കൊച്ചി: ശബരിമല യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ച് പരസ്യമായി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയ രാഷ്ട്രീയ ബജ്രംഗ് ദൾ സംസ്ഥാന സംയോജക് ശ്രീരാജ് കൈമൾ പൊലീസ് കസ്റ്റഡിയിൽ. 11.30 ഓടെ ഹൈക്കോടതി ജംഗ്ഷന് സമീപം പെട്രോൾ കുടിക്കുകയും ദേഹത്ത് ഒഴിക്കുകയും ചെയ്ത നിലയിൽ എത്തിയ ശ്രീരാജിനെ എ.എച്ച്പി - രാഷ്ട്രീയ ബജ്രംഗ്ദൾ പ്രവർത്തകർ തന്നെയാണ് പിടിച്ച് പൊലീസിന് ഏൽപ്പിക്കുന്നത്. ഒരിക്കലെങ്കിലും ശബരിമലയിലെത്തി അയ്യപ്പനെ ദർശിച്ചിട്ടുള്ളവർ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിക്കണമെന്നും ഇത് ഹിന്ദുവിന്റെ വിഷയമാണെന്നും പൊലീസ് വാഹനത്തിൽ വെച്ച് ശ്രീരാജ് മാധ്യമങ്ങളോട് പറഞ്ഞു.

തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീരാജിനെ വയറ് കഴുകിയതിന് ശേഷം പ്രത്യേക ലോഷൻ ഉപയോഗിച്ച് ദേഹം തുടച്ചു. 29നാണ് ശബരിമല വിധിയിൽ മനം നൊന്ത് താൻ തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഹൈക്കോടതി ജംഗ്ഷനിൽ വെച്ച് ആത്മഹത്യ ചെയ്യുമെന്ന് ശ്രീരാജ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ സംഘടന നേതൃത്വം ഇത് വിലക്കിയതോടെ ശ്രീരാജ് ഞാറാഴച വൈകിട്ട് ആറുമണിയോടെ ശ്രീരാജ് കലൂരിലെ താമസ സ്ഥലത്ത് നിന്ന് കാണാതാവുകയായിരുന്നു. രാത്രിയോടെ കലൂർ പൊലീസിൽ എ.എച്ച്.പി - രാഷ്ട്രീയ ബജ്‌രംഗ് ദൾ പ്രവർത്തകർ പരാതി നൽകി.

പൊലീസും പ്രവർത്തകരും ചേർന്ന് ശ്രീരാജ് സ്ഥിരമായി പോകാനുള്ള സ്ഥലങ്ങളിലും ആലപ്പുഴ, കൈനകരിയിലെ വീട്ടിലും പരിശോധിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ആത്മഹത്യ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ ഫയർ ഫോഴ്‌സും പൊലീസും നിലയുറപ്പിച്ചു. അസിസ്റ്റന്റ് കമ്മീഷ്ണർ ലാൽജി യുടെ നേതൃത്വത്തിൽ ഹൈക്കോടതി പരിസര ങ്ങളിൽ ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി.

ശ്രീരാജ് എത്തിയാൽ പിടികൂടി ആത്മഹത്യയിൽ നിന്ന് പിൻതിരിപ്പിക്കാൻ എഎച്ച് പി പ്രവർത്തകരും ഹൈക്കോടതി പരിസരത്ത് തമ്പടിച്ചിരുന്നു. ഇന്നലെ പള്ളുരുത്തിയിൽ വെച്ച് നടന്ന ശബരിമല സംരക്ഷണ സമിതി യോഗത്തിലും ശ്രീരാജ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

സുപ്രീം കോടതി വിധിക്കു പിന്നാലെ കഴിഞ്ഞദിവസം ഫേസ്‌ബുക്കിലൂടെയാണ് ശ്രീരാജ് കൈമൾ ഭീഷണി മുഴക്കിയത്. 'ഒക്ടോബർ ഒന്ന് തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഏറണാകുളം ഹൈക്കോടതി ജങ്ഷനു മുമ്പിൽ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്' എന്നായിരുന്നു ശ്രീരാജിന്റെ കുറിപ്പ്. ഇതേ ചിന്ത ഏതെങ്കിലും സ്വാഭിമാനി ഹിന്ദുവിന് തോന്നുന്നുവെങ്കിൽ അവർക്കും എന്റെ കൂടെ വരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

'ഞാൻ ജീവത്യാഗം ചെയ്യുന്നു, എന്റെ അയ്യപ്പസ്വാമിക്ക് വേണ്ടി, ഹിന്ദു സമൂഹത്തിന് വേണ്ടി ' എന്ന ശ്രീരാജിന്റെ കുറിപ്പ് വലിയ തോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു. സംഘപരിവാർ അനുകൂല ഫേസ്‌ബുക്ക് പേജുകൾ ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും ഇയാൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് ഹൈക്കോടതി ജങ്ഷനു സമീപത്തെത്തിയത്.