- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ സ്ത്രീ പറയുന്ന കെട്ടുകഥകൾ വിശ്വസിക്കരുതെന്ന് പൊട്ടിത്തെറിച്ച് ശംഖുമുഖം എസിയുടെ പെരുമാറ്റം; പേരു പോലും പറയാൻ കൂട്ടാക്കാത്ത അവഹേളനം; പൊലീസിനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടെന്നും മുൻ ഡിജിപി; വീണ്ടും പരാതിയുമായി ശ്രീലേഖ ഐപിഎസ്; വലിയതുറയിൽ യുവതിക്ക് നീതിനിഷേധമെന്ന് ആക്ഷേപം
തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുൻ ഡിജിപി ആർ ശ്രീലേഖ. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് കേരളത്തിലെ ആദ്യ വനിതാ ഡിജിപിയെന്ന പദവി സ്വന്തമാക്കിയ ശ്രീലേഖ തിരുവനന്തപുരത്തെ ശംഖുമുഖം എ സിയ്ക്കെതിരെയാണ് വിമർശനം ഉയർത്തുന്നത്. തന്നോട് ഡിവൈഎസ് പി പൊട്ടിത്തെറിച്ച് സംസാരിച്ചുവെന്നാണ് ആരോപണം. ഇക്കാരം ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും വിശദീകരിക്കുന്നു.
വലിയതുറ പൊലീസ് സ്റ്റേഷനിൽ ഒരു യുവതിക്ക് ക്രൂരമായ അപമാനം സഹിക്കേണ്ടി വന്നിരുന്നു. വനിതാ സെല്ലിലും ഇതു തന്നെയായിരുന്നു അവസ്ഥ. ഭർത്താവിന്റെ വീട്ടിൽ നിന്ന് കുട്ടിയുമായി ഇറങ്ങി പോകാൻ യുവതിയോട് പൊലീസ് ആവശ്യപ്പെട്ടു. ഇക്കാര്യം അവർ എന്നെ അറിയിച്ചു. തുടർന്ന് ശംഖുമുഖം എസിയെ വിളിച്ചു. എന്നാൽ പൊട്ടിത്തെറിച്ചാണ് എസ് പ്രതികരിച്ചത്. പേരു പോലും പറയാൻ കൂട്ടാക്കിയില്ല. ആ സ്ത്രീ പറയുന്ന കഥകൾ കേട്ട് വിളിക്കരുതെന്നായിരുന്നു ആവശ്യം. പൊലീസിനൊപ്പമാണ് നിൽക്കേണ്ടതെന്നും നിർദ്ദേശിച്ചു. ഇക്കാര്യം എഡിജിപിയെ സന്ദേശത്തിലൂടെ ധരിപ്പിച്ചെന്നും ശ്രീലേഖ ഫെയ്സ് ബുക്കിൽ കുറിക്കുന്നു.
എന്തുകൊണ്ടാണ് പൊലീസ് ഇങ്ങനെ മോശമായി പെരുമാറുന്നതെന്ന ചോദ്യമാണ് ശ്രീലേഖ ഇന്ന് ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റിൽ ഉന്നയിക്കുന്നത്. ഉപദേശ നിർദ്ദേശങ്ങൾക്ക് വേണ്ടിയാണ് തന്നെ ആ യുവതി വിളിച്ചതെന്നും ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ തിരക്കിയതെന്നും വിശദീകരിക്കുന്നുണ്ട്. സ്ത്രീകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന സംഭവമായി ഇതൊക്കെ മാറുമെന്ന മുന്നറിയിപ്പും ശ്രീലേഖ നൽകുന്നു.
പൊലീസിൽ നിന്ന് വിരമിച്ച ശേഷം ഇത് രണ്ടാം തവണയാണ് പൊലീസിനെതിരെ ശ്രീലേഖ പരാതിയുമായി എത്തുന്നത്. മ്യൂസിയം പൊലീസിനെതിരെയാണ് ശ്രീലേഖ ആദ്യം പരാതി ഉന്നയിച്ചത്. സാമ്പത്തിക തട്ടിപ്പിന് ഇരയായി നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. പരാതി ഇ മെയിലിൽ നൽകിയിട്ടും നേരിട്ട് വിളിച്ച് പറഞ്ഞിട്ടും മ്യൂസിയം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നായിരുന്നു മുൻ ഡിജിപിയുടെ പരാതി.
സംഭവത്തിൽ നാല് തവണയാണ് പരാതിയുമായി മ്യൂസിയം പൊലീസിനെ സമീപിച്ചത്. എന്നാൽ അവഗണിച്ചു. തന്റെ അനുഭവം ഇതാണെങ്കിൽ സ്റ്റേഷൻ പരിധിയിൽ ജീവിക്കുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്രീലേഖ ചോദിച്ചിരന്നു. അന്ന് ഓൺലൈനിൽ പറ്റിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ശ്രീലേഖ പരാതി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ