തിരുവനന്തപുരം:ആത്മസമർപ്പണത്തിന്റെ വിശുദ്ധിയോടെ ഇന്ന് ശ്രീനാരായണീയ സമൂഹം ശ്രീനാരായണ ഗുരുദേവന്റെ 163 ാം തിരുജയന്തിദിനം ആഘോഷിക്കുന്നു.എല്ലാവരെയും ഒന്നിപ്പിക്കുന്നതും, എല്ലാവരും ഒന്നിക്കുന്നതുമായ സർവസമ്മതമായ തത്ത്വശാസ്ത്രം ദീപം പോലെ ജ്വലിച്ചുനിൽക്കുന്ന നാൾ. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ സാരോപദേശങ്ങളെല്ലാം ഈ തത്ത്വശാസ്ത്രത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ജാതിഭേദവും മതദേഷവുമില്ലാത്ത ഏകലോകത്തെ വിഭാവനം ചെയ്ത ഗുരുദേവൻ പ്രധാന ദേവാലയം വിദ്യാലയമാകണമെന്ന് ഉപദേശിച്ചത് അധികരിച്ചുവരുന്ന ജാതിബോധത്തെ പ്രതിരോധിക്കാൻ കൂടിയാണ്. ജാതിയെയും, പൊയ്‌പോയ അനാചാരങ്ങളെയും തിരിച്ചുകൊണ്ടുവരാൻ തീവ്രശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് ഗുരുവചനങ്ങൾ മാർഗ്ഗദർശിയാവുന്നതും അതുകൊണ്ടുതന്നെ.വാക്കും, വിചാരവും, പ്രവൃത്തിയും ശുദ്ധമാക്കി വയ്ക്കാനുള്ള പൂർണസമർപ്പണത്തിന്റെ പുണ്യദിനം ശ്രീനാരായണീയർ വിവിധ ആഘോഷങ്ങളോടെ അനുസ്മരിക്കുന്നു.ഉച്ചതിരിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതയദിന ഘോഷയാത്രകൾ അരങ്ങേറും.ജയന്തിയാഘോഷം ഗുരുപൂജയോടെയാണ് തുടങ്ങിയത്. തുടർന്ന് ആചാരവെടികളോടെ പതാകയുയർത്തൽ, വാഹനഘോഷയാത്ര എന്നിവ നടന്നു. 3.30ന് താളമേളങ്ങളോടെയുള്ള സാംസ്‌കാരിക ഘോഷയാത്രയും നടന്നു.

 ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി വിളിച്ചോതുന്ന വർത്തമാനകാലഘട്ടത്തിൽ പുതിയ വെല്ലുവിളികൾ നേരിടാൻ ശ്രീനാരായണീയ ദർശനങ്ങൾ പര്യാപ്തമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.163 ാമത് ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ശ്രീനാരായണ ധർമ്മപ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരുകാലത്ത് സവർണമേധാവിത്വത്തിന്റെ രൗദ്രഭാവത്തെ കായികമായല്ലാതെ സഹിഷ്ണുതയോടെ അതിജീവിക്കാൻ ഗുരുവിനായി. ഗുരുദേവ ദർശനങ്ങളും, സംസ്‌കാരവും അതിന്റേതായ സത്യത്തിൽ സ്വീകരിക്കാൻ തയ്യാറായാൽ മാത്രമേ ഇന്ത്യയുടെ മുഖമുദ്രയായ മതേതരത്വം കാത്തുസൂക്ഷിക്കാൻ നമുക്കാവൂയെന്നും മന്ത്രി പറഞ്ഞു.

യുഗപ്രഭാവൻ എന്ന പേരിന് സർവഥാ യോഗ്യനായ മഹാഗുരുവായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.ഋഷിവര്യന്മാർ ആത്മീയതയ്ക്ക് മാത്രം പ്രാധാന്യം നൽകിയിരുന്ന കാലത്ത് ഭൗതികതയ്ക്കും പ്രാധാന്യം നൽകിയ ഋഷിവര്യനായിരുന്നു ശ്രീനാരായണഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു.