തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ മരിച്ച അനിയൻ ശ്രീജിവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം ഇന്ന് 775ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സോഷ്യൽ മീഡിയ കൂട്ടായ്മ പിൻവാങ്ങിയിട്ടും ഒറ്റയ്ക്ക് സമരം തുടരുകയാണ് ശ്രീജിത്ത് ഇപ്പോഴും. സിബിഐ അന്വേഷണം എന്ന ശ്രീജിത്തിന്റെ ആവശ്യം നേടിയെടുക്കാനായതോടെയാണ് സമരം തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഫോറം എത്തിയത്. കേസ് അന്വേഷണം ആരംഭിച്ചതിന്റെ ഉത്തരവ് ലഭിക്കുന്നത് വരെ സമരം തുടരാൻ തീരുമാനിച്ച ശ്രീജിത്ത് ഇന്ന തന്റെ ഭാവി പരിപാടികളെ കുറിച്ച് പോലും പ്രതികരിച്ചില്ല.

സമാനതകളില്ലാത്ത സമരത്തിന് ഹൃദയം തുറന്ന പിന്തുണയാണ് സോഷ്യൽ മീഡിയ നൽകിയതും. സിബിഐ അന്വേഷണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തിന് രണ്ട് വർഷത്തോളം പഴക്കമുണ്ടായിട്ടും അധികാരികളുടെ കണ്ണ് വേണ്ടപോലെ തുറന്നില്ല. ജനുവരി 14ന് പതിനായിരകണക്കിന് യുവാക്കൾ ശ്രീജിത്തിന് പിന്തുണയുമായി എത്തിയതോടെ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് പോലും നടപടി ക്രമങ്ങൾ വേഗത്തിലാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു. ഇന്നലെ വിജ്ഞാപനം വന്നതിന് പിന്നാലെ ശ്രീജിത്ത് സമരം അവസാനിപ്പിക്കുമെന്നാണ് ഏവരും കരുതിയതെങ്കിലും സിബിഐ അന്വേഷണം ആരംഭിച്ചതിന്റെ ഉത്തരവ് ലഭിച്ചാൽ പിന്മാറ്റമെന്നാണ് ശീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഇന്ന് രാവിലെ സിബിഐ ഉത്തവ് ലഭിക്കുമെന്നും സമരം അവസാനിപ്പിക്കാനാവുമെന്നുമാണ് ശ്രീജിത്ത് കരുതിയത്.മുൻപും തനിക്ക് പല കടലാസുകളും ലഭിച്ചതാണെന്നും എന്നാൽ അന്ന് അന്വേഷണമൊന്നും ആരംഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് സമരം തുടരുന്നത്. സിബിഐ മുൻപ് ഈ കേസ് അന്വേഷിക്കാനാകില്ലെന്ന് പറഞ്ഞപ്പോഴാണ് അത്തരം കടലാസുകൾ ലഭിച്ചതെന്നും ഇപ്പോൾ കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുമെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞിട്ടും തന്റെ മുൻകാല ആവശ്യത്തിൽ ശ്രീജിത്ത് ഉറച്ച് നിൽക്കുകയായിരുന്നു.

ഒപ്പുമുണ്ടായിരുന്നവരുടെ പിന്തുണ വലിയ സന്തോഷത്തോടെയാണ് ശ്രീജിത്ത് നോക്കി കണ്ടിരുന്നത്. ഇന്നലെ ഒപ്പമുണ്ടായിരുന്നവരൊക്കെ പോയിട്ടും സമരം തുടരുന്നത് സംബന്ധിച്ച് ശ്രീജിത്തുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ക്യാമറയ്ക്ക് മുന്നിൽ വരാൻ ശ്രീജിത്ത് കൂട്ടാക്കിയില്ല. തന്റെ സമരം വിജയത്തിലെത്തിയെന്ന് ചുറ്റുമുള്ളവർ പറയുമ്പോഴും സിബിഐ അന്വേഷണം ആരംഭിച്ചതിന്റെ എന്തെങ്കിലും ഉത്തരവ് കാത്തിരിക്കുകയാണ് ശ്രീജിത്ത് ഇപ്പോഴും.

നാട്ടുകാരുടെ പിന്തുണയോടെയാണ് രണ്ട് വർഷത്തോളം സെക്രട്ടറിയേറ്റ് നടയിൽ ശ്രീജിത്ത് സമരമിരുന്നത്. പെട്ടെന്ന് സോഷ്യൽ മീഡിയ പ്രശ്‌നം ഏറ്റെടുത്തു. ഇതോടെ സർക്കാരിന് അതിവേഗത്തിൽ നടപടിയെടുക്കേണ്ടി വന്നു. ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു.

ഇന്നലെ കോടതി രേഖകളുടെ പകർപ്പ് ശ്രീജിത്തിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർജി നൽകാൻ സഹായം നൽകിയ കെപിസിസി മുൻ അദ്ധ്യക്ഷൻ വി എം. സുധീരന് ഇ-മെയിലിലൂടെ നൽകിയിരുന്നു. 3 മണിയോടെ പകർപ്പ് സമരപ്പന്തലിലെത്തി സുധീരൻ ശ്രീജിത്തിന് കൈമാറി. എന്നാൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ സമരം പിൻവലിക്കുമെന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചത്. ഇതിനിടെ കോടതിയും സിബിഐയും അനുകൂലമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട എന്ന തീരുമാനത്തിലായിരുന്നു ഒപ്പമുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മ പ്രവർത്തകർ. ഇതോടെ ശ്രീജിത്ത് വീണ്ടും ഒറ്റയ്ക്ക് സമരത്തിലായി.

സമരം രാഷ്ടീയക്കാർ ഹൈജാക്ക് ചെയ്തെന്നാരോപിച്ചാണ് സമരത്തിൽനിന്നു ഫേസ്‌ബുക്ക് കൂട്ടായ്മ പിന്മാറിയത്. അന്വേഷണച്ചുമതല തിരുവനന്തപുരം സിബിഐ. യൂണിറ്റിനു നൽകിയാണ് വിജ്ഞാപനം. ഇന്നു കേസ് രജിസ്റ്റർ ചെയ്യും. ശ്രീജിത്ത് അവശനാണ്. അന്വേഷണ ഏജൻസി കുറ്റക്കാർക്കെതിരേ നടപടി ആരംഭിക്കുന്നപക്ഷം സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ചു പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവ് മെയ് 21 നാണു മരിച്ചത്.