങൾ തൊഴിലിടങ്ങളിൽ കാണും ?/ വിദ്യാഭ്യാസം നേടുന്നത് തൊഴിലിനല്ല , മറിച്ച് ധനമൂലധനത്തെ സാമൂഹിക-സാംസ്‌കാരിക മൂലധനം കൊണ്ട് സപ്ലിമെന്റ് ചെയ്യാൻ കൂടിയാകുന്നു ). പെൺകുട്ടികളുടെ വിവാഹം ജീവിതത്തിലെ ഏറ്റവും മഹാസംഭവമാക്കി കടം കയറുന്നതിനു പിന്നിലെ യുക്തിയും സ്ത്രീയെന്നത് വെറും 'ചരക്കാ'വുന്ന സാമൂഹ്യ വ്യവസ്ഥയും ഇങ്ങിനെയാണ് സൃഷ്ടിക്കപ്പെടുന്നത്.

സെക്‌സ് റേഷ്യോ 879 ഉള്ള ലോകത്തെ അപൂർവ ഇടങ്ങളിലൊന്ന് ഇന്ത്യൻ തലസ്ഥാനത്തിന്റെ തുടർച്ചയായ ഹര്യാനയായി മാറുന്നതും ഇതോട് ചേർത്ത് വായിക്കണം. എന്നാൽ ഇതേ സമൂഹത്തിൽ തന്നെയാണ് മുതലാളിത്ത ആധുനികതയുടെ പുതിയ പൊതു ഇടങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ആളുകൾ പരസ്പരം കാണാനും പരിചയപ്പെടാനും വിലക്കുകൾ മുറിച്ചുകടക്കാനും ഉള്ള അവസരങ്ങൾ അവ പ്രദാനം ചെയ്യുന്നു. അവിടെ സ്റ്റാറ്റസ് - സ്വത്തുടമസ്ഥതാ താല്പര്യങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങൾക്ക് / പ്രണയ ലൈംഗികതക്ക് സ്വീകാര്യത കിട്ടുന്നു.

അത് മുന്നേ പറഞ്ഞ ലയനത്തിനെതിരാകുമ്പോഴാണ് 'ലൗ ജിഹാദ്' നിലവിളികൾ ഉയരുന്നതും അഭിമാന സംരക്ഷണ വാനരസേനയ്ക്ക് സമൂഹത്തിൽ സ്വീകാര്യത കിട്ടുന്നതും. അതിന്റെ കൊലക്കളങ്ങളിലാണ് അങ്കിത് സക്‌സേനമാരും, കെവിന്മാരും കൊലചെയ്യപ്പെടുന്നത്. ചവറാ മാട്രിമണിയും , നായർ മാട്രിമണിയും വിവാഹം നിശ്ചയിക്കുന്ന നാട്ടിൽ കൊലപാതകങ്ങൾ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ...