പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത് കടയിൽ കയറി ആക്രമിച്ചെന്ന് ദൃക്‌സാക്ഷികൾ. 'ഞങ്ങൾ കാണുമ്പോൾ തലക്കും കാലിനും നെറ്റിയിലും മുഖത്തുമെല്ലാം വെട്ടേറ്റ് കിടക്കാണ്. ഗുരുതരമായ പരിക്കാണ് അദ്ദേഹത്തിന് ഏറ്റത്' പാലക്കാട് മേലാമുറിയിൽ വെട്ടേറ്റ് മരിച്ച ആർഎസ്എസ് നേതാവ് ശ്രീനിവാസനെ ആശുപത്രിയിലെത്തിയവർ പറയുന്നു.

സെക്കനന്റ് ബൈക്ക് ഷോറൂം കട നടത്തുന്ന വ്യക്തിയാണ് ശ്രീനിവാസൻ. ആ സമയത്ത് ശ്രീനിവാസൻ മാത്രമേ കടയിലുണ്ടായിരുന്നൊള്ളൂ. കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെന്ന നിലയിലാണ് എത്തിയത്. തുടർന്ന് വടിവാൾ ഉപയോഗിച്ചു ആക്രമിക്കുകയുമായിരുന്നു. അതേസമയം ഇതിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസ് പറഞ്ഞു. കേരളത്തിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപത്ത് വച്ചാണ് ശ്രീനിവാസന് വെട്ടേറ്റിരിക്കുന്നത്.

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വീഴ്‌ച്ച പ്രകടമാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വെട്ടേറ്റു മരിച്ച പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം എസ്ഡിപിഐ നേതാവും ആർഎസ്എസ് നേതാവും രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ട ജില്ലയിലെ ക്രമസമാധാനം വലിയ പ്രശ്‌നമായി നിലനിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പാലക്കാട്ടേക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കുന്നുണ്ട്. എറണാകുളം റൂറലിൽ നിന്ന് ഒരു ബറ്റാലിയൻ പാലക്കാട്ടേക്ക് തിരിച്ചു. കെഎപി - 1 ബറ്റാലിയനാണ് പാലക്കാട്ടേക്ക് പോകുന്നത്. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക. ഉത്തര മേഖലാ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ സുരക്ഷ വിപുലീകരിക്കാനാണ് തീരുമാനം.

ഇന്ന് വൈകീട്ടോടെ ഇദ്ദേഹം പാലക്കാടെത്തും. ഡിജിപി അനിൽ കാന്ത് ഇദ്ദേഹത്തിന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. എസ്ഡിപിഐ, ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണം നൽകും. ജില്ലകളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ കുറച്ച് മുമ്പ് വെട്ടിക്കൊന്നിരുന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയിൽ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബിജെപി ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

ആശുപത്രിയിൽ വച്ചാണ് ശ്രീനിവാസന്റെ മരണം സ്ഥിരീകരിച്ചത്. മരണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ഷിജോ എബ്രഹാമാണ് ആശുപത്രിയിലെത്തിയ ശേഷം മരണം സ്ഥിരീകരിച്ചത്.