കണ്ണൂർ: രാഷ്ട്രീയത്തിലെ ചാഞ്ചാട്ടക്കാരനെന്ന സിപിഎം നേതാവ് പി ജയരാജന്റെ വിമർശനത്തിന് മറുപടിയുമായി നടൻ ശ്രീനിവാസൻ. അൽപം പോലും ബുദ്ധയില്ലാത്ത സമയത്ത് താൻ എസ്എഫ്ഐക്കാരനായിരുന്നുവെന്നും കുറച്ച് കൂടി ബുദ്ധി വെച്ചപ്പോൾ കെഎസ്‌യുവിലേക്കും പിന്നെ എബിവിപിയിലേക്കും മാറിയെന്നും ശ്രീനിവാസൻ പറഞ്ഞു. സാമാന്യ ബുദ്ധി വെച്ചപ്പോൾ ട്വന്റി ട്വന്റിക്കാരനായി. എനിക്ക് തോന്നിയാൽ ഇവിടെ നിന്നും മാറുമെന്നും ശ്രീനിവാസൻ കൂട്ടിചേർത്തു.

ട്വന്റി 20 കേരളയിൽ അംഗത്വം എടുത്തതിന് പിന്നാലെ ശ്രീനിവാസനെതിരെ വിമർശനവുമായി ജയരാജൻ രംഗത്തെത്തിയിരുന്നു. കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ല, ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് ശ്രീനിവാസനെന്നും പഠിക്കുന്ന കാലത്ത് എബിവിപിക്കാരനായിരുന്നുവെന്നുമാണ് ജയരാജൻ വിമർശനം ഉന്നയിച്ചത്. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞിരുന്നു.

'അൽപം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാൻ എസ്എഫ്ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ച് കൂടി ബുദ്ധി വെച്ചപ്പോൾ കെഎസ്‌യുക്കാരനായി. അൽപം കൂടി ബുദ്ധി വെച്ചപ്പോൾ എബിവിപിക്കാരനായി. സാമാന്യ ബുദ്ധി വെച്ചപ്പോൾ ട്വന്റി ട്വന്റിക്കാരനായി. എനിക്ക് തോന്നിയാൽ ഇവിടെ നിന്നും മാറും. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരാൾക്ക് എത്ര പാർട്ടിയിലും ചേരാം. ഇതെല്ലാം താൽക്കാലികമാണ്. വേണമെങ്കിൽ ഇനിയും മാറാനുള്ള മുന്നൊരുക്കമെന്നു പറയാം.' ശ്രീനിവാസന്റെ പ്രതികരണം.

''ഓരോ പാർട്ടിക്കും അവരുടേതായ അജണ്ടയുണ്ട്. ഇപ്പോ ഞാൻ കേട്ടത് എന്താണെന്ന് വച്ചാൽ ആദ്യം കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും കോൺഗ്രസിനെ പുറത്താക്കുക എന്നാണ് ബിജെപി ഉദ്ദേശിക്കുന്നത്. അതുകൊണ്ട് കേരളത്തിൽ കോൺഗ്രസിനെ പുറത്താക്കാൻ സിപഎമ്മിന്റെ കൂടെ ചേരാം. അത് കഴിഞ്ഞതിന് ശേഷം സിപിഎമ്മിനെ പുറത്താക്കാം. കൂടുതൽ കാലം ഭരിക്കുതോറും ബംഗാളിലെ പോലെ തകർന്ന് ഇല്ലാതാകും കേരളത്തിൽ സിപിഎം. അതുപോലെ ബിജെപി പ്ലാൻ ചെയ്തിരിക്കുന്നത് ഇവർക്ക് തുടർച്ചയായി കുറച്ചുകൂടെ ഭരണം കൊടുത്തിട്ട് സ്വയം തകർന്നോളും എന്നാണ്. ഇത് സാധാരണ ബുദ്ധികൊണ്ടോന്നും സങ്കൽപ്പിക്കാൻ പറ്റുന്ന കാര്യങ്ങളല്ല. ഇവിരോടൊക്കെ എന്ത് പറയാൻ.''- എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിക്ക് പരസ്യമായി പിന്തുണ അറിയിച്ച് ശ്രീനിവാസൻ രംഗത്തെത്തിയത്. കേരളം ട്വന്റി ട്വന്റി മോഡൽ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാൽ താൻ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. ജേക്കബ് തോമസും ഇ ശ്രീധരനും ട്വന്റി ട്വന്റിയിൽ എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്.

ട്വന്റി ട്വന്റി ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ മത്സരിക്കുകയാണ്. അതിൽ വിജയിക്കുകയാണെങ്കിൽ അവർ കേരളത്തിൽ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. ആ ഘട്ടത്തിൽ താൻ ട്വന്റി ട്വന്റിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും ശ്രീനിവാസൻ വിശദീകരിച്ചു. താരങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ പ്രവേശിക്കുന്നത് അവർക്ക് പാർട്ടികളെക്കുറിച്ച് വേണ്ട തിരിച്ചറിവില്ലാത്തതിനാലാണെന്നും അവർക്കെല്ലാം നല്ല ബുദ്ധി തോന്നിക്കോളുമെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.