തിരുവനന്തപുരം: ചലച്ചിത്ര-സീരിയൽ നടി ശ്രീലത മേനോൻ അന്തരിച്ചു. 47 വയസായിരുന്നു.

അപൂർവ അസ്ഥിരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ശ്രീലത മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. വർഷങ്ങളായി രോഗശയ്യയിലായിരുന്നു ശ്രീലത.

ശ്രീലതയും മുന്ന് മക്കളും ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നതു സുമനസുകളുടെ സഹായത്തോടെയാണ്. അസ്ഥിരോഗം കടുത്ത ശ്രീലതയുടെ രണ്ട് വൃക്കകളും തകരാറിലായിരുന്നു.

തിരുവനന്തപുരം കുന്നുകുഴി വടയ്ക്കാട് മടവിളാകം തറവാട്ടിൽ റിട്ടയേഡ് തഹസീൽദാർ നാരായണ മേനോന്റെയും ഖാദി ബോർഡ് റിട്ടയേഡ് സൂപ്രണ്ട് ഭവാനിയുടേയും മകളാണ് ശ്രീലത മേനോൻ. ബിരുദധാരിയായ ഇവർ 1985ൽ മിസ് തിരുവനന്തപുരം പട്ടം നേടിയാണ് കലാരംഗത്തെത്തിയത്.

ഇരുനൂറോളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശ്രീലത പെരുന്തച്ചൻ, അർഹത, ദിനരാത്രങ്ങൾ, കേളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

എല്ലുകൾ തനിയെ പൊട്ടുന്ന 'സിസ്റ്റമിക് ലൂപ്പസ് എറിത്രോമാറ്റിസ്' എന്ന മാരകരോഗത്തിന് ശ്രീലത 23 വർഷമായി ചികിത്സയിലായിരുന്നു ഏഴു വർഷം മുന്പ് ഭർത്താവ് കെ.എസ്. മധു രക്താർബുദം ബാധിച്ചു മരിച്ചു. മധുവിന്റെ ചികിത്സയ്ക്കുവേണ്ടി കടക്കെണിയിലായ കുടുംബത്തിനുവേണ്ടി വേദന കടിച്ചമർത്തി ശ്രീലത സിനിമ സീരിയൽ അഭിനയം തുടരുകയായിരുന്നു. പിന്നീട് ഇരുകണ്ണുകളുടേയും കാഴ്ചശക്തി നഷ്ടപ്പെട്ടതിനാൽ അഭിനയം തുടരാൻ സാധിച്ചില്ല. അർജുൻ, ആദി, അരവിന്ദ് എന്നിവരാണ് ശ്രീലതയുടെ മക്കൾ.

അധികമാരും തുണയില്ലാതെ മെഡിക്കൽ കോളേജിൽ തീരാരോഗത്തോടു മല്ലിട്ടിരുന്ന ശ്രീലതയുടെ കഥ മാദ്ധ്യമങ്ങൾ വാർത്തയാക്കിയപ്പോഴാണു പുറംലോകം അറിഞ്ഞത്. താരം ദുരിതക്കിടക്കയിൽ ആണെന്ന് അറിഞ്ഞതോടെ വിവിധ കോണുകളിൽ നിന്നു സഹായമെത്തിയിരുന്നു. സർജിക്കൽ വാർഡിൽ തന്റെ മക്കളോടൊപ്പം, ബന്ധുക്കളുടേയോ, മറ്റൊരുടേയോ തുണയില്ലാതെ കഴിഞ്ഞിരുന്ന ശ്രീലതയ്ക്കു സഹായമായി നിരവധി പേരെത്തി.

സംസ്ഥാന സർക്കാരും ചലച്ചിത്ര അക്കാദമിയും ശ്രീലതയെ സഹായിച്ചിരുന്നു. സഹായങ്ങൾ എത്തിയെങ്കിലും രോഗദുരിതങ്ങളിൽ നിന്നു പൂർണമായും മോചിതയാകാൻ അതൊന്നും മതിയാകുമായിരുന്നില്ല.

ആരെയും തിരിച്ചറിയാൻ കഴിയാതെ, ഭാഗികമായി ചലനശേഷി നശിച്ച നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൂന്ന് മക്കളിൽ മൂത്തവനായ 22 കാരൻ അർജുനാണ് കുടുംബത്തിന്റെ ചെലവുകൾ നോക്കിയിരുന്നത്. കൂലിപ്പണിക്കു പോയാണ് അമ്മയെയും അനുജന്മാരെയും അർജുൻ പരിപാലിച്ചത്. എന്നാൽ അമ്മ ആശുപത്രിയിലായതോടെ ജോലിക്കു പോകാൻ പോലും അർജുനു സാധിച്ചിരുന്നില്ല. 14 വയസ്സുകാരനായ ആദിയും 8 വയസ്സുള്ള അരവിന്ദും സ്‌ക്കൂളിൽ നിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണം കൊണ്ടായിരുന്നു വിശപ്പു മാറ്റിയിരുന്നത്.