ശിവഗിരി : ശ്രീനാരായണഗുരുദേവന്റെ 87-ാമത് മഹാസമാധിദിനം ഇന്ന്. ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാധി ദിനം ലോകമെങ്ങുമുള്ള ഗുരുദേവഭക്തർ ആചരിക്കും. ശിവഗിരിമഠത്തിൽ ഇന്ന് രാവിലെ 5ന് വിശേഷാൽപൂജ, ഹവനം, ഗുരുദേവകൃതികളുടെ പാരായണം എന്നിവയോടെ സമാധിദിനാചരണം തുടങ്ങും. 9ന് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി പരാന്ദ ഭദ്രദീപപ്രകാശനം നടത്തും. കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ അദ്ധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാന്ദ ഉപവാസയജ്ഞം ഉദ്ഘാടനം ചെയ്യും. ഇന്ന് ആരംഭിക്കുന്ന സമാധിദിനാചരണ ചടങ്ങുകൾ ഗുരുവിന്റെ ശിഷ്യപ്രധാനിയും അന്തരഗാമിയുമായ ബോധാന്ദസ്വാമിയുടെ സമാധിദിനമായ കന്നി 9നാണ് സമാപിക്കുന്നത്.

ചടങ്ങിൽ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാന്ദ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി വിശാലാന്ദ സമാധിദിനസന്ദേശം നൽകും. മന്ത്രി കെ.ബാബു, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, മുൻ എം.പി പി.ടി. തോമസ്, പി.പി. രാജൻ, ഡോ. ബി. സീരപാണി, എന്നിവർ സംസാരിക്കും. സ്വാമി ശാരദാന്ദ സ്വാഗതവും പി.എസ്. ബാബുറാം ന്ദിയും പറയും. മഹാസമാധി സമയമായ 3.30ന് മഹാസമാധിപീഠത്തിൽ വിശേഷാൽ സമാരാധനയും നടക്കും.

ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം, മരുത്വാമല എന്നിവിടങ്ങളിലും വിവിധ മഠങ്ങളിലും ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും. എസ്.എൻ.ഡി.പി യോഗം ശാഖകൾ, വിവിധ ശ്രീനാരായണ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലും മഹാസമാധിദിനാചരണ ചടങ്ങുകൾ സംഘടിപ്പിക്കും.