തിരുവനന്തപുരം: ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. ഗുരുദേവന്റെ 162-ാമത് ജയന്തി വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടേയും ഗുരുദേവ മഠങ്ങളുടേയും നേതൃത്വത്തിൽ ലോകമെമ്പാടും ഗുരുദേവജയന്തി ആഘോഷിക്കും. ലോകരാഷ്ട്രങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ ശ്രീനാരായണ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെയും ഗുരുദേവ മഠങ്ങളുടെയും നേതൃത്വത്തിലാണ് വിപുലമായ ജയന്തി ആഘോഷം. പ്രാർത്ഥനായജ്ഞങ്ങൾ, ജയന്തി ഘോഷയാത്രകൾ, പൊതുസമ്മേളനങ്ങൾ, അന്നദാനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന ആഘോഷങ്ങളാണ് നടക്കുന്നത്.

ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിൽ ഇന്ന് വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദേക്കർ മുഖ്യാതിഥിയായിരിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ, അബ്ദുൾ സമദ് സമദാനി, ഗോകുലം ഗോപാലൻ, പാലോട് രവി, എൽ. തുളസീധരൻ എന്നിവർ പ്രസംഗിക്കും. രാവിലെ ഗുരുസ്തവം രചനാശതാബ്ദി ആഘോഷം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷനായിരിക്കും. വൈകിട്ട് 3.30ന് പാങ്ങപ്പാറ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിക്കുന്ന മതസൗഹാർദ്ദ ഘോഷയാത്രയിൽ മുകേഷ് എംഎ‍ൽഎ മുഖ്യാതിഥിയായിരിക്കും. വർണാഭമായ ഘോഷയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വർക്കല ശിവഗിരിയിൽ നടക്കുന്ന വിശ്വശാന്തി സമ്മേളനം രാവിലെ 11ന് ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിക്ക് മുന്നിൽ പണിയുന്ന അലങ്കാര ഗോപുരത്തിനും ഗവർണർ തറക്കല്ലിടും. രാവിലെ 9.30ന് ജയന്തി ജപയജ്ഞം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി പരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, വി. ജോയി എം. എൽ.എ, വർക്കല നഗരസഭാദ്ധ്യക്ഷ ബിന്ദു ഹരിദാസ്, കിളിമാനൂർ ചന്ദ്രബാബു, സി. വിഷ്ണുഭക്തൻ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് ശിവഗിരിയിൽ നിന്ന് തുടങ്ങുന്ന ജയന്തി ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തി രാത്രി മഹാസമാധിയിൽ സമാപിക്കും.

എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ വിപുലമായ ജയന്തി ഘോഷയാത്ര വൈകിട്ട് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് തുടങ്ങി എസ്.എൻ കോളേജ് ഗ്രൗണ്ടിൽ സമാപിക്കും. അരുവിപ്പുറം, മരുത്വാമല, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലും, ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ, ഗുരുക്ഷേത്രങ്ങൾ, ഗുരുമന്ദിരങ്ങൾ എന്നിവിടങ്ങളിലും വിവിധ എസ്.എൻ.ഡി.പി യൂണിയൻ, ശാഖാ തലങ്ങളിലും ആഘോഷ പരിപാടികൾ നടക്കും.