തിരുവനന്തപുരം: 782 ദിവസത്തെ സമരമവസാനിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ ശ്രീജിത്തിന് വൈകാരികമായ യാത്രയയപ്പ് നൽകി സെക്രട്ടേറിയറ്റ് പടിക്കലെ സഹസമരക്കാർ. ഇന്ന് രാവിലെ സിബിഐ ഓഫീസിലെത്തി മൊഴി നൽകിയ ശേഷം തിരിച്ച് വന്ന് തന്റെ സാധനങ്ങളും എടുത്ത് വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ ശ്രീജിത്ത് വൈകാരികമായ ഒരു കാഴ്ചയായി മാറുകയായിരുന്നു. തന്റെ സാധനങ്ങളെടുത്ത് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ അമ്മ രമണിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. 782 ദിവസം ഇവിടെ ഉണ്ടാടായിരുന്ന തനിക്ക് സഹ സമരക്കാരോട് പറയാനുള്ളത് അവരുടെ സമരങ്ങളും ലക്ഷ്യം കാണട്ടെ എന്നാണെന്ന് ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഒപ്പമുണ്ടായിരുന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയിലെ ആളുകൾ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ  സമരത്തിൽ നിന്ന് പിന്മാറിയെങ്കിലും തന്റെ ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കാൻ ശ്രീജിത്ത് തയ്യാറായിരുന്നില്ല.ആരൊക്കെ പോയാലും നിന്നാലും സിബിഐ അന്വേഷണം ആരംഭിച്ചു എന്ന് തനിക്ക് ബോധ്യമാകുന്നത് വരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.സമാനതകളില്ലാത്ത പിന്തുണയാണ് ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയില്ലാതെ ശ്രീജിത്ത് നേടിയെടുത്തത്. കൂടപ്പിറപ്പിനോടുള്ള സ്‌നേഹം മാത്രമാണ് തന്നെ ഇവിടെ പിടിച്ച് നിർത്തിയതെന്നും ശ്രീജിത്ത് പറയുന്നു.

തന്റെ ആവശ്യമായ സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടെങ്കിലും മൊഴി രേഖപ്പെടുത്തുക എന്നതായിരുന്നു ശ്രീജിത്തിന്റെ ആവശ്യം. നേരത്തെ സിബിഐ അന്വേഷണം ആരംഭിക്കുമെന്ന കേന്ദ്ര സർക്കാർ വിജ്ഞാപനം വന്നതോടെ സമരം അവസാനിക്കുമെന്നാണ് എല്ലാവരും കരുതിയത്.എന്നാൽ മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യ്തിൽ ശ്രീജിത് ഉറച്ച് നിന്നു.ഇതനുസരിച്ചാണ് കേസിന്റെ അന്വേഷണ ചുമതയലയുള്ള തിരുവനന്തപുരം സിബിഐ സ്‌പെഷ്യൽ യൂണിറ്റ് ഇന്ന് രാവിലെ ശ്രീജിത്തിനോടും അമ്മയോടും സിബിഐ ഓഫീസിൽ എത്താൻ നിർദ്ദേശിക്കുകയായിരുന്നു.

കൃത്യം പത്ത് മണിയോടെ തന്നെ കവടിയാർ കെസ്റ്റൺ റോഡിലെ സിബിഐ ഓഫീസിൽ അമ്മ രമണിക്കും സുഹൃത്തും അയൽവാസിയുമായ സനൽ, മറ്റൊരു സുഹൃത്ത് എന്നിവർക്കൊപ്പം ഓട്ടോറിക്ഷയിലാണ് ശ്രീജിത്ത് മൊഴി നൽകാൻ എത്തിയത്. 10 മണിക്ക് തന്നെ എത്തിയ ശ്രീജിത്ത് ആരോടും ഒന്നും മിണ്ടാതെ നേരെ സിബിഐ ഓഫീസിനുള്ളിലേക്ക് കയറുകയായിരുന്നു. അമ്മയും ശ്രീജിത്തും അകത്ത് പ്രവേശിച്ച് ഒപ്പ് വെച്ച ശേഷം മൊഴി നൽകാൻ അകത്തേക്ക് പോവുകയായിരുന്നു.

രണ്ട് മണിക്കൂറോളം വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷം 12 മണി കഴിഞ്ഞതോടെയാണ് ശ്രീജിത്തും അമ്മയും പുറത്തേക്ക് വന്നത്. തന്റെ ആവശ്യം അംഗീകരിക്കപെട്ടതിൽ സന്തോഷമുണ്ടെന്നും തിരികെ വീട്ടിലേക്ക് പോവുകയാണെന്നുമാണ് ശ്രീജിത്ത് പറഞ്ഞത്. സിബിഐ വിശദമായി തന്നെ കാര്യങ്ങൾ തിരക്കിയെന്നും ശ്രീജിത്ത് പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് ശ്രീജിത്ത് സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

സിബിഐ ഓഫീസിൽ നിന്നും ശ്രീജിത്ത് നേരെ പോയത് സെക്ട്രടേറിയറ്റിന് മുന്നിലെ താൻ 782 ദിവസം മഴയും വെയിും കൊണ്ട് കിടന്ന ആ പന്തലിലേക്കായിരുന്നു. തന്റൈ സാധനങ്ങൾ ഓരോന്നായി എടുത്ത് ശ്രീജിത്ത് വാഹനത്തിലേക്ക് വയ്ക്കുമ്പോഴും അമ്മ രമണിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഒരു മകൻ നഷ്ടപ്പെട്ട തനിക്ക് മറ്റൊരു മകൻ കൂടി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് എല്ലാവരും സഹായിക്കാനെത്തിയതെന്നും അതിൽ നന്ദിയുണ്ടെന്നും അവർ പറഞ്ഞു. ശ്രീജിത്ത് സമരം അവസാനിപ്പിക്കുന്നുവെന്ന വിവരം അറിഞ്ഞ് നൂറ് കണക്കിനാളുകൾ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തി.

തിരിച്ച് വീട്ടിലേക്ക് പോകാനൊരുങ്ങിയതിനിടയിൽ 406 ദിവസമായി സമരമിരിക്കുന്ന രുദ്രയുടെ മാതാപിതാക്കളെ നേരിൽ കണ്ട ശേഷമാണ് ശ്രീജിത്ത് മടങ്ങിയത്. നിങ്ങളുടെ സമരവും വിജയിക്കട്ടെ എന്ന് ആശംസിച്ച് രുദ്രയുടെ അച്ഛൻ സുരേഷിനെ ആലിംഗനം ചെയ്താണ് ശ്രീജിത്ത് മടങ്ങിയത്. കാറിലേക്ക് കയറിയ ശേഷം എല്ലാവരേയും കൈ വീശിക്കാണിച്ച് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തിയാണ് ശ്രീജിത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.

2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും ശ്രീജിത് പറയുന്നു.

അനിയന് നീതി കിട്ടണം എന്നാവിശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിനേയും പൊലീസുകാർ വെറുതേ വിട്ടില്ല. സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം കിടക്കുന്നത് കാരണം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥ കാരണം ഇടയ്ക്ക് വൈകുന്നേരങ്ങളിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു. സമരം ചെയ്യാൻ വന്നവൻ സമരം ചെയ്താൽ മതി എന്ന് പറഞ്ഞ പൊലീസ് അത് അവസാനിപ്പിച്ചു. പിന്നെ വായിക്കാൻ ശ്രീജിത്തുകൊണ്ട് വന്ന പുസ്തകങ്ങൾ പൊലീസ് എ.ആർ ക്യാമ്പിൽ കൊണ്ട് പോയി കത്തിച്ച് കളയുകയും ചെയ്തിരുന്നു.