- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനു വി ജോണിനെ സർക്കാരും സി പി എമ്മും അതിശക്തരായ ട്രേഡ് യൂണിയൻ നേതാക്കളും പേടിക്കുന്നത് എന്തിന്? രാജീവ് ചന്ദ്രശേഖർ അടക്കം മാധ്യമ മുതലാളിമാരെ ആക്രമിക്കാത്തത് എന്തുകൊണ്ട്? ശ്രീകുമാർ മനയിലിന്റെ കുറിപ്പ്
തിരുവനന്തപുരം: ദേശീയ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതെങ്കിലും, അത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സമരാഭാസങ്ങൾ അനവധി അരങ്ങേറി. ആശുപത്രിയിൽ പോയ രോഗികൾ അടക്കം ഉള്ളവരെ വാഹനങ്ങളിൽ നിന്നിറക്കി വിടുക, വാഹനങ്ങൾ തകർക്കുക, ബസ് ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുക, മുഖത്തുതുപ്പുക, എന്നിങ്ങനെ അതിക്രമങ്ങൾ ഏറെ സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ട് എളമരം കരീമിനെ ലാക്കാക്കി നടത്തിയ പരാമർശത്തിന്റെ പേരിൽ, ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഈ പശ്ചാത്തലത്തിൽ വിനു വി ജോണിനെ ആർക്കാണ് പേടി എന്ന് ചോദിക്കുകയാണ് മാധ്യമ പ്രവർത്തകനായ ശ്രീകുമാർ മനയിൽ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം.
വിനു വി ജോണിനെ ആർക്കാണ് പേടി...
കേരളത്തിലെ ഭരണകൂടവും അതിനെ നയിക്കുന്ന സി പി എമ്മും, ഇരുപക്ഷത്തമുള്ള അതിശക്തരായ ട്രേഡ് യൂണിയൻ നേതാക്കളും, അവരുടെ കങ്കാണിമാരുമെല്ലാം കേവലം സാധാരണക്കാരനായ ഒരു മാധ്യമപ്രവർത്തകനെ ഇത്ര കണ്ട് ഭയപ്പെടുന്നതെന്തിനാണ് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അതിലേക്ക് വരും മുമ്പ് മറ്റൊരു കാര്യം പറഞ്ഞ് തുടങ്ങാം,
പിണറായി വിജയൻ അധികാരത്തിലേറിയ 2016 മെയ് മാസം മുതൽ കേരളത്തിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ഒരു ഭയാനകമായ bifurcation രൂപം കൊണ്ടിരുന്നു. മോദി അധികാത്തിലേറിയപ്പോൾ ഡൽഹിയിലെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പല വകുപ്പുകളുടെയും മേലധ്യക്ഷന്മാരും ഉന്നത ഉദ്യേഗസ്ഥരുമെല്ലാം തങ്ങളുടെ ആർഎസ്എസ് പൂർവ്വകാലം ഗൃഹാതുരത്വത്തോടെ ഓർക്കാൻ തുടങ്ങിയകാര്യം ഒരു സുഹൃത്ത് സൂചിപ്പിച്ചതോർക്കുന്നു.
ചിലർ തങ്ങൾ വിദ്യാർത്ഥികളായിരുന്ന കാലത്ത് ആർഎസ്എസ് ശാഖയിൽ പോയ അനുഭവങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും, ജയ് ശ്രീറാം എന്നൊക്കെ വാളിൽ എഴുതിവയ്കുകയും ചെയ്യുമായിരുന്നു. ഏതാണ്ട് അതിന് സമാനമായ സംഭവവികാസങ്ങളാണ് പിണറായി ഭരണമേറ്റ ദിനങ്ങളിൽ കേരളത്തിൽ രൂപപ്പെട്ടത്.
പെട്ടെന്നായിരുന്നു കേരളത്തിലെ മാധ്യമ പ്രവർത്തകരിൽ കുറെപ്പേർ പഴയ എസ് എഫ് ഐക്കാരും ഡി വൈ എഫ് ഐക്കാരുമായത്, അവരുടെ സോഷ്യൽ മീഡിയാവാളുകളിൽ തങ്ങളുടെ നാട്ടിലെ കുട്ടപ്പൻ സഖാവും, കുഞ്ഞിക്കുട്ടൻസഖാവും ആന്റണി സഖാവും ഹമീദ് സഖാവും അവരുടെ ത്യാഗ നിർഭരമായ ജീവിതത്തിലൂടെ തങ്ങളുടെ തലമുറയെ ചെങ്കൊടിക്ക് കീഴിലേക്ക് ആവാഹിച്ചതിന്റെ ചരിത്രം നുരഞ്ഞ് പതയാൻ തുടങ്ങി, പിണറായി വിജയൻ ആകട്ടെ ഗ്രീക്ക് മിഥോളജിയിലെ സീയുസിനെപ്പോലെ ആകാശത്തിന്റെയും, ഭൂമിയുടെയും സകല ജീവജാലങ്ങളുടെയും അധിപനാവുകയും, അദ്ദേഹത്തിനെതിരെയുള്ള വിമർശനങ്ങൾ, അവ മാധ്യമങ്ങളിലൂടെയായാൽ പോലും ദൈവ നിന്ദയായി വ്യാഖ്യാനിക്കാനിപ്പെടാനും തുടങ്ങി. ചില ചാനലുകളിലെ ജേണലിസ്റ്റുകൾ കൂട്ടത്തോടെ പഴയ എസ് എഫ് ഐക്കാരായി മാമോദീസ മുങ്ങി, അവർ സാമുഹ്യമാധ്യമങ്ങളിൽ സി പി എം അംഗങ്ങളായ സൈബർ ഗുണ്ടകളെ ലജ്ജിപ്പിക്കുമാറ് ക്വട്ടേഷൻ പണികൾ ഏറ്റെടുത്തു, മറ്റ് ചില ജേണലിസ്റ്റുകളാകട്ടെ കയ്യിലിരുപ്പ് കൊണ്ട് കുടുങ്ങിപ്പോയ കേസുകളിൽ നിന്ന് തലയൂരാനും അറസ്റ്റ് ഒഴിവാക്കാനും വേണ്ടി മനപ്പൂർവ്വം വിഡ്ഡി വേഷം കെട്ടി.
യു ഡി എഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും, സഹമന്ത്രിമാരും യു ഡി എഫ്നേതാക്കളും നേരിടേണ്ടി വന്ന മാധ്യമആക്രമണങ്ങളുടെ പത്തിലൊന്ന് പോലും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും സഹപ്രവർത്തകർക്കും അവരുടെ പാർട്ടി നേതാക്കൾക്കും നേരിടേണ്ടി വന്നിട്ടില്ല. എന്നിട്ടും സർക്കാരിനും സി പിഎമ്മിനും എതിരായ ചെറിയ അനക്കങ്ങൾ പോലും വേരുകളിൽ തന്നെ നിശബ്ദരാക്കപ്പെടണമെന്ന് ഇവർ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്? അത് ഫാസിസത്തിന്റെ ഒരു അടിസ്ഥാന രീതിയാണ്, ചെറിയ അലോസരങ്ങൾ ഉറവിടങ്ങളിൽ കൈകാര്യം ചെയ്യപ്പെട്ടില്ലങ്കിൽ അത് വലിയ അലോസരങ്ങളും പിന്നീട് കൊടുങ്കാറ്റുകളുമായി മാറുമെന്ന് മോദിക്കും പിണറായിക്കുമൊക്കെ അറിയാം.
ഇനി വിനു വി ജോൺ പറഞ്ഞ കാര്യത്തിലേക്ക് വരാം, ഒരു മാസം മുമ്പ് പ്രഖ്യാപിച്ച പണിമുടക്കാണ് എന്നിട്ടും പുറത്തിറങ്ങിയപ്പോഴാണ് നുള്ളി പിച്ചി മാന്തി എന്നൊക്കെ പറഞ്ഞ്് ഇപ്പോൾ ചിലർ വരുന്നത്് ഇതാണ് എളമരം കരീം പറഞ്ഞിതിന്റെ രത്നച്ചുരുക്കം. എളമരം കരീമോ അദ്ദേഹത്തിന്റെ വീട്ടുകാരോ പണിമുടക്ക് കാലത്ത് പുറത്തിറങ്ങിയിരിക്കട്ടെ, ആരെങ്കിലും അദ്ദേഹത്തിന്റെ മുഖത്തടിക്കുകയോ, കാറിന്റെ ടയർ കുത്തിക്കീറുകയോ ചെയ്താൽ നുള്ളി പിച്ചി മാന്തി എന്ന ഡയലോഗ് തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമോ? ഇതാണ് വിനു വി ജോൺ പറഞ്ഞതിന്റെ രത്നച്ചുരുക്കം. ഇതിൽ പിടിച്ചാണ് എളമരം കരീമിനെ ആക്രമിക്കാൻ വിനു വി ജോൺ ആഹ്വാനം ചെയ്തതു എന്നതരത്തിലുള്ള പ്രചരണങ്ങളുണ്ടായതും, അദ്ദേഹത്തിന് നേരെ ക്രൂരമായ സൈബർ ആക്രമങ്ങളുണ്ടായതും.
യു ഡി എഫ് സർക്കാരിനെ താഴെ ഇറക്കിയതിൽ വലിയ പങ്കാണ് മാധ്യമങ്ങൾ വഹിച്ചത്. അത് പോലെ കേന്ദ്രത്തിലെ യു പി എ സർക്കാരിനെ താഴെ ഇറക്കുന്നതിലും ദേശീയ മാധ്യമങ്ങൾ വലിയ പങ്ക് വഹിച്ചു. പിണറായിയാകട്ടെ അതീവ സമർത്ഥമായി അത്തരം നീക്കങ്ങളെ മുളയിലേ നുള്ളി, അതിനായി ചതുരുപായങ്ങൾ പ്രയോഗിച്ചു, വഴങ്ങാത്തവർക്ക് നേരെ സൈബർ - പാർട്ടി ചാവേറുകൾ ചാടി വീണു, വലിച്ചുകീറി, സ്വന്തം ധാർമിക ശക്തിയുടെ ബലത്തിൽ മാത്രം മെരുങ്ങാത്തവരായി ചിലരുണ്ടായി. സഹപ്രവർത്തകയോ പീഡിപ്പിക്കുകയോ, മന്ത്രിമന്ദിരങ്ങളിൽ ശുപാർശക്കായി കാത്ത് കെട്ടിക്കിടക്കുകയോ ചെയ്യാത്തതുകൊണ്ട്് താൻ എന്തിന് മെരുങ്ങണമെന്ന് വിനുവിനെപ്പോലുള്ള അപൂർവ്വം മാധ്യമ പ്രവർത്തകർ ചിന്തിച്ചുകാണും.
ഏഷ്യനെറ്റായാലും മറ്റേത് മാധ്യമമായാലും അതിൽ പണം മുടക്കുന്നവർ ആണ് അതിന്റെ പോളീസി തിരുമാനിക്കുന്നത്. മാധ്യമങ്ങൾ മാധ്യമ പ്രവർത്തകരുടേതല്ല മാധ്യമ മുതലാളിയുടേതാണ്. എന്നിട്ടും എന്തുകൊണ്ടാണ് മാധ്യമ പ്രവർത്തകർ ഒറ്റ തിരഞ്ഞ് ആക്രമിക്കപ്പെടുന്നത്. രാജീവ് ചന്ദ്രശേഖറോ, ഗോകുലം ഗോപാലനോ, ഭീമാ ഗോവിന്ദനോ അമിത് - ജയന്ത് - റിയാദ് മാമൻ മാത്യുമാരോ ഒന്നും രാഷ്ട്രീയ നേതാക്കളാൽ വ്യക്തിപരമായി ആക്രമിക്കപ്പെടാത്തത് എന്തുകൊണ്ടാണ്? കാരണം മറ്റൊന്നുമല്ല ഈ രാഷ്ട്രീയ നേതാക്കൾക്ക് അതിസമ്പന്നരായ ഇവരെ ഭയമാണ്, ഇവരുടെ മുന്നിൽ കൈ നീട്ടി നിന്നാണ് അവർ തങ്ങളുടെ കീശകൾ വീർപ്പിക്കുന്നത്. അപ്പോൾ ആക്രമിക്കാൻ എളുപ്പമുള്ളവർ വിനു വി ജോണുമാരെപ്പോലുള്ള അതീവ വളരെ ദുർബലരായ പണിയെടുത്ത് കിട്ടുന്ന കാശ് കൊണ്ടു ഉപജീവനം കഴിക്കുന്നവരെയാണ്. നാളെ ജോലിക്ക് വരണ്ട എന്ന് പറഞ്ഞാൽ പട്ടിണിയാകുന്നവർ, അവർക്ക് നേരെ മാത്രമേ ദുർഭൂതങ്ങൾ കൂട്ടത്തോടെ പറന്നടുക്കുകയുള്ളു. ഇന്ന് വിനു വി ജോൺ നാളെ മറ്റാരെങ്കിലും.....