തിരുവനന്തപുരം: ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. മലീമസമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. നിയമം നടപ്പാക്കുന്ന ജേക്കബ് തോമസിനും ഋഷിരാജ് സിംഗിനും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥലമാണിത്. അഴിമതിക്കായി ഇവരെയെല്ലാം പുറത്താക്കുന്നു. ഇത്തരം സംവധാനത്തിലേക്ക് താനൊരിക്കലും വരില്ലെന്ന് ശ്രനിവാസൻ വ്യക്തമാക്കി. തൃപ്പുണ്ണിത്തറയിൽ മത്സരിക്കാനോ അധികാര രാഷ്ട്രീയത്തിനോ താനില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. തൃപ്പുണ്ണിത്തുറയിൽ ഇടതു പക്ഷ സ്വതന്ത്രനായി മന്ത്രി കെ ബാബുവിനെതിരെ ശ്രീനിവാസൻ മത്സരിക്കുമെന്ന വാർത്തകളോടാണ് പ്രതികരണം.

ആരും എന്നോട് സംസാരിച്ചിട്ടില്ല. ഫോൺ കോൾ പോലും വന്നിട്ടില്ല. ഇന്നസെന്റിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്തിച്ച നടനെ എനിക്കറിയാം. അദ്ദേഹവും എന്നോട് സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കെട്ടുകഥകളാണ് വാർത്ത. പച്ചക്കറി പ്രചരണാർത്ഥം ചില ഇടപെടൽ നടത്തിയിരുന്നു. അന്ന് തന്നെ വോട്ട് ചോദിച്ച് വരാനല്ല ഇതെന്ന് അവരോട് പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മത്സരിക്കാൻ ഒരിക്കലും താനില്ല. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി താനുണ്ടാകില്ല. ഋഷിരാജ് സിംഗും ജേക്കബ് തോമസും ഉയർത്തുന്ന രാഷ്ട്രീയമാണ് തന്റേതെന്നും ശ്രീനിവാസൻ പറഞ്ഞു. ഇവരൊക്കെ നേതൃത്വം നൽകുന്ന കൂട്ടായ്മകൾക്ക് മുന്നിൽ നിന്ന് പിന്തുണയ്ക്കാൻ താനുമുണ്ടാകും. അത്തരമൊരു രാഷ്ട്രീയമാണ് വേണ്ടതെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയപാർട്ടികളിലും നല്ല നേതാക്കളുണ്ട്. ഒപ്പം ഭരണ നൈപുണ്യമുള്ള ഋഷിരാജ് സിംഗിനേയും ജേക്കബ് തോമസിനേയും പോലുള്ളവർ. നിയമം നടപ്പാക്കിയതാണ് ഋഷിരാജ് സിങ് ചെയ്ത കുറ്റം. 70 ഫ്‌ലാറ്റുകൾക്ക് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അംഗീകാരം നൽകാത്തതാണ് ജേക്കബ് തോമസ് ചെയ്തത്. അതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിച്ചു. ഇത്തരം രാഷ്ട്രീയക്കാരാണ് ഇവിടെയുള്ളത്. അഴിമതിയും കൈക്കൂലിയുമാണ് നിറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരക്കാർക്കൊപ്പം ചേരാൻ താനില്ലെന്നും ശ്രീനിവാസൻ വിശദീകരിച്ചു. തൃപ്പുണ്ണിത്തറയിൽ മത്സരിക്കുമെന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മുനനിസിപ്പാലിറ്റികളിൽ ഒന്നാണ് തൃപ്പുണ്ണിത്തുറ. കഴിഞ്ഞ ഇടതു സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയത്തിലൂടെ തൃപ്പുണ്ണിത്തുറയെ സിപിഐ(എം) കോട്ടയായി മാറ്റാൻ ചില ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ കെ ബാബുവിന്റെ വ്യക്തിപ്രഭാവം ഈ മോഹം തകർത്തു. അങ്ങനെ തൃപ്പുണ്ണിത്തുറ കോൺഗ്രസിനൊപ്പം നിന്നു. എന്നാൽ എക്‌സൈസ് മന്ത്രിയായ കെ ബാബു ഇന്ന് ബാർ കോഴയിൽ പ്രതിരോധത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പുണ്ണിത്തുറ മുനിസിപ്പാലിറ്റിയിൽ സിപിഐ(എം) ജയിച്ചു കയറി. മുഖ്യപ്രതിപക്ഷമായി ബിജെപിയും മാറി. ബാബുവിനെതിരായ ജനവികാരം തൃപ്പുണ്ണിത്തുറയിൽ ആഞ്ഞടിക്കുന്നുവെന്നാണ് സിപിഐ(എം) വിലയിരുത്തൽ. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലം പിടിച്ചെടുത്തേ മതിയാകൂ. അതിന് ശക്തനായ സ്ഥാനാർത്ഥിവേണം. മമ്മൂട്ടിയിലൂടെ സിപിഐ(എം) ലക്ഷ്യമിടുന്നത് ശ്രീനിവാസനെയാണ്.

ശ്രീനിവാസനെന്ന സംവിധായകന്റേയും കഥാകാരന്റേയും നടന്റേയും രാഷ്ട്രീയം മലയാളിക്ക് അറിയാം. സന്ദേശത്തിലും അറബിക്കഥയിലുമെല്ലാം വിമർശനാത്മകമായി അത് അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ ശ്രീനിവാസനെ ഇടതു സ്വതന്ത്രനായി തൃപ്പൂണിത്തുറ മണ്ഡലത്തിൽ മൽസരിപ്പിക്കാൻ സിപിഐ(എം). ശ്രമം തുടങ്ങിയെന്നായിരുന്നു സൂചന. ചർച്ചകളോട് പാതി സമ്മതവും ശ്രീനിവാസൻ അറിയിച്ചു കഴിഞ്ഞുവെന്നും വാർത്തവന്നു. ഇതാണ് ശ്രീനിവാസൻ നിഷേധിക്കുന്നത്. കണ്ണൂരാണു സ്വദേശമെങ്കിലും തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഉദയംപേരൂരിനടുത്തുള്ള കണ്ടനാട്ടാണ് ഏതാനും വർഷങ്ങളായി ശ്രീനിവാസന്റെ താമസം. അവിടെ അദ്ദേഹത്തിന് നെൽകൃഷിയും വിപുലമായ തോതിൽ ജൈവ പച്ചക്കറി കൃഷിയുമുണ്ട്. ജൈവ കൃഷിയുടെ പ്രചാരകൻ കൂടിയായ അദ്ദേഹം കണ്ടനാട് കൃഷിഭവന്റെ സഹകരണത്തോടെ കർഷക കൂട്ടായ്മ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ സജീവ സാന്നിധ്യമാണ്.

സിപിഐ(എം). സമീപകാലത്ത് പ്രചരിപ്പിക്കുന്ന പച്ചക്കറി കൃഷി സ്വയംപര്യാപ്തത എന്ന മുദ്രാവാക്യം ഏറ്റെടുത്തു നടത്തുന്നയാളാണ് ശ്രീനിവാസൻ. കൈരളി ചാനലിലെ വലിയ ലോകവും ചെറിയ ശ്രീനിയും എന്ന പ്രതിവാര പരിപാടിയും ശ്രീനിയുടേതാണ്. ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ ശക്തമായത്. കെ. ബാബു വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന തൃപ്പൂണിത്തുറ പിടിക്കണമെന്ന ലക്ഷ്യത്തോടെ സിപിഐ(എം). നേതാക്കൾ മാസങ്ങൾക്കു മുമ്പേ ശ്രീനിവാസനെ സമീപിച്ചിരുന്നുവെന്നും വാർത്ത വന്നു. മൽസരിക്കാൻ താൽപര്യമില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി. അതിനു പിന്നാലെയാണ് ചാലക്കുടിയിൽ ഇന്നസെന്റിന്റെ ലോക്‌സഭാ സ്ഥാനാർത്ഥിത്വം പാർട്ടി നിർദ്ദേശിച്ചതും അവിടെ വിജയംകണ്ടതും.

ഈ സാഹചര്യത്തിൽ ശ്രീനിവാസൻ മത്സരത്തിന് സന്നദ്ധനാണെന്നായിരുന്നു സിപിഐ(എം) നേതാക്കൾ നൽകിയ സൂചന. ഇതിനെയാണ് ശ്രീനിവാസൻ തള്ളിക്കളയുന്നത്.