- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീശാന്ത്... ശ്രീജേഷ്.... ശ്രീശങ്കർ..... മലയാളിയുടെ വർത്തമാനകാല കായിക അഭിമാനങ്ങളുടെ പട്ടികയിലേക്ക് കൊച്ചിക്കാർക്കൊപ്പം ഇനി പാലക്കാടൻ വസന്തവും; ക്രിക്കറ്റ് ലോകകപ്പും ഹോക്കിയിലെ ഒളിമ്പിക്‌സ് വെങ്കല മെഡലും എത്തിച്ച ക്രിക്കറ്റ്-ഹോക്കി പ്രതിഭകൾ; ശ്രീശങ്കറിൽ നിന്നും കൊതിക്കുന്നത് ഒളിമ്പിക്സിലെ അത്‌ലറ്റിക്‌സ് മെഡലും; ഉത്തരേന്ത്യൻ ലോബിയെ വീണ്ടും 'ശ്രീ' തോൽപ്പിക്കുമ്പോൾ
കൊച്ചി: ശ്രീശാന്ത്... ശ്രീജേഷ്.... ശ്രീശങ്കർ..... മലയാളിയുടെ വർത്തമാന കാല അഭിമാനങ്ങളാണ് ഇവർ. മാനുവൽ ഫെഡ്‌റിക്‌സിന് ശേഷം ഇന്ത്യൻ കായിക ചരിത്രത്തിൽ തല ഉയർത്തി നിന്ന ത്രിമൂർത്തി മലയാളികൾ. ലോകകപ്പ് ക്രിക്കറ്റ് കിരീടം മലയാളി കൈയിലേന്തിയത് ശ്രീശാന്തിലൂടെയാണ്. ട്വിന്റി ട്വന്റി, ഏകദിന കിരീട നേട്ടങ്ങളിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണായ മലയാളി. ഹോക്കിയിൽ ഇന്ത്യ കഴിഞ്ഞ വർഷം ഒളിമ്പിക്‌സിൽ വെങ്കലം കിട്ടിയപ്പോൾ അത് ശ്രീജേഷ് എന്ന ഗോൾകീപ്പറുടെ വലിയ മികവായി. ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യക്ക് അഭിമാന നിമിഷം ഒരുക്കിയത്. ഇപ്പോൾ കോമൺവെൽത്തിൽ ശ്രീശങ്കറും. ഒളിമ്പിക്‌സിൽ ഭാവിയിൽ സ്വർണം നേടാനുള്ള ചാട്ടമികവ് ഈ 22കാരന്റെ കാലുകൾക്കുണ്ട്. അതുകൊണ്ട് തന്നെ ഇതിലും വലിയ നേട്ടം ശ്രീ രാജ്യത്തിന് നൽകുമെന്നാണ് പ്രതീക്ഷ.
ക്രിക്കറ്റ് എന്നാൽ ഉത്തരേന്ത്യയാണ്. മുംബൈയും ബംഗാളും ഡൽഹിയും ക്രിക്കറ്റിനെ ഭരിച്ച കാലം. ദക്ഷിണേന്ത്യയിൽ ചെന്നൈയ്ക്ക് സ്വാധീനമുണ്ട്. കർണ്ണാടകയും കരുത്തു കാട്ടാറുണ്ട്. എന്നാൽ കേരളം ഒന്നുമല്ലായിരുന്നു. അന്നാണ് ശ്രീശാന്ത് സ്വിങ് ബൗളിങ്ങിന്റെ മാന്ത്രികത ലോക ക്രിക്കറ്റിന് കാട്ടിയത്. ശ്രീയെ വെട്ടിയൊതുക്കാൻ പല ശ്രമവും നടന്നു. ഇതെല്ലാം അതിജീവിച്ചാണ് ട്വന്റി ട്വന്റി ലോകകപ്പിലെ അവസാന ക്യാച്ച് ശ്രീ കൈകളിലേക്ക് ഒതുക്കിയത്. ഏകദിന ഫൈനലിലും ശ്രീ കളിച്ചു. അങ്ങനെ ഇരട്ട ലോകകപ്പ് നേട്ടത്തിന്റെ ഭാഗമായി. എല്ലാം ഉത്തരേന്ത്യൻ ലോബിയെ തകർത്തുള്ള കളിമികവിലൂടേയും. ഒടുവിൽ ഐപിഎൽ വാതുവയ്‌പ്പിൽ ശ്രീയെ ജയിലിൽ അടച്ച് അവർ പ്രതികാരം വീട്ടി. കോടതിയിൽ നിന്ന് നീതി കിട്ടിയിട്ടും നല്ലകാലത്ത് കളിക്കാൻ അനുവദിച്ചില്ല. ക്രിക്കറ്റിലെ ദൈവങ്ങൾ ശ്രീയെ എല്ലാ അർത്ഥത്തിലും ദ്രോഹിച്ചു. അപ്പോഴും മലയാളിയുടെ അഭിമാനമായി ശ്രീ. ഇന്നും കായിക ലോകത്ത് ശ്രീ കാട്ടിയ അക്രമണോത്സുകത ഏവർക്കും മാതൃകായണ്.
കൊച്ചിക്കാരനായ ശ്രീശാന്തിന് പിന്നാലെ മറ്റൊരു ശ്രീ ഇന്ത്യയുടെ കായിക ചരിത്രത്തിൽ ചർച്ചയായി. ശ്രീജേഷ് എന്ന ഹോക്കി ഗോൾ കീപ്പർ. സ്വന്തമായി നല്ലൊരു ഹോക്കി ഗ്രൗണ്ട് ഇല്ലാത്ത കേരളത്തിൽ നിന്നും ദേശീയ കായിക ഇനത്തിന് കിട്ടിയ സൗഭാഗ്യം. തിരുവനന്തപുരത്തെ ജിവി രാജാ സ്‌കൂളിൽ അപ്രതീക്ഷിതമായി ഹോക്കി സ്റ്റിക്ക് കിട്ടിയപ്പോൾ തുടങ്ങിയ കഠിനാധ്വാനം. ഇന്ത്യൻ ഹോക്കിയുടെ എക്കാലത്തേയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായി ശ്രീജേഷ് മാറി. മുമ്പ് ബംഗ്‌ളുരുവിൽ സ്ഥിര താമസമാക്കിയ മാനുവൽ ഫെഡ്രിക്‌സ് എന്ന കണ്ണൂരുകാരനിലൂടെ കേരളത്തിലേക്ക് എത്തിയ ഒളിമ്പിക്‌സ് ഹോക്കി മെഡൽ ശ്രീജേഷ് നാടിന് സമ്മാനിച്ചു. എഴപതുകളിൽ ഹോക്കി എന്നാൽ ഇന്ത്യയായിരുന്നു. ആ സമയത്തായിരുന്നു മാനുവൽ ഫെഡ്രിക്‌സിന്റെ മെഡൽ നേട്ടം. എന്നാൽ ശ്രീജേഷിന്റെ പോരാട്ടം തളർന്ന് നിന്ന ഇന്ത്യൻ ഹോക്കിക്ക് പുതിയ കരുത്തായി എന്നതാണ് വസ്തുത. അതുകൊണ്ടാണ് ഫെഡ്രിക്‌സിന്റെ നേട്ടിന് മുകളിൽ ശ്രീജേഷിന്റെ മെഡൽ എത്തുന്നത്. തീർത്തും അസാധ്യമായതായിരുന്നു ഗോൾ കീപ്പിങിലെ വിസ്മയത്തിലൂടെ ശ്രീജേഷ് നേടിയത്.
കൊച്ചിക്കാരായ ശ്രീശാന്തും ശ്രീജേഷും നേടിയ അതേ അവഗണനയുടെ വഴിയേ തന്നെയാണ് ശ്രീശങ്കറും ചാടി മെഡൽ നേടുന്നത്. അച്ഛന്റേയും അമ്മയുടേയും വഴിയേ അത്‌ലറ്റിക്‌സിൽ എത്തിയ കൊച്ചു മിടുക്കൻ. കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം എം. ശ്രീശങ്കർ ചർച്ചയാവുകാണ്. ലോങ്ജംപിൽ വെള്ളി മെഡൽ കരസ്ഥമാക്കി. കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ജംപിൽ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡൽ നേടാനാകുന്നത്. പല അവഗണനകളേയും അതിജീവിച്ചാണ് ശ്രീശങ്കറിന്റെ ഈ നേട്ടം.
കരിയറിലെ ചെറിയ തിരിച്ചടികളിൽ പോലും ഒപ്പം നിൽക്കാതെ വിമർശിച്ചവരോടുള്ള മധുരപ്രതികാരം കൂടിയാണ് ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇരുപത്തിമൂന്നുകാരൻ എം ശ്രീശങ്കർ നൽകിയത്. അച്ഛനും പരിശീലകനുമായ മുരളിക്കും വിമർശകർക്ക് മറുപടി നൽകാനായി. കോമൺവെൽത്ത് ഗെയിംസിൽ ഒരിന്ത്യക്കാരന്റെ മികച്ച പ്രകടനത്തിലെത്തിയ എം.ശ്രീശങ്കറിന് സ്വർണത്തോളം പോന്ന വെള്ളിയായി ബർമിങ്ഹാമിലെ പ്രകടനം. കോമൺവെൽത്ത് ഗെയിംസ് ലോംഗ്ജംപിൽ മെഡൽ നേടുന്ന നാലാം ഇന്ത്യൻ താരമാണ് എം ശ്രീശങ്കർ. സുരേഷ് ബാബു(1978 വെങ്കലം), അഞ്ജു ബോബി ജോർജ്(2002 വെങ്കലം), എം എ പ്രജുഷ(2010 വെള്ളി) എന്നിവരുടെ പട്ടികയിലേക്കാണ് ശ്രീശങ്കർ ഇടംപിടിച്ചത്.
8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്. സ്വർണമെഡൽ നേടിയ ബഹമാസ് താരം ലഖ്വൻ നയ്‌രൻ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും, ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നത് ലഖ്വനെ ജേതാവാക്കി. ശ്രീശങ്കർ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡൽ കരസ്ഥമാക്കാനായ 8.08 മീറ്റർ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളിൽ 7.60 മീറ്റർ, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ ചാട്ടം. നാലാം ശ്രമത്തിൽ എട്ടുമീറ്റർ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ ഫൗളായി. ലോങ്ജംപിൽ ഇന്ത്യക്ക് രണ്ട് മെഡൽപ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്.
മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്തായി. ആറാം ശ്രമത്തിലാണ് അനീസ് മികച്ച ദൂരം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജോവാൻ വാൻ വൂറൻ (8.06 മീ.) വെങ്കലം നേടി. കഴിഞ്ഞ രണ്ട് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും ടോക്യോ ഒളിമ്പിക്‌സിലും പങ്കെടുത്ത ശ്രീശങ്കറിന് സീനിയർ അന്താരാഷ്ട്ര മത്സരത്തിൽ ലഭിച്ച പ്രധാന മെഡലാണിത്. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്‌ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.
മറുനാടന് മലയാളി ബ്യൂറോ