കൊച്ചി: പത്രം എന്നാൽ ശ്രീമൻ നാരായണേട്ടനാണെന്നു മുപ്പത്തടംകാർ പറയും, ഇവർ പറയുന്നതിലും കാര്യമുണ്ടെന്നു മനസിലാകും, ആലുവ കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം ഗ്രാമത്തിലുള്ള ദ്വാരക ഹോട്ടലിൽ എത്തിയാൽ. ഭക്ഷണം കഴിക്കാൻ എത്തുന്നതിനേക്കാൾ ആളുകൾ ഇവിടെ വരുന്നത് വാർത്തകളറിയാനാണ്.

കേരളത്തിൽ ദൈനംദിനമിറങ്ങുന്ന എല്ലാ ആനുകാലികപത്രങ്ങളും ആഴ്ചപതിപ്പുകളും മാസികകളും ഇവിടെയുണ്ടാകും. ആയിരത്തിലധികം ആളുകളാണ് ഒരു ദിവസം പത്രങ്ങൾ വായിക്കാൻ മാത്രമായി ശ്രീമൻ നാരായണന്റെ മുപ്പത്തടത്തുള്ള ദ്വാരക ഹോട്ടലിൽ എത്തുന്നത്. . രാവിലെ ഹോട്ടലിന്റെ മുൻവശത്തെ തിരക്ക് കണ്ടാൽ ആരുമൊന്നു ഞെട്ടും. പക്ഷേ, വരുന്നവർ ഭക്ഷണം കഴിക്കാനല്ല കുടുതലും പത്രങ്ങൾ വായിക്കാനാണെന്നു നാരായണൻ തന്നെ സമ്മതിക്കുന്നു. നാട്ടുകാരും, രാഷ്ട്രീയക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ 1750 പേരോളം ഒരു ദിനം ഇവിടെ വന്നു പത്രം വായിക്കുമെന്നാണ് ശ്രീമൻ നാരായണൻ അവകാശപ്പെടുന്നത്. പക്ഷെ വാർത്തകൾ വായിച്ചു പരസ്പരമുള്ള ചർച്ചകൾ ഇവിടെ കുറവാണെന്നും അതിനാൽ രാഷ്ടിയ ചർച്ചകളോ വഴക്കുകളോ ഉണ്ടാവാറില്ലന്നും ശ്രീമൻ നാരായണേട്ടൻ പറയുന്നു.

പത്രങ്ങളിൽ ചില വാർത്തകൾ ഭാവിയിൽ റെഫർ ചെയ്യാനാവശ്യമായി വരുംമെന്നും ശ്രീമൻ നാരായണന് അറിയാം. അതിനാൽ പത്രങ്ങളിലെ ചില പ്രധാന സംഭവങ്ങൾ വെട്ടിയെടുത്തു സുക്ഷിച്ചുവക്കുന്ന പതിവുമുണ്ട്. ചില ലോക്കൽ പത്രക്കാരും വാർത്തകൾ നിറഞ്ഞു നിൽക്കുന്ന ദ്വാരകയിൽ എത്തി വാർത്തകളെ കുറിച്ച് നാരായണേട്ടന്റെ ഉപദേശം തേടുകയും ചെയ്യാറുണ്ട്. ഇത്രയും പത്രങ്ങൾ എന്തിന് എന്ന ചോദ്യത്തിനു ശ്രീമൻ നാരായണേട്ടന്റെ ഉത്തരമിങ്ങനെ ഒരു പത്രം മാത്രം വായിച്ചാൽ ഇപ്പോൾ സമുഹത്തിലും ലോകത്തും നടക്കുന്ന സംഭവങ്ങളുടെ യഥാർത്ഥ മുഖം മനസിലാവാൻ വിഷമമാണ്. ഇന്നിറങ്ങുന്ന മിക്ക പത്രങ്ങൾക്കും അവരുടെതായ അജണ്ടകളും ചായ്‌വുകളുമുണ്ട്. സ്വന്തം നാട്ടുകാരെങ്കിലും യഥാർത്ഥത്തിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന് മനസിലാക്കട്ടെ.ഒപ്പം തനിക്കും വായിക്കാമല്ലോ.

നാരായണൻ എന്ന പേരിനൊപ്പമുള്ള ശ്രീമൻ എന്താണ് എന്നുള്ള ചോദ്യം നാരായണേട്ടനോട് പലരും ചോദിക്കാറുണ്ട്. ഇ.എൻ നാരായണ പിള്ളയെന്ന നാരായണേട്ടൻ ശ്രീമൻ നാരായണനായതിന്റെ പിന്നിലും ഒരു കഥയുണ്ട്. പത്തു വർഷം മുൻപാണ് സംഭവം. പണ്ട് കൃഷ്ണനെ കുറിച്ച് നാരയണേട്ടൻ എഴുതിയ 'എല്ലാമെന്റെ കണ്ണൻ... എന്ന ഭക്തിഗാന സിഡിയിലെ ഈ പാട്ട് പാടിയത് മലയാളത്തിന്റെ ഭാവ ഗായകൻ ജയചന്ദ്രനായിരുന്നു. പാട്ടു പാടി അവസാനിപ്പിച്ച ജയചന്ദ്രൻ തന്റെ പേരിനു മുൻപിലുള്ള വള്ളിയും പിറകിലുള്ള പിള്ളയും മാറി ശ്രീമൻ നാരായണൻ എന്ന പേരു മതിയെന്നു നിർദേശിച്ചു. അന്നുമുതൽ ഇ.എൻ നാരായണ പിള്ള മാറി സാക്ഷാൽ ശ്രീമൻ നാരായണനായി. മുപ്പത്തടംകാരുടെ നാരായണേട്ടൻ

പതിനഞ്ചു വർഷം നാട്ടുകാരെ പത്രം വായിപ്പിച്ച ശ്രീമൻ നാരായണൻ അവിടംകൊണ്ടു നിർത്താൻ ഉദ്ദേശ്യമില്ല. എല്ലാ ദിവസവും നാട്ടുകാരെക്കൊണ്ടു വാർത്തകൾ വായിപ്പിക്കുന്നതിനൊപ്പം നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജീവിതത്തിന്റെ പൊരുൾ അറിയിക്കുകയെന്ന ലക്ഷ്യത്തിലാണിപ്പോൾ ശ്രീമൻ നാരായണേട്ടൻ. 2016 ലെ തന്റെ ലക്ഷ്യത്തിനു ശ്രീമൻ നാരായണൻ ഒരു പേരും ഇട്ടിട്ടുണ്ട് 'എന്റെ ഗ്രാമം ഗാന്ധിജിയിലുടെ'. അതിനായി തന്റെ ഗ്രാമമായ മുപ്പത്തടത്തിലെ 3000 വിടുകളിൽ ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണപരീക്ഷണങ്ങളെന്ന മഹത് ഗ്രന്ഥം എത്തിക്കാൻ ഒരുങ്ങുകയാണ് ശ്രീമൻ നാരായണൻ. ചുറ്റുമുള്ള വീടുകളിൽ ഗാന്ധിമാർഗമറിയാനായി

3000 പുസ്തകങ്ങൾ ഇപ്പോൾ തന്നെ വാങ്ങിക്കഴിഞ്ഞു. അതും സ്വന്തം ചെലവിൽ ആകണമെന്ന് ശ്രീമൻ നാരായണനു നിർബന്ധമുണ്ട് അതിനാൽ രണ്ടു ലക്ഷം രൂപയോളം അതിനായി ചിലവഴിച്ചു ബുക്കുകൾ വാങ്ങി ദ്വാരക ഹോട്ടലിൽ എത്തിച്ചു. ഇതു വീടുകളിൽ എത്തിക്കുന്നതിനുള്ള പരിപാടികളുടെ തിരക്കിലാണിപ്പോൾ ശ്രീമൻ നാരായാണൻ. പദ്ധതിയുടെ ഉദ്ഘാടനം നടത്താനുള്ള ഓട്ടത്തിലാണിപ്പോൾ നാരായണേട്ടൻ. പത്മശ്രീ പുരസ്‌കാരം ലഭിച്ച ഗാന്ധിയന്നും ഓൾ ഇന്ത്യാ ഗാന്ധിദർശനത്തിന്റെ ചെയർമാനുമായ ഗോപിനാഥൻ നായരേ നാട്ടിൽ കൊണ്ടുവന്നു പുസ്തകത്തിന്റെ വിതരണ ഉത്ഘാടന കർമം നിർവഹിപ്പിക്കാനാണ് ഇപ്പോൾ ഇദ്ദേഹം കണക്കു കുട്ടുന്നത്.

നാരായണേട്ടന്റെ ഈ ദൗത്യം വിജയമാക്കാൻ നാടുകാർ കുടെയുണ്ട് അതോടൊപ്പം മുപ്പത്തടത്തിലെ തന്നെ കലാസാംസ്‌കാരിക സംഘടനയായ സമന്വയ സർഗവേദിയും ഗാന്ധി ആദർശം തങ്ങളുടെ നാട്ടിലെ വീടുകളിലെത്തിക്കാൻ ശ്രീമൻ നാരായണേട്ടനൊപ്പമുണ്ട്. ഇന്ത്യയുടെ വികസനം ഗ്രാമങ്ങളിലുടെയെന്നു പറഞ്ഞ മഹാത്മാവിന്റെ ജീവിതവും നന്മയും മതേതരത്വവും നാട്ടുകാർ അറിയണമെന്ന ആഗ്രഹത്തിലാണ് നാരായണേട്ടൻ. ദേശത്തെയും ദേശിയതയേയും ദേശസ്‌നേഹത്തെയും താങ്കളുടെ മാത്രം സ്വന്തമെന്നും തള്ളിപ്പറയുകയും ചെയ്യുന്ന സമീപകാല ഭാരതത്തിൽ തന്റെ ഗ്രാമത്തിലെങ്കിലും 'രഘുപതി രാഘവ...... '' കേൾക്കാൻ ഒരുങ്ങി വ്യത്യസ്തനാവുകയാണ് ശ്രീമൻ നാരായണേട്ടൻ. ഒപ്പം നാരായണേട്ടന് ഒരു അഭ്യർത്ഥനയുമുണ്ട് ഇതറിഞ്ഞ എല്ലാവർക്കും മുപ്പത്തടത്തേക്കു വരാം, കാണാം. അതുകണ്ട് മറ്റു ഗ്രാമങ്ങളിലും ഗാന്ധിജിയെക്കുറിച്ചുള്ള അറിവ് പകരാനുള്ള ആളുകൾ ഉണ്ടായാൽ ആ നാടും രാഷ്ട്രപിതാവിനെ അറിയുമല്ലോ എന്നാണു നാരായണേട്ടൻ പറയുന്നത്.