കൊളംബോ: ശ്രീലങ്കയിൽ നാടകീയ രാഷ്ട്രീയ നീക്കം. പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമിസിംഗയെ പുറത്താക്കി. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയാണ് പുതിയ പ്രധാനമന്ത്രി. രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സ്വകാര്യ ടെലിവിഷൻ ചാനൽ പുറത്തുവിട്ടു.

സർക്കാരിന്റെ ദൈനംദിന ഭരണത്തിലും. സാമ്പത്തിക നയത്തിലും സിരിസേനയും, വിക്രമസിംഗയും ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു.സിരിസേനയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് വിക്രമസിംഗയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുമായി ചേർന്നുള്ള ഐക്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. യുപിഎഫ്എയുടെ ജനറൽ സെക്രട്ടറിയും, കൃഷി മന്ത്രിയുമായ മഹിന്ദ അമരവീര പാർട്ടി തീരുമാനം പാർലമെന്റിനെ അറിയിച്ചതായി വെളിപ്പെടുത്തി.

ഒരുപതിറ്റാണ്ടുനീണ്ട രാജപക്‌സെയുടെ ഭരണം അവസാനിപ്പിച്ച് വിക്രമസിംഗയുടെ പിന്തുണയോടെയാണ് സിരിസേന 2015 ൽ പ്രസിഡന്റായത്. രാജപ്കസെയുടെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന സിരിസേന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വേണ്ടിയാണ് വിട്ടുപോയത്.

സിരിസേനയുടെ നടപടി ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഭകണഘടനയുടെ 19 ാം ഭേദഗതി പ്രകാരം പാർലമെന്റിൽ ഭൂരിപക്ഷമില്ലാതെ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാവില്ല. 95 സീറ്റുകളുള്ള രാജപക്‌സെ-സിരിസേന കൂട്ടൂകെട്ടിന കേവല ഭൂരിപക്ഷമില്ല. 106 സീറ്റുള്ള യുഎൻപിക്ക് ഭൂരിപക്ഷത്തിന് ഏഴുസീറ്റിന്റെ കുറവുണ്ട്.. വിക്രമിസിംഗയോ യുഎൻപിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിക്രമസിംഗയുമായി ഭരണതലത്തിൽ സംഘർഷമേറിയതോടെയാണ് ഭരണമുന്നണിയിൽ നിന്ന് സിരിസേനയുടെ പാർട്ടി സ്ഥലം വിട്ടത്.

ഫെബ്രുവരിയിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ, രാജപക്‌സെയുടെ പാർട്ടി ഉജ്ജല വിജയം നേടിയതോടെയാണ് കാര്യങ്ങൾ മാറിമറിയാൻ തുടങ്ങിയത്. ഇത് ഭരണമുന്നണിയുടെ മേലുള്ള ഹിതപരിശോധനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. മഹിന്ദ രാജപക്‌സെയുടെ സഹോദരനും, മുൻ ഉന്നത് പ്രതിരോധ ഉദ്യോഗസ്ഥനുമായ ഗോഗബായ രാജപക്‌സയ്ക്കും തനിക്കും നേരേയുണ്ടായ വധശ്രമം തങ്ങളുടെ കൂട്ടുകക്ഷിയായ യുഎൻപി വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ലെന്ന് സിരിസേന ആരോപിച്ചിരുന്നു.