- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിൽ, ആശുപത്രി ബില്ല് മോൻസൻ അടച്ചു; പരാതി നൽകിയവരിൽ രണ്ടു പേർ ഫ്രോഡുകൾ; ഒരാളെ നേരിട്ട് അറിയാം, അമ്മാവനെ വരെ പറ്റിച്ചയാളാണ്; സിനിമയെടുക്കാൻ സുഹൃത്തിന് മോൻസൻ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു; ശ്രീനിവാസൻ പറയുന്നു
കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്തെത്തി. മോൻസൻ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിലെന്ന് ശ്രീനിവാസൻ പ്രതികരിച്ചു. മോൻസൻ മാവുങ്കലിനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം.
മോൻസൻ തട്ടിപ്പുകാരനാണ് എന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ശ്രീനിവാസൻ വ്യക്തമാക്കി. അതേസമയം മോൻസനെതിരെ പരാതി നൽകിയവർക്കെതിരെയും നടൻ രംഗത്തുവന്നു. ഈ രണ്ടു പേരും ഫ്രോഡുകളാണെന്ന് അദ്ദേഹം പറഞ്ഞു. പണത്തോട് അത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയത്. മോൻസനെ പറ്റിക്കാം എന്ന ചിന്തയാണ് അവർക്ക് ഉണ്ടായിരുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു. അതിൽ ഒരാളെ നേരിട്ട് അറിയാം. അമ്മാവനെ വരെ പറ്റിച്ചയാളാണ്. സിനിമയെടുക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന് മോൻസൻ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായും ശ്രീനിവാസൻ മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.
പുരാവസ്തു ശേഖരം ഉണ്ട് എന്ന് അറിഞ്ഞാണ് പോയത്. അവിടെ വച്ച് പുരാവസ്തുവിനെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ് സംസാരിച്ചത്. അന്ന് തനിക്ക് സുഖമില്ലാത്ത സമയമായിരുന്നു. രോഗിയായ ഞാൻ ഡോക്ടറെ കാണുന്നത് തെറ്റില്ലല്ലോ. അന്ന് വ്യാജ ഡോക്ടറാണ് എന്ന് അറിഞ്ഞിരുന്നില്ല.
തുടർന്ന് ഹരിപ്പാട്ട് ഒരു ആയുർവ്വേദ ആശുപത്രിയുണ്ടെന്നും വിളിച്ചുപറയാമെന്നും പറഞ്ഞു. അതനുസരിച്ച് പത്തു, പതിനഞ്ച് ദിവസം അവിടെ ചികിത്സയ്ക്കായി തങ്ങി. അവിടത്തെ ചികിത്സയ്ക്കുള്ള പണം നൽകിയത് മോൻസനാണ്. പണം അടയ്ക്കാൻ ചെന്നപ്പോഴാണ് മോൻസൻ പണം അടച്ച കാര്യം അറിയുന്നത്. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രീനിവാസൻ പറയുന്നു.
മോൻസന് പണം കൊടുത്ത രണ്ടുപേർ ഫ്രോഡുകളാണ്. പണത്തോട് അത്യാർത്തിയുള്ളവരായിരുന്നു അവർ. മോൻസന് പണം നൽകി കൂടുതൽ സമ്പാദിക്കാം എന്നാണ് അവർ കരുതിയത്. അതിൽ ഒരാൾ തന്റെ സുഹൃത്തിന്റെ ബന്ധുവാണെന്നും ശ്രീനിവാസൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ