കൊല്ലം: ഇടതു സർക്കാറിന്റെ ശോഭ കെടുത്തുന്ന വിവാദങ്ങളാണ് നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത്. കോടിയേരിയുടെ മക്കൾ വരുത്തിവെച്ച തലവേദനയിൽ നിന്നും എളുപ്പം പുറത്തുകടക്കാൻ സർക്കാറിന് സാധിക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ രാഷ്ട്രീയ ഭാവിയെ കൂടി ബാധിക്കുന്ന വിധത്തിലേക്ക് ഇത് മാറിയിട്ടുണ്ട്. ഇതിന് പിന്നാലെ പുറത്തുവരുന്നത് തട്ടിപ്പുകാരായ മക്കൾക്ക് സർക്കാർ ജോലി നൽകാനും ശ്രമം ശക്തമായി നടന്നുവെന്നാണ്.

ബിനോയ് കോടിയേരിക്കൊപ്പം സാമ്പത്തിക തട്ടിപ്പ് കേസിൽപ്പെട്ട എൻ വിജയൻ പിള്ള എംഎൽഎ യുടെ മകൻ ശ്രീജിത്തിനെ ദേവസ്വം ബോർഡിന്റെ അഭിഭാഷകനായി സർക്കാർ നിയമിച്ചിരുന്നു. ഹൈക്കോടതിയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസിലായി നിയമിച്ചിരുന്നത്. അധികമാരും അറിയാതെ പിൻവാതിൽ വഴി നടത്തിയ നിയമനം വിവാദമായപ്പോൾ സർക്കാർ തിരുത്തുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് വിവരം പുറത്തുവന്നതോടെയാണ് ശ്രീജിത്തിനെ ഒഴിവാക്കിയത്.

എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമാണു ശ്രീജിത്തിനെ സ്റ്റാൻഡിങ് കൗൺസൽ ആയി നിയമിച്ചത്. പാർട്ടി നേതാക്കളുടെ മക്കൾക്ക് നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന വേളയിൽ തന്നെയായിരുന്നു ശ്രീജിത്തിനെ നിയമിച്ചതും. എന്നാൽ, ഈ നിയമനം അധികമാരും അറിഞ്ഞില്ല. ദുബായിൽ ദുബായിൽ ബിസിനസ് നടത്തുകയായിരുന്ന ശ്രീജിത്ത്, അവിടെ സാമ്പത്തിക തട്ടിപ്പ് കേസ് വന്നതോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. തുടർന്നു ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങുകയായിരുന്നുവെന്നാണു വിവരം. ഇതിനു പിന്നാലെ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസലായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് പിന്നിലും കൃത്യമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിരുന്നു.

ശ്രീജിത്തിനെ സ്റ്റാൻഡിങ് കൗൺസൽ ആയി നിയമിച്ചിട്ട് ഒരു വർഷത്തിലേറെയായെന്നു ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദുബായിലെ ജാസ് ടൂറിസം കമ്പനിയിൽ നിന്നു രാഖുൽ കൃഷ്ണൻ വഴി 2003 മുതൽ പലപ്പോഴായി 11 കോടി രൂപ ശ്രീജിത്ത് വാങ്ങിയ ശേഷം വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചുവെന്നാണു കേസ്. ഈ കേസിൽ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടു വർഷം തടവിനു ശിക്ഷിച്ചെങ്കിലും വിധി വരുംമുൻപ് ശ്രീജിത്ത് നാട്ടിലേക്കു പോന്നു. ശ്രീജിത്തിനെതിരെ വാറന്റ് നിലവിലുണ്ട്. നാട്ടിലെ ബാങ്കിന്റെ പേരിൽ ശ്രീജിത്ത് നൽകിയ 10 കോടിയുടെ ചെക്കും മടങ്ങിയതോടെ രാഖുൽ കൃഷ്ണൻ നൽകിയ കേസ് ഇപ്പോൾ മാവേലിക്കര കോടതിയുടെ പരിഗണനയിലാണ്.

സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തായതിനു തൊട്ടുപിന്നാലെയാണ് ശ്രീജിത്ത് ഉൾപ്പെടെ ഏഴുപേരെ ദേവസ്വം ബോർഡിന്റെ അഭിഭാഷക പാനലിൽ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ രണ്ടിനു പുറത്തിറക്കിയ ഉത്തരവ് പ്രകാരം പുതിയ അഭിഭാഷക പാനലിനെയും നിയോഗിച്ചിട്ടുണ്ട്. വിജയൻ പിള്ളയുടെ സഹോദരൻ എൻ.രാജൻ പിള്ള കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരുനാഗപ്പള്ളി സബ് കോടതിയിൽ ഗവ. പ്ലീഡറായിരുന്നു. ഈ സർക്കാർ വന്ന ശേഷം രാജൻ പിള്ളയെ വഖഫ് കേസുകൾ കൈകാര്യം ചെയ്യുന്ന കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ അഡീഷനൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ തനിക്കെതിരായ വാർത്തകൾ തടയണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് വിജയൻ കരുനാഗപ്പള്ളി സബ്കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങിയരുന്നു. സബ്കോടതിയുടെ മാധ്യമവിലക്ക് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു സ്റ്റേ ചെയ്യുകയാണ് പിന്നീടുണ്ടായത്. കേസിൽ ശ്രീജിത്ത് വിജയനും സുഹൃത്ത് രാഹുൽ കൃഷ്ണനും കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ബിനോയിക്കെതിരെ 13 കോടിയുടേയും ശ്രീജിത്തിനെതിരെ 11 കോടിയുടേയും സാമ്പത്തിക തട്ടിപ്പ് ആരോപണമാണ് മർസൂഖി ഉന്നയിച്ചത്.