മുംബൈ: കഴിഞ്ഞ ദിവസം മരണത്തിൽ ദുരൂഹതയില്ലെന്ന ലോയയുടെ മകൻ അനൂജ് ലോയയുടെ പ്രസ്താവന സമ്മർദ്ദം മൂലമാണെന്ന് ജസ്റ്റിസ് ബി എച്ച് ലോയയുടെ ബന്ധു ശ്രീനിവാസ് ലോയ പറഞ്ഞു. ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനൂജ് ലോയ വളരെ ചെറുപ്പമാണ്. അച്ഛൻ മരിക്കുമ്‌ബോൾ പ്രായപൂർത്തിയാകാത്ത അനൂജ് സമ്മർദ്ദത്തിനു വഴങ്ങിയാകാം അത്തരത്തിൽ ഒരു പ്രതികരണം നടത്തിയതെന്ന് ശ്രീനിവാസ് 'കാരവൻ' മാഗസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ബിജെപി അധ്യക്ഷൻ അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊറാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് വാദംകേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ (ബി എച്ച് ലോയ)പ്രത്യേക സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു. കേസിന്റെ വിചാരണ നടക്കുമ്‌ബോൾ തനിക്കുമേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് ലോയ വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് അഡ്വ. ഉദയ് ഗവാരെ പറഞ്ഞിട്ടുണ്ട്.മരണത്തിന് തൊട്ടുമുമ്ബുള്ള ദിവസങ്ങളിൽ ലോയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഉദയ് വെളിപ്പെടുത്തിയിട്ടുണ്ട്.

ആദ്യം കേസ് പരിഗണിച്ചിരുന്ന സിബിഐ പ്രത്യേക കോടതി ജസ്റ്റിസ് ജെ ടി ഉദ്പത് സ്ഥലം മാറിപോയതോടെയാണ് 2014 ജൂണിൽ ലോയ ചുമതലയേൽക്കുന്നത്. ആ വർഷം നവംബറിലാണ് ലോയ മരണപ്പെടുന്നതും . സഹജഡ്ജിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി നാഗ്പൂരിലേക്ക് പോയ ലോയ അവിടെവെച്ച് മരിച്ചുവെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. നാഗ്പൂരിൽ ലോയ താമസിച്ച ഗൗസ്റ്റ് ഹൗസ് വിവരങ്ങളിൽ നടത്തിയ കൃത്രിമമടക്കം മരണത്തിലെ ദുരൂഹത വെളിവാക്കുന്നതാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും അവ്യക്തതകളാണുള്ളത്. ലോയയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്.

നാൽപ്പത്തെട്ടുകാരനായ ലോയ ഹൃദ്രോഗസാധ്യതയില്ലാത്ത വിധം പൂർണമായും ആരോഗ്യവാനായിരുന്നെന്നും പുകവലിയോ മദ്യപാനമോ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. കേസിൽ അമിത്ഷായ്ക്ക് അനുകുല വിധി നേടുന്നതിനായി ലോയയ്ക്ക് നൂറ് കോടിരൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പറഞ്ഞതായും ബന്ധുക്കൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു.