ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരുമിഷന്റെ (എസ്.എൻ.ജി.എം.) ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 162-ാമത് ജ•ദിനവും ഓണവും വിവിധ പരിപാടികളോടെ ആകർഷകവും വർണ്ണശബളവുമായി ആഘോഷിച്ചു. ഹ്യൂസ്റ്റനിലെ ഗുരുവായൂർ അമ്പല ഓഡിറ്റോറിയത്തിൽ സപ്തംബർ 17-ാം തീയതി രാവിലെ 10 മണി മുതലായിരുന്നു ആഘോഷങ്ങൾ. മുഖ്യാതിഥിയായെത്തിയ മികച്ച സംഘാടകനും മാദ്ധ്യമ പ്രവർത്തകനുമായ എ.സി. ജോർജ്, മറ്റ് ശ്രീനാരായണ ഗുരുമിഷൻ ബോർഡ് അംഗങ്ങളും ചേർന്ന,് ശ്രീനാരായണ ഗുരുസൂത്ര മന്ത്രധ്വനിയിൽ, ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾ ഉൽഘാടനം ചെയ്തു. സെക്രട്ടറി ഗോപകുമാർ മണികണ്ഠശേരിൽ സ്വാഗതപ്രസംഗം നടത്തി. പ്രസിഡന്റ് അശ്വനി കുമാർ യോഗത്തിന് അധ്യക്ഷത വഹിച്ചു പ്രസംഗിച്ചു. 

മുഖ്യപ്രഭാഷകനായെത്തിയ, എ.സി. ജോർജ് ശ്രീനാരായണ ഗുരുവിന്റെ സ്മരണക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റേയും വിശിഷ്യാ മലയാളികളുടേയും സാമൂഹ്യ സാംസ്കാരിക മാറ്റത്തിനും മുന്നേറ്റത്തിനും തുടക്കം കുറിച്ചതും ദിശാബോധം നൽകിയതും ആവേശവും കരുത്തും പകർന്നതും ശ്രീനാരായണ ഗുരുവിന്റെ മാതൃകാ ജീവിതവും പഠനവും ഉൽബോധനങ്ങളുമായിരുന്നു. എല്ലാ തുറയിലും നീതി നിഷേധിക്കപ്പെട്ട്, അടിച്ചമർത്തപ്പെട്ട, ചവിട്ടി താഴ്‌ത്തപ്പെട്ട ജനതക്ക് മാനുഷികമായി ലഭിക്കേണ്ട അവകാശങ്ങളെപറ്റിയും ചുമതലകളെ പറ്റിയും അദ്ദേഹം പൊതുജനങ്ങളെ ബോധവൽക്കരിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ വാക്കുകൾ എക്കാലവും മാനവരാശിക്ക് പ്രസക്തമാണ് എന്ന് മുഖ്യ പ്രഭാഷകൻ ചൂണ്ടിക്കാട്ടി. ഉദയകുമാർ കുട്ടപ്പൻ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളേയും ഗുരുദേവ ദർശനങ്ങളേയും ആധാരമാക്കി സവിസ്തരം പ്രസംഗിച്ചു.

കുമാരി വൃന്ദാ ശിവൻ ഗുരുദേവന്റെ ജീവചരിത്രത്തെ ആധാരമാക്കി സ്ലൈഡ് ഷോ അവതരിപ്പിച്ചു. തുടർന്ന് എസ്.എൻ.ജി.എം കലാകാരന്മാരും കലാകാരികളും പ്രത്യേകിച്ച് വനിതാ പ്രതിനിധികളും വൈവിധ്യമേറിയ ഓണ കലാപരിപാടികൾ അവതരിപ്പിച്ചു. ശിവൻ രാഘവന്റെ കവിതാ പാരായണം, തിരുവാതിരകളി, സമൂഹനൃത്തങ്ങൾ, സമൂഹഗാനങ്ങൾ, മറ്റ് ദേശീയ നൃത്തനൃത്യങ്ങൾ, വരും തലമുറയുടെ കൊച്ചുകൊച്ചു പ്രഭാഷണങ്ങൾ, അവതരണങ്ങൾ തുടങ്ങിയവ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. മനോജ് ഗോപിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വള്ളംകളി ഗൃഹാതുര സ്മരണകൾ കാഴ്ചവച്ചു. കലാപരിപാടികളുടെ സംവിധായകരായി ശിഹാദ്, രേഷ്മ എന്നിവർ പ്രവർത്തിച്ചു. അച്ചുതൻ ജയചന്ദ്രൻ കൃതജ്ഞത അർപ്പിച്ച് പ്രസംഗിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ പരമ്പരാഗതമായ രീതിയിൽ തന്നെ വിളമ്പി. ഗുരുദേവ ജയന്തി - ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത് അശ്വനി കുമാർ (പ്രസിഡന്റ്), ഗോപകുമാർ മണികണ്ഠശേരിൽ (സെക്രട്ടറി), മധു ചേരിക്കൽ (വൈസ് പ്രസിഡന്റ്), ജയകുമാർ നടക്കനാൽ (ട്രഷറർ) മറ്റ് ബോർഡ് അംഗങ്ങൾ തുടങ്ങിയവരാണ്.