ആലപ്പുഴ: നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കുവാൻ ചികിത്സ നടത്തുന്നതനിടെ ദേവിയുടെ അനുഗ്രഹം തേടിയാണ് മോഹനൻ വൈദ്യരുടെ ഭാര്യ ശ്രീലത മോഹനൻ പട്ടാഴി ദേവീ ക്ഷേത്രത്തിൽ ദർശനം നടത്താനായി കഴിഞ്ഞ വെള്ളിയാഴ് പോയത്. മോഹനൻ വൈദ്യരുടെ സഹോദരന്റെ ഭാര്യ ഭാനുമതിയും മരുമകൾ രജനിയുമൊത്തായിരുന്നു ദർശനം.

അഭീഷ്ടവരദായിനിയായ പട്ടാഴി ദേവിയുടെ തിരുമുന്നിൽ മനമുരുകി പ്രാർത്ഥിച്ചാൽ എന്ത് കാര്യവും നടക്കും എന്ന വിശ്വാസത്തിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കൊട്ടാരക്കരയിലെ ബന്ധുവീട്ടിൽ എത്തിയത്. അവിടെ നിന്നും വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി. നഷ്ടപ്പെട്ട കാഴ്ച തിരികെ ലഭിക്കാനായി പ്രാർത്ഥിച്ചു. ബന്ധുക്കൾ ശ്രീലതയെ ക്ഷേത്രത്തിന്റെ ഒരു വശത്ത് നിർത്തിയ ശേഷം വഴിപാട് കഴിപ്പിക്കാനായി പോയപ്പോഴാണ് സ്വർണ്ണമാല നഷ്ടപ്പെട്ട് നിലവിളിക്കുന്ന സുഭദ്രാമ്മയുടെ ശബ്ദം കേൾക്കുന്നത്. ശ്രീലത അക്കാര്യം ഓർത്തെടുക്കുന്നത് ഇങ്ങനെ;

'ക്ഷേത്രത്തിന്റെ ഒരു വശത്ത് നിൽക്കുകയായിരുന്നു. ഉച്ചത്തിലുള്ള നിലവിളി കേട്ട് അടുത്തുണ്ടായിരുന്നവരോട് കാര്യം തിരക്കി. അപ്പോഴാണ് ഒരു അമ്മ മാല നഷ്ടപ്പെട്ടത് പറഞ്ഞ് ദേവിയുടെ മുന്നിൽ കരഞ്ഞ് നിലവിളിച്ച് കിടക്കുകയാണ് എന്ന് അവർ പറയുന്നത്. 75 ശതമാനത്തോളം കാഴ്ച നഷ്ടപ്പെട്ടയാളാണ് ഞാൻ. അതിനാൽ മറ്റൊരാളുടെ സഹായമില്ലാതെ എവിടേക്കും പോകാനാവില്ല. എന്നോട് ഇക്കാര്യം പറഞ്ഞവരോട് ആ അമ്മയുടെ അടുത്തേക്ക് എത്തിക്കാൻ പറഞ്ഞു. പക്ഷേ അവർ അതിന് തയ്യാറായില്ല.

അൽപ്പ സമയത്തിന് ശേഷം എന്റെ ബന്ധുക്കൾ എത്തിയപ്പോൾ അവരോട് ഇക്കാര്യം പറയുകയും ആ അമ്മയുടെ അടുത്തേക്ക് എന്നെ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത് ചെന്നപ്പോൾ പതം പറഞ്ഞ് കരയുകയാണ്. ഏറെ കഷ്ടപ്പെട്ട് നേടിയെടുത്ത സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത് എന്ന് അവർ പറഞ്ഞപ്പോൾ എന്റെ കയ്യിൽ കിടന്ന വളകൾ ഈരി അവർക്ക് കൊടുക്കുകയായിരുന്നു. കാഴ്ചയില്ലാത്ത ഞാൻ എന്തിനാണ് സ്വർണം ധരിക്കുന്നത്. അതുകൊണ്ട് അവർ സന്തോഷിക്കുന്നെങ്കിൽ സന്തോഷിക്കട്ടെ എന്ന് കരുതി. പിന്നീട് അവിടെ നിന്നും മടങ്ങുകയായിരുന്നു.

കൊട്ടാരക്കരയിലെ ബന്ധുവീട്ടിലെത്തി ഇക്കാര്യം എല്ലാവരോടും പറഞ്ഞു. അവരൊക്കെ ചെയ്ത പ്രവർത്തി നന്നായി എന്ന് പറഞ്ഞു. ഇതിനിടയിൽ ഇക്കാര്യം മാധ്യമങ്ങളിൽ വന്നതൊന്നും അറിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലൊക്കെ വലിയ വാർത്തയായി എന്ന് അറിയുന്നത്. ഞാനാണ് ഇത് നൽകിയതെന്ന് ആരും അറിയരുതെന്ന് ബന്ധുക്കളോട് പറഞ്ഞു. അവർ അതനുസരിച്ച് ആരോടും ഒന്നും പറഞ്ഞില്ല.

എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയോടെ സോഷ്യൽ മീഡിയയിൽ ആരോ മോഹനൻ വൈദ്യരുടെ ഭാര്യയാണ് എന്ന് കമന്റിട്ടു എന്ന് ബന്ധുക്കൾ പറഞ്ഞു. അങ്ങനെയാണ് ഞാനാണ് അതെന്ന് എല്ലാവരും അറിയുന്നത്. മനോരമ ന്യൂസുകാർ നിരവധി തവണ ബന്ധപ്പെട്ടതോടെയാണ് ക്യാമറയുടെ മുന്നിലെത്തിയത്. എനിക്ക് മാധ്യമങ്ങളുടെ മുന്നിൽ എത്താൻ യാതൊരു ആഗ്രഹവുമില്ല. അതിനാൽ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. സുഖമില്ലാത്ത ആളാണ്. എന്നാൽ കഴിയുന്ന ഒരു സഹായം ചെയ്തു. അത്രമാത്രം.'

കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ശ്രീലത ഏറെ നാളായി കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കാഴ്ച വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയ അടുത്ത ദിവസമാണ്. അതിന് മുന്നോടിയായാണ് ക്ഷേത്രത്തിലെത്തി ദർശനം നടത്താനും വഴിപാടുകൾ നേരാനും പോയത്. അവിടെ വച്ച് ആകസ്മികമായി സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുന്നത്. ചേർത്തല മതിലകത്താണ് ശ്രീലത താമസിക്കുന്നത്. ശ്രീലതയുടെ മഹാമനസ്‌കത അറിഞ്ഞ് നിരവധിപേർ ഇവിടേക്ക് എത്തുന്നുണ്ട്. അതിനാൽ ഇവർ തൽക്കാലം മറ്റൊരിടത്തേക്ക് മാറി നൽക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച കുംഭത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തൊഴാനെത്തിയപ്പോഴാണ് കൊട്ടാരക്കര മൈലം സ്വദേശിയായ സുഭദ്രയുടെ രണ്ട് പവൻ മാല നഷ്ടപ്പെട്ടതും സ്ഥലത്തെത്തിയ അജ്ഞാത സ്ത്രീ രണ്ട് വളകൾ സമ്മാനിച്ചതും. വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങി, ക്ഷേത്ര നടയിലെത്തി പ്രാർത്ഥിച്ച ശേഷം കഴുത്തിലിടണമെന്നു പറഞ്ഞു മടങ്ങിയ ശ്രീലതയെ പിന്നീട് കണ്ടെത്താനായില്ല. മാല നഷ്ടപ്പെട്ട സുഭദ്രയ്ക്കും തന്നെ സഹായിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭദ്രയ്ക്കു വളകൾ നൽകിയത് താനാണെന്നു ചിലർക്ക് മനസ്സിലായെന്ന് വ്യക്തമായതോടെ ശ്രീലത കൊട്ടാരക്കരയിൽനിന്നു ചേർത്തലയിലേക്കു മടങ്ങുകയായിരുന്നു.

സംഭവം നടന്ന് മൂന്നാം ദിവസമായ ഇന്നലെ ഉച്ചയ്ക്കു വള വിറ്റ് വാങ്ങിയ മാലയുമായി സുഭദ്ര ക്ഷേത്രത്തിലെത്തിയിരുന്നു. എങ്ങുനിന്നോയെത്തി രണ്ടു വളകൾ നൽകിപ്പോയ സ്ത്രീ ഇനിയെങ്കിലും തന്റെ മുന്നിൽ വരണമെന്ന പ്രാർത്ഥനയോടെയാണ് സുഭദ്ര ക്ഷേത്രത്തിലെത്തിയത്. അഞ്ച് മണിക്ക് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയിറങ്ങിയ സമയം ക്ഷേത്ര നടയുടെ മുന്നിൽ വച്ച് മാല കഴുത്തിലണിഞ്ഞു. കാഴ്ചയില്ലാത്ത ആ സ്ത്രീക്ക് കാഴ്ച ലഭിക്കാൻ തന്റെ ആത്മാർത്ഥമായ പ്രാർത്ഥനയുണ്ടാവുമെന്നും സുഭദ്ര പറഞ്ഞിരുന്നു.