കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ചവറ മുൻ എംഎൽഎ എൻ. വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇന്റർനാഷനൽ അറസ്റ്റ് വാറന്റുണ്ടെങ്കിലും യുഎഇ സർക്കാരിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെ ഇന്ത്യക്കാരനായ പ്രതിയെ കൈമാറാൻ കഴിയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

ദുബായ് കോടതി രണ്ടുവർഷം തടവ് ശിക്ഷ വിധിച്ച ശ്രീജിത്തിനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു നൂറനാട് സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ രാഹുൽ കൃഷ്ണൻ നൽകിയ ഹർജിയാണു ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്. ശ്രീജിത്ത് ദുബായിൽ നിശാക്ലബ്ബ് നടത്തുകയായിരുന്നെന്ന് രാഹുൽ കൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു. ചവറ എംഎൽഎയായിരുന്ന വിജയൻ പിള്ള മരിച്ച ശേഷവും ഈ കേസ് സജീവമായി നടത്തുകയാണ് രാഹുൽ.

'ബീറ്റ്‌സ്' എന്ന ക്ലബ്ബ് നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനായി ശ്രീജിത്ത് തന്റെ കൈയിൽനിന്ന് പത്തുകോടി രൂപ വാങ്ങി. ഇത്തരത്തിൽ വിദേശത്തുള്ള പല ബാങ്കുകളിൽനിന്നും വ്യക്തികളിൽനിന്നും ശ്രീജിത്ത് കടം വാങ്ങിയിട്ടുണ്ട്. ഇത് തിരികെ കൊടുക്കാതിരിക്കാനാണ് പ്രതി വിദേശത്തുനിന്ന് നാട്ടിലെത്തിയതെന്നും രാഹുൽ ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിയും ചവറ എംഎ‍ൽഎ എൻ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്ത് വിജയനും ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ ചർച്ചയായിരുന്നു.

വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചെന്ന വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിന് ദുബായിൽ ലഭിച്ചത് രണ്ടുവർഷം തടവ് ശിക്ഷയായിരുന്നു. 2017 മെയ് 25-നാണ് ദുബായ് കോടതി ശ്രീജിത്തിനെ ശിക്ഷിച്ചത്. ഇതുനുമുമ്പേതന്നെ ശ്രീജിത്ത് നാട്ടിലേക്ക് കടന്നിരുന്നു. ശ്രീജിത്തിന് ഇനി യു.എ.ഇ.യിൽ പ്രവേശിക്കാൻ കഴിയില്ല. ദുബായിലെ യുണൈറ്റഡ് അറബ് ബാങ്കിന്റെ പേരിൽ ശ്രീജിത് നൽകിയ 60 ലക്ഷം ദിർഹത്തിന്റെ ചെക്ക് (പത്തുകോടിയിലേറെ രൂപ) മതിയായ പണമില്ലാതെ മടങ്ങിയെന്നുകാണിച്ച് രാഹുൽ കൃഷ്ണയാണ് ഈ പരാതിയും നൽകിയത്.

ജാസ് ടൂറിസം കമ്പനിയിൽ പാർട്ണറായിരുന്ന രാകുൽ മുഖേനയാണ് ശ്രീജിത്ത് പണം വാങ്ങിയതെന്നാണ് ആരോപണം. ബിനോയ് കോടിയേരിയുടെ മകനെതിരേയുള്ള പരാതിക്കുപിന്നാലെയാണ് വിജയൻ പിള്ളയുടെ മകനെതിരേയുള്ള പരാതിയും ജാസ് ടൂറിസം കന്പനി പുറത്തുവിട്ടത്. എന്നാൽ ദുബായ് കമ്പനിയുടെ പാർട്ണറായ രാഹുൽ കൃഷ്ണയിൽ നിന്നും താൻ പണം വാങ്ങിയെന്ന ആരോപണം ശ്രീജിത്ത് നിഷേധിച്ചിരുന്നു. രാഹുൽ കൃഷ്ണയും താനും ബിനോയ് കോടിയേരിയുമൊക്കെ സുഹൃത്തുക്കളായിരുന്നു.

എന്നാൽ ഇടയ്ക്ക് വെച്ച് തമ്മിൽ തെറ്റി. അക്കാലത്ത് ഒരു കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ പേരിലാണ് ഇപ്പോൾ ആരോപണങ്ങൾ ഉയരുന്നത്. താൻ പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ നേതാവിന്റെ മകനായതിനാൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നതാണെന്നും ശ്രീജിത്ത് ആരോപിച്ചിരുന്നു.