തിരുവനന്തപുരം: 24 ന്യൂസിൽ എത്തിയ ചെമ്പോല വ്യാജമെന്ന വാദം അതിശക്തം. ഹൈക്കോടതിയിലെ കേസിൽ ഇത് തെളിഞ്ഞതാണെന്നും പുരാവസ്തു വിദഗ്ധൻ എംജി ശശിഭൂഷൺ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെമ്പോല ചർച്ചയിലാണ് ആ രേഖയ്ക്ക് പിന്നിലെ കഥ ശശിഭൂഷൻ പറയുന്നത്. ചീരപ്പൻ ചിറക്കാർക്കു വേണ്ടി തിരുവനന്തപുരത്തെ പുരാവസ്തു വിദഗ്ധൻ ഉണ്ടാക്കിയതാണ് ഇതെന്നും ആരോപിക്കുന്നു. ഈ രേഖയാണ് ശബരിമല പ്രക്ഷോഭ കാലത്ത് പുനരവതരിപ്പിച്ചതെന്നും ശശിഭൂഷൺ വിശദീകരിക്കുന്നു. ഇതോടെ സംശങ്ങൾ കൂടുകയാണ്. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിൽ ഇത് എങ്ങനെ എത്തിയതെന്നത് ദൂരൂഹമായി തുടരും.

ചീരപ്പൻ ചിറയുമായി ബന്ധപ്പെട്ട് അമ്പതുകളിലെ കേസാണ് ചെമ്പോലയ്ക്ക് അടിസ്ഥാനം. ശബരിമലയിൽ ദേവസ്വം ബോർഡിന് അവകാശം കിട്ടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ ശബരിമലയിലെ കച്ചവടം ഉൾപ്പെടെ എല്ലാം ലേലം പോകാൻ തുടങ്ങി. ഇതിനെതിരെയാണ് ചീരപ്പൻ ചിറ കോടതിയിൽ എത്തിയത്. അന്ന് ആ കേസിന് ബലമേകാൻ ഒരു രേഖ ആവശ്യമുണ്ടായിരുന്നു. അങ്ങനെ തിരുവനന്തപുരത്തെ വട്ടെഴുത്തു വിദഗ്ധൻ തയ്യാറാക്കിയതാണ് ഈ രേഖയെന്ന് ശശിഭൂഷൺ പറയുന്നു. പ്രമുഖ ഗവേഷകൻ വി ആർ പരമേശ്വരൻ പിള്ളയാണ് ഈ രേഖ വ്യാജമെന്ന് കണ്ടെത്തിയത്. 1983ൽ തന്നോട് ഇക്കാര്യം നേരിട്ടു തന്നെ പറഞ്ഞു തന്നിട്ടുണ്ടെന്ന് ശശിഭൂഷൺ പറയുന്നു.

24 ന്യൂസുമായി ബന്ധപ്പെട്ട പല വിവാദങ്ങൾക്കും ശ്രീകണ്ഠൻ നായർ മറുപടി പറയാറുണ്ട്. എന്നാൽ ഇതിന് മാത്രം ഒന്നും പറയുന്നുമില്ല. ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകളിൽ വിനു വി ജോണിനെ പല ദിവസവും വിമർശിച്ചു. ഇതിന് മറുപടിയെന്നോണമാണ് ചെമ്പോലയിൽ സ്ഥിരം ചർച്ച ഏഷ്യാനെറ്റ് ന്യൂസ് ചെയ്യുന്നത്. എന്നിട്ടും ശ്രീകണ്ഠൻ നായർ മൗനത്തിലാണ്. പൊലീസിൽ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. ഇതിലൊന്നും എഫ് ഐ ആർ പൊലീസ് ഇട്ടിട്ടുമില്ല. ശബരിമല പ്രക്ഷോഭ സമയത്ത് ആയതു കൊണ്ട് തന്നെ ഗുഡാലോചന വ്യക്തമാണ്.

ശബരിമല പ്രക്ഷോഭ കാലത്ത് യുവതീ പ്രവേശത്തെ അനുകൂലിക്കാനായി ചർച്ചയാക്കിയ ചെമ്പോല മോൻസൺ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നുള്ളതാണെന്നായിരുന്നു 24 ന്യൂസിന്റെ വിശദീകരണം. എന്നാൽ ഇക്കാര്യം മാവുങ്കൽ റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റാരെങ്കിലും പ്രക്ഷോഭകാലത്ത് വാർത്താ പ്രാധാന്യവും തമ്മിലടിയും ഉണ്ടാക്കാനായി ഉപയോഗിച്ചതാണോ ഈ രേഖയെന്നാണ് ഉയരുന്ന സംശയം. അതിനിടെ കേന്ദ്ര പുരാവസ്തു വകുപ്പിനോട് രേഖയിൽ ക്രൈംബ്രാഞ്ച് വിശദീകരണം തേടിയിട്ടുണ്ട്.

പ്രമുഖ സാഹിത്യകാരൻ ഗുപ്തനായരുടെ മകനാണ് ശശിഭൂഷൺ. അറിയപ്പെടുന്ന ചരിത്രകാരനും. ഏഷ്യാനെറ്റ് ന്യൂസിന്റെ ഇന്നലത്തെ ചർച്ചയിലാണ് ചെമ്പോലയിലെ വ്യാജം ശശിഭൂഷൻ വെളിപ്പെടുത്തുന്നത്. ചീരപ്പൻ ചിറക്കാർ കോടതിയിൽ ഹാജരാക്കിയ ചെമ്പോല നൂറു ശതമാനം വ്യാജമാണെന്ന് ശശിഭൂഷൺ പറയുന്നു. കടലാസിൽ എഴുതി തയ്യാറാക്കിയ രേഖ ഏതോ സ്വർണ്ണ പണിക്കാരന്റെ സഹായത്താൽ ചെമ്പോല ആക്കുകയായിരുന്നു. അഭിഭാഷകന്റെ നിർദ്ദേശ പ്രകാരമായിരിക്കും അത് നടന്നത്. ഇത് വ്യാജമെന്ന് പരമേശ്വരൻ പിള്ള ഉറപ്പിക്കാനുള്ള കാര്യകാരണങ്ങളും ശശിഭൂഷൺ വെളിപ്പെടുത്തുന്നു.

രാജകുടുംബങ്ങൾ തയ്യാറാക്കുന്ന ചെമ്പോലയ്ക്ക് കട്ടി കൂടുതലാണ്. ആ കട്ടി ശബരിമല ചെമ്പോലയ്ക്കില്ല. കേരളത്തിൽ ആയില്യം തിരുന്നാളാണ് റൗണ്ട് സീൽ അവതരിപ്പിച്ചത്. എന്നാൽ അതിന് മുമ്പേ തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന ചെമ്പോലയിൽ ഉള്ളത് റൗണ്ട് സീലാണ്. അതിൽ നിന്ന് തന്നെ കേസിന് വേണ്ടി ഉണ്ടാക്കിയതാണ് ചെമ്പോലയെന്ന് വ്യക്തമാണെന്നും ശശിഭൂഷൺ പറയുന്നു. ബ്രിട്ടീഷുകാരുടെ സ്വാധീനത്തിലാണ് റൗണ്ട് സീൽ വരുന്നത്. അത് ഈ രേഖയിൽ വന്നത് തന്നെ പിന്നീടെപ്പെഴോ തയ്യറാക്കിയാണ് ഇതെന്നതിന് തെളിവാണ്. ഇക്കാര്യം ഹൈക്കോടതിക്ക് വേണ്ടി നടന്ന പരിശോധനയിലും വ്യക്തമാണെന്ന് ശശിഭൂഷൺ പറയുന്നു.

പന്തളം രാജകുടുംബം പുറപ്പെടുവിച്ചതാണ് ചെമ്പോല എന്നാണ് അവകാശ വാദം. അതും 1671ൽ. അക്കാലത്ത് പന്തളം രാജവംശം ഇല്ല. 17-ാം നൂറ്റാണ്ടിന്റെ അവസാനം മാത്രമാണ് അവർ പന്തളത്ത് എത്തിയത്. പന്തളത്തിന്റെ ദേശവഴി അനുസരിച്ച് ഈ രേഖയുടെ കാലത്ത് അയിരൂർ രാജവംശമായിരുന്നു അവർ. ചെങ്ങന്നൂരിലെ പാണ്ടനാടായിരുന്നു താമസം. കോന്നിയിലും അച്ചൻകോവിലിലും താമസിച്ച ചരിത്രവും ഈ രാജവംശത്തിനുണ്ട്. അതുകൊണ്ട് ഹൈക്കോടതിയിലെ രേഖയിൽ പന്തളം രാജകുടുംബം എന്ന് വന്നതു തന്നെ തട്ടിപ്പിന് തെളിവാണ്-ശശി ഭൂഷൻ പറയുന്നു.

ഈ വ്യാജ രേഖ തന്നെയാണ് 24 ന്യൂസും കാണിച്ചതെന്ന് ശശിഭൂഷൻ ഉറപ്പിച്ചു പറയുന്നു. ഇതിന് കാരണം ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലെ അതേ വാചകങ്ങളാണ് പുറത്തു വന്നതിലുമുള്ളത്. പുരാവസ്തു വിദഗ്ധനായ ബി ആർ രാഘവ വാര്യർ അത് വായിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭ കാലത്ത് ഈ വാർത്ത വന്നപ്പോൾ തന്നെ രാഘവ വാര്യരോട് താൻ ഇത് ചോദിച്ചിരുന്നു. അന്ന് തിരുവനന്തപുരത്തെ വട്ടോല എഴുത്ത് വിദഗ്ധന്റെ കാര്യവും സംസാരിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞിട്ടും ആ രേഖയിലെ സത്യം പുറത്തു പറയാൻ രാഘവവാര്യർ തയ്യാറായില്ലെന്ന് ശശിഭൂഷൺ പറയുന്നു.