കൊച്ചി: എന്ത് വന്നാലും രണ്ടാമൂഴം നടക്കുമെന്നാണ് ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ പറയുന്നത്. എംടിക്ക് കൊടുത്ത വാക്ക് പാലിക്കാനാവാത്തതിൽ വേദനയും ഉണ്ട. എൺപത്തിനാല് വയസ്സുള്ള എംടി വാസുദേവൻ നായരുടെ ഏറ്റവും വലിയ ആഗ്രഹം തന്റ് ആയുസിൽ തന്നെ ചരിത്ര സിനിമ തിയേറ്ററിലെത്തണമെന്നാണ്. അത്രയേറെ എംടി സ്‌നേഹിച്ച തിരക്കഥയാണ് രണ്ടാമുഴത്തിന്റേത്. കർണ്ണനായി മോഹൻലാൽ അഭിനയിച്ച് തകർക്കുന്നത് സ്വപ്‌നം കണ്ട എംടിക്ക് സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങാനാവത്തതിൽ വേദനയുണ്ട്. ഈ വേദനയാണ് എംടിയെ കോടതി കയറ്റിയത്. തിരക്കഥയുടെ അവകാശം നൽകുമ്പോൾ ശ്രീകുമാർ മേനോൻ വിവാദങ്ങൾക്ക് അപ്പുറമുള്ള വ്യക്തിത്വമായിരുന്നു. പിന്നീട് കഥമാറി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായി. ഈ സമയത്ത് ദിലീപ് ഫാൻസുകാർ പ്രതിസ്ഥാനത്ത് നിർത്തിയത് ശ്രീകുമാർ മേനോനെയായിരുന്നു.

ദീലീപിനോട് ശ്രീകുമാർ മേനോനുള്ള പ്രശ്‌നങ്ങൾ ചർച്ചയായി. പിന്നെ ഒടിയൻ സിനിമ. ആന്റണി പെരുമ്പാവൂരുമായി പിണങ്ങിയെന്ന് പോലും റിപ്പോർട്ടുകളെത്തി. ഒടുവിൽ മോഹൻലാൽ ഇടപെട്ട് സിനിമ അവസാനത്തിലേക്ക് എത്തിച്ചു. ഒടിയന് വേണ്ടി തടി കുറച്ചതും മോഹൻലാലിന് വിനയായി. അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന അഭിപ്രായം പലരും ഉയർത്തി. ഇതോടെയാണ് രണ്ടാമൂഴത്തിൽ നിന്ന് പതിയെ മോഹൻലാൽ പിന്നോക്കം പോകുന്നത്. ഇതിന്റെ സാമ്പത്തികത്തിലും ലാലിന് സംശയം ഉയർന്നു. ഇതിനിടെ ശ്രീകുമാർ മേനോന്റെ പുഷ് എന്ന കമ്പനിയും പ്രതിസന്ധിയിലായി. പാപ്പർ ഹർജിയും നൽകി. വലിയ ഫ്രെയിമിലാണ് രണ്ടാമൂഴം ഒരുക്കാൻ ആഗ്രഹിച്ചത്. എന്നാൽ 1000 കോടി മുടക്കിയാൽ ഇത് ലാഭമുണ്ടാക്കുമോ എന്ന ചിന്ത പല ഘട്ടത്തിലും സജീവമായി. അതുകൊണ്ടാണ് സിനിമ നീട്ടിയെടുത്തത്. എന്നാൽ രണ്ടാമൂഴം സിനിമയായി കാണാൻ ആഗ്രഹിച്ച എംടിക്ക് ഇത് അംഗീകരിക്കാനായില്ല. അങ്ങനെയാണ് നിരവധി പേർ ക്യൂ നിൽക്കുന്ന തിരക്കഥയ്ക്ക് വേണ്ടി എംടി നിയമപോരാട്ടത്തിന് ഇറങ്ങിയത്.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്നറിയുന്നു. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചു. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്' എന്ന പേരിൽ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. 2019 ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വലിയ പ്രൊഡക്ഷൻ ആയിരിക്കും ചിത്രമെന്നും നിർമ്മാതാവ് ഷെട്ടി ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകൾ മോഹൻലാലിനൊപ്പം ചിത്രത്തിലുണ്ടാകുമെന്നും.

പ്രിപ്രൊഡക്ഷൻ ജോലികളൊക്കെ അവസാനഘട്ടത്തിലാണെന്നും പ്രഖ്യാപനം നടത്തിയിട്ട് മാസങ്ങൾ കഴിഞ്ഞുവെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടായില്ല. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാർ നേരത്തേ അറിയിച്ചിരുന്നത്.

കമ്പനിയും പൂട്ടി രണ്ടാമുഴവും കൈവിട്ടു!

തന്റെ കുടുംബ പ്രശ്നത്തിൽ ദിലീപ് എന്നും വില്ലൻ സ്ഥാനത്ത് നിർത്തിയത് ശ്രീകുമാർ മേനോനെയാണ്. പിന്നീട് മോഹൻലാൽ നായകനായി 1000 കോടിയുടെ ബ്രഹ്മാണ്ഢ ചിത്രം രണ്ടാമൂഴം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും ബജറ്റുള്ള ഒടിയൻ എന്ന സിനിമയുമായി വെള്ളിത്തിരയിലേക്കും കാലെടുത്തു വച്ചു. ഇങ്ങനെ മലയാള സിനിമയിലെ പ്രധാനിയായി മാറാനുള്ള ശ്രമത്തിനിടെയിൽ ശ്രീകുമാർ മേനോൻ തന്റെ ബ്രാൻഡിനെ കൈവിട്ടു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി ഇന്ന് സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുകയാണ്. ഇതോടെ കമ്പനി പൂട്ടി. കടങ്ങൾ ഒഴിവാക്കാൻ പാപ്പർ ഹർജിയും ഫയൽ ചെയ്തു.

ഇതിനിടെ രണ്ടാമൂഴത്തിന്റെ ഷൂട്ടിങ് അടുത്ത ജൂലൈയിൽ തുടങ്ങുമെന്ന പ്രഖ്യാപനമെത്തിയിരുന്നു. നിർമ്മാതാവ് ബി ആർ ഷെട്ടിയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് ശ്രീകുമാർ മേനോന്റെ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പർ ഹർജിയെ കുറിച്ചുള്ള വിരവങ്ങൾ കിട്ടിയത്. കമ്പനി പൂട്ടിയത് സംബന്ധിച്ച പൊതു അറിയിപ്പും നൽകിയിട്ടുണ്ട്. പാപ്പർ ഹർജിയുടെ ഭാഗമായാണ് കമ്പനി ഇത് നൽകിയത്. നിരവധി ചെക്കുകൾ മടങ്ങാൻ തുടങ്ങിയതോടെ പാപ്പർ ഹർജിയുമായി ശ്രീകുമാർ മേനോൻ കോടതിയേയും സമീപിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ പ്രധാന പരസ്യ കമ്പനിയായിരുന്ന പുഷിന്റെ കഥ കഴിയുകയാണ്. ഇവിടെ ജോലി ചെയ്തവർക്ക് ശമ്പളം പോലും കിട്ടാത്ത ദുരിതാവസ്ഥയാണുള്ളത്.

കല്യാണും മനോരമയുമായിരുന്നു 'പുഷിന്റെ' പ്രധാന കളൈന്റുകൾ. മനോരമയാണ് അവസാനം ഇവരെ ഒഴിവാക്കിയത്. ഇതോടെയാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. സിനിമയിലേക്ക് ശ്രദ്ധപോയതോടെ പുഷിന്റെ കാര്യങ്ങളിൽ നിന്ന് ശ്രീകുമാർ മേനോൻ അകലം പാലിച്ചു. ഇതോടെയാണ് ബിസിനസ് കുറഞ്ഞത്. കല്യാണായിരുന്നു ഇത് മനസ്സിലാക്കി ആദ്യം പുഷുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഇതോടെ സ്ഥാപനത്തിലെ പി ആർ വിഭാഗം തലവൻ മറ്റൊരു കമ്പനിയുണ്ടാക്കി. കല്യാണിന്റെ ജോലിയും അവർക്ക് കിട്ടി. പരസ്യ നിർമ്മാണം മുംബൈയിലെ കമ്പനിയും ഏറ്റെടുത്തു. പിന്നീട് പരസ്യ കമ്പനിയും ആഡ് ഫാക്ടറിയുടേതായി മാറി. ശമ്പളം കിട്ടാതെ പലരും പുഷിനെ കൈവിടുകയും ചെയ്തതോടെ പ്രതിസന്ധി കൂടി. ഈ സാഹചര്യത്തിലാണ് കമ്പനി പിരിച്ചുവിട്ട് സാമ്പത്തിക ബാധ്യതകളിൽ നിന്ന് തടിയൂരാൻ ശ്രീകുമാർ മേനോൻ നിയമപരമായ നടപടികൾ എടുക്കാൻ തുടങ്ങിയത്. ഇനി ഒടിയനിലും രണ്ടാമൂഴത്തിലുമാണ് ശ്രീകുമാർ മേനോന്റെ പ്രതീക്ഷ.

ഇനി പ്രതീക്ഷ ഒടിയനിൽ

അതിനിടെ ഒടിയന്റെ വിജയമാകും ശ്രീകുമാർ മേനോന്റെ മുന്നോട്ട് പോക്കിൽ നിർണ്ണായകം. ഈ സിനിമ വിജയമായില്ലെങ്കിൽ എല്ലാം അവതാളത്തിലാകും. കല്യാണിന്റെ പരസ്യവുമായി ബന്ധപ്പെട്ടാണ് മഞ്ജു വാര്യരുമായി ശ്രീകുമാർ മേനോൻ സൗഹൃദത്തിലാകുന്നത്. എന്നാൽ ഇന്ന് മഞ്ജുവുമായും അടുത്ത സൗഹൃദം ശ്രീകുമാർ മേനോന് ഇല്ലെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ ജാമ്യ ഹർജിയിൽ ശ്രീകുമാർ മേനോനെതിരേയും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ ഹർജിക്ക് മുമ്പ് തന്നെ ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിൽ അടുപ്പം കുറഞ്ഞിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

പരസ്യകല, ബ്രാൻഡിങ്, സ്ട്രാറ്റജിക് കൺസൾട്ടിങ്, പബ്ലിക് റിലേഷൻസ്, ഡിജിറ്റൽ ഈവന്റ്‌സ്, സെലിബ്രിറ്റി മാനേജ്മെന്റ്, എന്റ്റർറ്റെയിന്മെന്റ് ഇൻഫ്രാസ്ട്രക്ച്ചർ വികസന മേഖലകളിലായിരുന്നു പുഷ് ഇന്റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രവർത്തിച്ചിരുന്നത്. ഇതിന് ശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുമെന്ന അവകാശവാദവുമായണ് പുഷ് ഇന്റ്റഗ്രെറ്റഡ് കമ്മ്യൂണിക്കേഷൻസും എയോൺ ഇൻഫ്രാസ്ട്രക്ച്ചറും ചേർന്ന് രൂപം നൽകിയ എന്റ്റർറ്റെയിന്മെന്റ് കൺസോർഷ്യമായ പുഷ് മോഷൻ പിക്ച്ചർ കമ്പനി & എയോൺ എന്റർറ്റെയിന്മെന്റ് നിലവിൽ വന്നു. ഈ പദ്ധതികളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. ദക്ഷിണേന്ത്യയിൽ 10 മൾട്ടിപ്ലക്സ് സ്‌ക്രീനുകൾ സ്ഥാപിക്കുമെന്നും 2020 ൽ രാജ്യത്ത്് 50 സ്‌ക്രീനുകളും 2022 ൽ 100 സ്‌ക്രീനുകളും നിർമ്മിക്കുമെന്നുമുള്ള അവകാശ വാദങ്ങളും നിരത്തി. ഇതെല്ലാം പൊളിയുകയാണ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച പുഷ് പടിപടിയായി വളർന്ന് യു എ ഇ, മെന, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാൻഡുകളെല്ലാം പുഷിന്റെ ക്ലയന്റാവുകയും ചെയ്തു. എന്നാൽ ഒടിയനിലേക്ക് ശ്രീകുമാർ മേനോൻ ശ്രദ്ധമാറ്റിയതോടെ എല്ലാം അവതാളത്തിലായി.

ഒരു കാലത്ത് അമിതാഭച്ചൻ, സച്ചിൻ ടെന്റുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. പുഷ് ഇന്റർഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ എന്ന പരസ്യ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് ശ്രീകുമാറിനെ വെട്ടിലാക്കുന്ന പരാതിയുമായി രംഗത്ത് എത്തിയത്. ശ്രീ മേനോൻ വധഭീക്ഷണി മുഴക്കുന്നതായി യുവാവിന്റെ പരാതി ചർച്ചയാവുകയും ചെയ്തു. ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോൾ ശ്രീകുമാർ മേനോൻ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു.

നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാർ മേനോൻ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നുമാണ് ആനന്ദ് പാലക്കാട് എസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. നടന്ന കാര്യം പുറത്തുപറഞ്ഞാൽ യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി ശരിവയ്ക്കും വിധത്തിലാണ് പുഷ് തകർന്നടിയുന്നത്.

ദിലീപ് വില്ലനായി കണ്ട സംവിധായകൻ

ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാവ്യാ മാധവനാണ് ആദ്യം കോടതിയിൽ വിശദീകരിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ ഹൈക്കോടതിയിൽ നൽകിയ മുൻജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് അന്ന് കാവ്യ പറയാതെ പറഞ്ഞത്. സിനിമാ ലോകത്തെ ഈ ഗോസിപ്പ് ആദ്യം പുറത്തുവിട്ടത് മറുനാടനായിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയുടെ ജാമ്യ ഹർജി എത്തിയത്.

രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് ഇവരും പറഞ്ഞു നടന്നു. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് ദിലീപ് ഫാൻസുകാർ പറയുന്നത്. ഈ ആരോപണത്തിലെ വിശദാംശങ്ങളാണ് മറുനാടൻ നേരത്തെ പുറത്തു വിട്ടത്. മഞ്ജു വാര്യരുടെയും ദിലീപിന്റേയും വിവാഹമോചനത്തിലും ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് കാവ്യ ജാമ്യ ഹർജിയിലൂടെ പിന്നീട് ആരോപിക്കുകയും ചെയ്തു. ഇങ്ങനെ മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും ശ്രീകുമാർ മേനോൻ ചർച്ചയിലെത്തി.

ഈ കേസിൽ പൊലീസ് മൊഴി എടുക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയുമാണ്. തുടക്കത്തിൽ രണ്ടാമൂഴത്തിനോട് മോഹൻലാലിന് വലിയ താൽപ്പര്യമായിരുന്നു. എന്നാൽ ഒടിയന്റെ ചിത്രീകരണം തുടങ്ങിയതോടെ ഇതിന് മാറ്റം വന്നു, മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്. സംവിധായകനും നിർമ്മാതാവും തമ്മിൽ പ്രശ്നമുള്ളതായി റിപ്പോർട്ടും വന്നു. ഈ സഹചര്യത്തിൽ രണ്ടാമൂഴത്തിന് മോഹൻലാൽ കരുതലോടെ മാത്രമേ കൈകൊടുക്കുവെന്നാണ് സൂചന. ഇതിനിടെയാണ് ശ്രീകുമാർ മേനോന്റെ പാപ്പർ ഹർജി ചർച്ചയായത്. ഇതിനിടെയാണ് രണ്ടാമൂഴത്തിൽ എംടിയും ശ്രീകുമാറിനെതിരെ രംഗത്ത് വരുന്നത്.