ന്യൂഡൽഹി: രാസവസ്തു വായിൽ ഒഴിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെതിരെ സിബിഐ കേസെടുത്തു. ചോറ്റാനിക്കര സ്വദേശി ശ്രുതി സുരേഷാണ് ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി ശ്രീകാന്ത് മേനോനെതിരെ പരാതി നൽകിയത്. എഫ്‌ഐആർ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു.

കാനഡയിൽ വച്ച് ഭർത്താവ് ക്രൂരപീഡനം നടത്തിയതിൽ ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സിബിഐ ഏറ്റെടുത്തത്. കാനഡയിൽ വച്ച് ഡ്രൈയിനേജ് പൈപ്പുകളിലെ മാലിന്യം കളയാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ശ്രീകാന്ത് മേനോൻ ഭാര്യ ശ്രുതിയുടെ വായിലൊഴിച്ചത്. യുവതിയുടെ അന്നനാളവും, ശ്വാസനാളവുമടക്കം കരിഞ്ഞുപോയിരുന്നു. കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തോടെയാണ് ശ്രുതിയുടെ ഇപ്പോഴത്തെ ജീവിതം. ഇപ്പോഴും യുവതിക്ക് സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല.

2018ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2020ൽ ശ്രുതി ഭർത്താവിനൊപ്പം കാനഡയിലെത്തി. ലഹരിക്കടിമയായ ഭർത്താവ് ക്രൂരമായി മർദിച്ചെന്നും രാസവസ്തു കുടിപ്പിച്ചെന്നുമാണ് പരാതി. ഗുരുതരമായി പരുക്കേറ്റ യുവതി നാട്ടിലെത്തി ചികിത്സ തേടി. ഇയാൾ ശ്രുതിയെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും ക്രൂരമായി മർദിച്ച് ഒടുവിൽ ഗർഭം അലസിപ്പിക്കുകയുമായിരുന്നു. ഒന്നാം വിവാഹ വാർഷികത്തിൽ യുവതിയെ കൊലപ്പെടുത്താൻ ഇയാൾ കാറപകടം ഉണ്ടാക്കാൻ ശ്രമിച്ചു. അതോടൊപ്പം നിരവധി തവണ യുവതിയുടെ ശരീരത്തിൽ മാരകമായ ലഹരി മരുന്നുകൾ കുത്തിവെക്കുകയും ചെയ്തു.

ശ്രുതിയുടെ 75 പവൻ സ്വർണം ഇയാൾ തട്ടിയെടുത്തെന്നും പരാതിയുണ്ട്. നാട്ടിലെത്തിയതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. ഭർത്താവ് വിദേശത്തായതുകൊണ്ട് തന്നെ അന്വേഷണത്തിന് പരിമിധികളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേസ് സിബിഐയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് അംഗീകരിക്കുകയും ചെയ്തു.

തുടക്കം മുതൽ തന്നെ പൊലീസ് കേസിൽ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി യുവതിയുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. രണ്ട് വർഷം മുൻപാണ് വിവാഹം കഴിഞ്ഞ യുവതി ഭർത്താവിനൊപ്പം കാനഡയിൽ പോകുന്നത്. ശ്രീകാന്ത് മേനോൻ ലഹരിക്ക് അടിമയായിരുന്നു. നിത്യേന ലഹരി ഉപയോഗിച്ചിരുന്ന ശ്രീകാന്ത് മേനോൻ ഭാര്യയേയും ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചിരുന്നു. ഇത് നിരസിച്ച ശ്രുതിയെ ശ്രീകാന്ത് ക്രൂരമായി മർദിച്ചിരുന്നു.

ശ്രുതി മദ്യം കുടിക്കാൻ വിസമ്മതിച്ചിൽ പ്രകോപിതനായാണ് ഭർത്താവ് ശ്രീകാന്ത് രാസവസ്തു നൽകുകയായിരുന്നു. പൈപ്പിൽ നിന്ന് മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ശ്രുതിക്ക് നൽകിയത്. തുടർന്ന് ശ്രുതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയി. രാസവസ്തു സ്വയം കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കാനഡ പൊലീസിന് ശ്രുതി അന്ന് നൽകിയ മൊഴി.

എന്നാൽ ഭർത്താവിന്റെ ഭീഷണിയെ തുടർന്നാണ് അത്തരത്തിലൊരു മൊഴി നൽകിയതെന്ന് ശ്രുതി നാട്ടിലെത്തിയതിന് ശേഷം പൊലീസിനോട് വ്യക്തമാക്കി. നാട്ടിലേക്ക് ജീവനോടെ തിരികെയെത്തണമെന്ന ആഗ്രഹം കൊണ്ടാണ് ഭർത്താവിനെതിരെ മൊഴി നൽകാതിരുന്നതെന്നും ശ്രുതി പറഞ്ഞിരുന്നു.