ബംഗളൂരു: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാൻ തയ്യാറെന്നു ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തന്റെ ഭാര്യവീട്ടുകാർ ബിജെപി അനുഭാവികളാണെന്നും ശ്രീശാന്ത് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.

മത്സരിക്കാൻ താൽപ്പര്യം തൃപ്പൂണിത്തുറയിലാണ്. സ്ഥാനാർത്ഥിയാകുന്നതു സംബന്ധിച്ച് ബിജെപി നേതൃത്വം ചർച്ച നടത്തിയിരുന്നുവെന്ന് ശ്രീശാന്ത് സ്ഥിരീകരിച്ചു.

പാർട്ടിക്കു വേണ്ടി മൽസരിക്കണം എന്നഭ്യർഥിച്ചു ശ്രീശാന്തിന് ദേശീയ അധ്യക്ഷൻ അമിത് ഷായാണ് സന്ദേശം അയച്ചത്. നാളെ തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണു വിവരം.

ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയുടെ അച്ഛൻ ഹിരേന്ദ്ര സിങ് ഷെഖാവത്തിന് മധ്യപ്രദേശിലെ ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. മറ്റു പല പ്രമുഖരെയും മൽസരിപ്പിക്കാൻ ബിജെപി നീക്കം തുടരുകയാണ്. നാലു ദിവസത്തിനകം അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാകുമെന്നാണു സൂചന.

നിലവിൽ മന്ത്രി കെ ബാബുവാണു തൃപ്പൂണിത്തുറയിൽ എംഎൽഎ. അഞ്ച് തവണ തുടർച്ചയായി കെ ബാബു മത്സരിച്ചു വിജയിച്ചിരുന്നു. ബാർ കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. സിപിഐ(എം) സ്ഥാനാർത്ഥിയായി ഇവിടെ സി എം ദിനേശ് മണിയാണു മത്സരിക്കുന്നത്. സിനിമാ താരങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം കൂടി എത്തുകയാണു ശ്രീശാന്തിലൂടെ.