- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക് വിഭാഗത്തിൽ നിന്നും മാറ്റി; പകരം ഉൾപ്പെടുത്തിയത് ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി ബിഎസ് ബിജുഭാസ്ക്കറിനെ; തീരുമാനം തിരുത്തിയത് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ഉൾപ്പെടുത്തിയതിൽ മാധ്യമ രോഷം കനത്തതോടെ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക് വിഭാഗത്തിൽ നിന്നും മാറ്റി. ശ്രീറാമിന് പകരം ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി ബിഎസ് ബിജുഭാസ്ക്കറിനെ ഉൾപ്പെടുത്തി. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ മാധ്യമവാർത്തകൾ പരിശോധിക്കാനുള്ള സമിതിയിൽ ഉൾപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ മാധ്യമ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് ശ്രീരാമിനെ മാറ്റിയത്.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിന് കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും സി.എഫ്.എൽ.ടി.സി.കളുടെ ചുമതലയും നൽകിയിരുന്നു.
ശ്രീറാം ഓടിച്ചിരുന്ന കാർ ഇടിച്ച് കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽനിന്ന് തടിയൂരാൻ ശ്രമിച്ച അദ്ദേഹത്തിനെതിരേ മാധ്യമങ്ങൾ രംഗത്തുവന്നിരുന്നു. മാധ്യമ ഇടപെടലിനെത്തുടർന്നാണ് അദ്ദേഹത്തിനെതിരേ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായതും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കോവിഡ് നിയന്ത്രണ കാലയളവിലെ വ്യാജ വാർത്തകൾ കണ്ടെത്താൻ ജൂണോടെ പി.ആർ.ഡി.യിൽ ഫാക്ട് ചെക്ക് ഡിവിഷൻ രൂപവത്കരിച്ചത്. പി.ആർ.ഡി. സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ പൊലീസ്, ഐ.ടി., ആരോഗ്യം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരെയും അംഗങ്ങളാക്കിയിരുന്നു. രണ്ട് മാധ്യമ എഡിറ്റർമാരെയും സർക്കാർ നാമനിർദ്ദേശം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
സൈബർ സെക്യൂരിറ്റി വിദഗ്ധൻ, ഫാക്ട് ചെക്കിങ് വിദഗ്ധൻ, സൈബർ ഡോം, ഫൊറൻസിക് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ, സി-ഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങൾ. വ്യാജവാർത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാൽ അവയ്ക്കെതിരേ നടപടിക്ക് പൊലീസിന് കൈമാറുക, വാർത്തകൾ തെറ്റാണെങ്കിൽ സത്യാവസ്ഥ മറ്റു വകുപ്പുകളിൽനിന്ന് ആരാഞ്ഞ് ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയാണ് ഫാക്ട് ചെക്ക് വിഭാഗത്തിന് നൽകിയിരുന്ന ചുമതല.
അതേസമയം മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രേഖകൾ ശ്രീറാം വെങ്കിട്ടരാമന് കൈമാറാൻ കോടതി ഉത്തരവിട്ടു. അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും നൽകണമെന്നായിരുന്നു കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യം.
ഈ രേഖകൾ ശ്രീറാമിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് നിർദ്ദേശം നൽകിയത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കേസ് അടുത്ത മാസം 12ന് പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ