- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാർട്ടർ വിമാന കമ്പനിയിൽ പ്രിയങ്കയുടെ പകരക്കാരൻ; സാകേത് ഹോളിഡേയ്സിലും പങ്കാളി; ഡിഎൽഎഫിനൊപ്പവും ഡയറക്ടറായ എഞ്ചിനിയർ; സിസി തമ്പിയുടെ കൂട്ടുകാരൻ; വാദ്രയുടെ ഇഷ്ടക്കാരന് ചാലക്കുടി നഷ്ടമായത് ത്രീമൂർത്തീ കോപത്തിൽ; ആരാണ് ശ്രീനിവാസ് കൃഷ്ണൻ? ദൂരദർശനിലെ പഴയ ന്യൂസ് എഡിറ്റർ ഡൽഹിയിലെ പ്രധാനിയായ കഥ
ന്യൂഡൽഹി: രാജ്യസഭ സ്ഥാനാർത്ഥിത്വത്തിന് അർഹതയുള്ള നിരവധിപ്പേർ കേരളത്തിൽ തന്നെ ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ഹൈക്കമാൻഡ് നോമിനിയായി ശ്രീനിവാസൻ കൃഷ്ണൻ പട്ടികയിൽ ഉൾപ്പെട്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാൻഡ് കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥികളെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പിജെ കുര്യന്. അതായത് കേരളത്തിലെ രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയവും കോൺഗ്രസിലെ വിമത കൂട്ടായ്മയായ ജി 23 ഏറ്റെടുക്കും.
ശശി തരൂർ നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ആയിരിക്കെ 2018ൽ എ ഐ സി സി സെക്രട്ടറിയായ വ്യക്തിയാണ് ശ്രീനിവാസൻ കൃഷ്ണൻ. എന്നാൽ ഇന്ന് ശശി തരൂരും ജി 23യുടെ ഭാഗമാണ്. തരൂരിന് അടക്കം പിജെ കുര്യന്റെ നിലപാടാണുള്ളത്. കെട്ടിയിറക്ക് സ്ഥാനാർത്ഥിയായി ശ്രീനിവാസ് കൃഷ്ണനെ ജി 23 കൂട്ടായ്മയും അംഗീകരിക്കില്ല. ഇത്തരം തീരുമാനങ്ങളാണ് കോൺഗ്രസിനെ തളർത്തുന്നതെന്ന് അധ്യക്ഷ സോണിയാ ഗാന്ധിയെ ജി 23 കൂട്ടായ്മ അറിയിക്കും.
തൃശൂർ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ പഠിച്ചത് ബാംഗ്ലൂർ ഐഐഎമ്മിലും കോഴിക്കോട് എൻഐടിയിലുമാണ്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് എഡിറ്ററായിരുന്നു. 1995ൽ നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായ കെ കരുണാകരന്റെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആയി. ഇതോടെ കളം ഡൽഹിയായി. സോണിയാ കുടുംബവുമായി അടുത്തു. സോണിയ ഗാന്ധിയുടെ സെക്രട്ടറി തൃശൂർ സ്വദേശി മാധവനായിരുന്നു ഗോഡ് ഫാദർ. മാധവന്റെ വിശ്വസ്തനായ ശ്രീനിവാസൻ പതിയെ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായി അടുത്തു.
2008ൽ പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വധേരയും ഡയറക്ടർമാരായി തുടങ്ങിയ ചാർട്ടർ വിമാന കമ്പനിയാണ് ബ്ലൂ ബ്രീസ് ട്രേഡിങ് കമ്പനി. പ്രിയങ്ക ഗാന്ധി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞപ്പോൾ പകരമെത്തിയത് ശ്രീനിവാസൻ കൃഷ്ണൻ. 2011 ൽ ബ്ലൂ ബ്രീസ് ഡയറക്ടർ സ്ഥാനം ശ്രീനിവാസൻ കൃഷ്ണൻ ഒഴിഞ്ഞു. വിവാദങ്ങളെ തുടർന്നാണ് ഇത്. വാദ്രയുമായി വിവാദങ്ങളിൽ ശ്രീനിവാസൻ കൃഷ്ണനെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. വിവാദ വ്യവസായി സിസി തമ്പിയും വാദ്രയും തമ്മിലെ ബന്ധത്തിലെ പ്രധാന കണ്ണിയാണ് ശ്രീനിവാസൻ.
വധേരക്കു പങ്കാളിത്തമുള്ള സാകേത് ഹോളിഡേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി ശ്രീനിവാസൻ കൃഷ്ണൻ നിയമിതനായത് 2009ലാണ്. വധേരയുടെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ പ്രോവെസ് ബിൽഡ്‌കോൺ ,ക്ലെവാ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്നിവയുടെ ഡയറക്ടറായത് 2010ലും. ഡി എൽ എഫും വധേര കുടുംബവും സംയുക്തമായി പ്രവർത്തിപ്പിച്ച സ്ഥാപനങ്ങളാണ് പ്രോവെസും ക്ലെവയും . വധേരക്കു പങ്കാളിത്തമുള്ള എല്ലാ സ്ഥാപനങ്ങളിലേയും ഡയറക്ടർ പദവി 2011 ൽ ശ്രീനിവാസൻ കൃഷ്ണൻ ഒഴിഞ്ഞിരുന്നു. വിവാദങ്ങളെ തുടർന്നാണ് ഇത്. അപ്പോഴും വാദ്രയുമായുള്ള നല്ല ബന്ധം തുടർന്നു.
നിലവിൽ കൊച്ചി ആസ്ഥാനമായ മാൻ പവർ സ്ഥാപനം അശ്വിൻ എന്റർപ്രൈസസിന്റേയും റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ശ്രീജോ റിയൽറ്റേഴ്‌സിന്റെയും ഡയറക്ടറാണ് ശ്രീനിവാസൻ കൃഷ്ണൻ. കൊച്ചി പനമ്പിളി നഗറിൽ താമസിക്കുന്ന ശ്രീനിവാസൻ കൃഷ്ണന് വേണ്ടി ചാലക്കുടി ലോക്‌സഭാ സീറ്റിനായും ചരടു വലികൾ നടന്നു. എന്നാൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും അത് അംഗീകരിച്ചില്ല. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ അന്ന് നിയന്ത്രിച്ച ഈ ത്രിമൂർത്തികളാണ് അന്ന് ശ്രീനിവാസൻ കൃഷ്ണന് തടസ്സമായത്.
അങ്ങനെയാണ് ബെന്നി ബെഹന്നാൻ ചാലക്കുടിയിൽ സ്ഥാനാർത്ഥിയാകുന്നതും. അതിന് ശേഷം രാജ്യസഭയിലേക്ക് ശ്രീനിവാസ് കൃഷ്ണനെ അവതരിപ്പിക്കുകയായിരുന്നു വാദ്ര എന്നാണ് റിപ്പോർട്ട്. തൃശൂർ എൻജിനിയറിങ് കോളേജിൽ നിന്നാണ് മെക്കാനിക്കൽ എൻജിനിയറിംഗിൽ ശ്രീനിവാസ് കൃഷ്ണൻ ബിരുദം നേടുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും കരുണാകരനൊപ്പം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഡൽഹിയിലേക്ക് കളം മാറുന്നത്.
മറുനാടന് മലയാളി ബ്യൂറോ