തിരുവനന്തപുരം: ശ്രീജീവിന്റെ മരണം സംബന്ധിച്ച് യാഥാർകത്ഥ വസ്തുതകൾ മറച്ചുവയ്ക്കാൻ ഇടതു സർക്കാർ നീക്കമെന്ന ആരോപണവുമായി കോൺഗ്രസിന്റെ സൈബർ സേനയും രംഗത്ത്. ശ്രീജവിന്റെന്റെ മരണം സംബന്ധിച്ച് ശ്രീജിത്തിന്റെ പരാതിയിൽ യു.ഡി.എഫ് സർക്കാർ ആണ് ഉചിതമായ നടപടികൾ സ്വീകരിച്ചത്.

ഇക്കാര്യം സംബന്ധിച്ച വസ്തുതകൾ പരിശോധിച്ചാൽ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാകുമെന്നാണ് യുഡിഎഫ് പ്രചരണം. ഇതോടെ വിഷയത്തിൽ കരുതലോടെയുള്ള നടപടിക്ക് ഇടത് സർക്കാർ ആലോചന തുടങ്ങി. സോഷ്യൽ മീഡിയയിലെ പ്രതിഷേധം കണക്കിലെടുത്ത് ആരോപണ വിധേയരായ പൊലീസുകാരെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ മാറ്റി നിർത്തും.

2014 മെയ് 19 നാണ് പാറശ്ശാല പൊലീസ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. 21 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്രീജീവ് മരിച്ചു. ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് അന്നത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്കു പരാതി നൽകി. എന്നാൽ മരണത്തെ ആത്മഹത്യയാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതോടെ പരാതി പൊലീസ് കംപ്ലൈന്റ് അഥോറിറ്റിക്ക് മുന്നിലെത്തി. തുടർന്ന് പൊലീസ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് 2016 മെയിൽ സർക്കാരിനു റിപ്പോർട്ട് നൽകി. ഇത് കസ്റ്റഡി മരണമാണെന്നും പൊലീസ് കുറ്റക്കാരാണെന്നും അദ്ദേഹം കണ്ടെത്തി.

കുറ്റക്കാരായ പൊലീസുകാരിൽ നിന്നും 10 ലക്ഷം രൂപ ഈടാക്കി ശ്രീജിത്തിന്റെ കുടുംബത്തിനു നൽകണമെന്നു പൊലീസ് കംപ്ലൈന്റ് അഥോറിറ്റി ശുപാർശ ചെയ്തു. ഈ ശുപാർശ നടപ്പാക്കാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ നടപടികളും തുടങ്ങി. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തുടർന്ന് പടികൾ സ്വീകരിക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിനു കഴിഞ്ഞില്ല. കുറ്റക്കാരായ പൊലീസുകാരിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുന്നതിനെതിരെ പാറശ്ശാല സബ്ഇൻസ്പെക്ടർ സബ് ഇൻസ്പെക്ടർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് നഷ്ടപരിഹാരത്തുക പൊലീസുകാരിൽ നിന്നും ഈടാക്കുന്നതടക്കമുള്ള നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

വിധിക്കെതിരെ ഇപ്പോഴത്തെ ഇടതു സർക്കാർ അപ്പീൽ പോയില്ലെന്നു മാത്രമല്ല നഷ്ടപരിഹാരത്തുക പൊലീസുകാരിൽ നിന്നും ഈടാക്കുന്നതിനു പകരം സർക്കാർ ഖജനാവിൽ നിന്നും തന്നെ അതെടുത്ത് ശ്രീജിത്തിന്റെ കുടുംബത്തിനു നൽകി. ഇതു വരെ സ്റ്റേ നീക്കാൻ ഇടതു സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന വിമർശനവും ശക്തമാണ്.

വസ്തുതകൾ ഇതായിരിക്കെ തങ്ങൾ ശ്രീജിത്തിനു വേണ്ടി പരമാവധി നീതി ചെയ്തുവെന്ന വ്യാജ പ്രചരണമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണം സിപിഎമ്മിനെതിരെ കോൺഗ്രസിന്റെ സൈബർ പോരാളികൾ സജീവമാക്കി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുൻ സർക്കാരിനു മേൽ പഴിചാരി വിഷയത്തിൽ നിന്നും കൈകഴുകാനാണ് ഇടതു സർക്കാരിന്റെ നീക്കമെന്നും വിമർശനമെത്തി. ഇതോടെയാണ് വിഷയത്തിൽ കരുതലോടെ ഇടപെടാൻ പിണറായി സർക്കാർ തയ്യാറെടുക്കുന്നത്.

എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ല. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ. ഫിലിപ്പോസും ചേർന്ന് മർദ്ദിച്ചും വിഷം നൽകിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലെയിന്റ്സ് അഥോറിറ്റികണ്ടെത്തിയത്.

പിന്നീട് വിശദമായ അന്വേഷണങ്ങളൊന്നും നടന്നില്ല. ഇതിൽ ഗോപകുമാറും ഫിലിപ്പോസുമെല്ലാം പൊലീസിൽ വിലസുകയാണ്. എസ് ഐയായിരുന്ന ബിജു കുമാർ രേഖകളിൽ കൃത്രിമം കാട്ടി ഇവരെ രക്ഷപ്പെടുത്താനും ശ്രമിച്ചു. ബിജു കാട്ടാക്കട എസ് ഐയാണ്. ഇതും ശ്രീജിത്തിന്റെ പ്രതിഷേധത്തിന് പുതിയ തലം നൽകുന്നു. ഈ വാദം സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്. ഇത് പിണറായി സർക്കാരിനും വെല്ലുവിളിയാണ്.

പൊലീസ് കംപ്ലയിന്റ് അഥോറിട്ടി സിബിഐ അന്വേഷണത്തിനല്ല ആവശ്യപ്പെട്ടത്. സ്വതന്ത്രമായ അന്വേഷണമാണ് ലക്ഷ്യമിട്ടത്. അതും അട്ടിമറിക്കപ്പെട്ടു. പ്രത്യേക സംഘത്തെ നിയോഗിച്ച് ഈ കേസിൽ അന്വേഷണം നടത്താൻ സർക്കാരിന് കഴിയുമെന്ന വിലയിരുത്തലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കേസിൽ അന്വേഷണത്തിന് സർക്കാർ ആലോചന നടത്തുന്നത്.