പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഇവർ നാല് പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന നിഗമനത്തിലാണ് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. തുടർന്ന് വന്ന വഴിതന്നെ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബൈക്കുകളിലൊന്ന് അബ്ദുൾ റഹ്മാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോൺ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ളതാണ്. ഫിറോസും ഉമ്മറുമാണ് ഈ ബൈക്കിൽ സഞ്ചരിച്ചത്. വാഹനം വല്ലപ്പുഴ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അബ്ദുൾ ഖാദറാണ് ആക്ടീവ സ്‌കൂട്ടറിലുണ്ടായിരുന്നത്.

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകീട്ട് അവസാനിക്കും.

സുബൈർ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തിൽ പ്രതികാരമായാണ് സുബൈറിനൈ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്റെ സുഹൃത്ത് രമേശ്, അറുമുഖൻ, ശരവണൻ എന്നീ ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ ഗൂഢാലോചന അടക്കമാണ് പൊലീസ് അന്വേഷണം.