കൊച്ചി: ശ്രീവൽസം ഗ്രൂപ്പ് ഉടമ എം. കെ. ആർ. പിള്ള നാഗാ കലാപകാരികൾക്കും പണം നൽകിയെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. അതേസമയം, ശ്രീവത്സം ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു രണ്ടു വർഷം മുമ്പ് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങൾ സംസ്ഥാന പൊലീസ് അവഗണിച്ചുവെന്നും സൂചന. ഈ സമയത്ത് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. ശ്രീവൽസം ഗ്രൂപ്പുമായി തനിക്ക് ബന്ധമില്ലെന്ന് ചെന്നിത്തല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നതും. ശ്രീവൽസം ഗ്രൂപ്പിനെതിരെ ഉന്നയിച്ച ഇടപാടുകളെക്കുറിച്ച് ഒരു അന്വേഷണവും നടന്നില്ല. ഇതിന് കാരണം ഉന്നത തല ബന്ധങ്ങളാണെന്നാണ് സൂചന.

നാഗാലാൻഡ് പൊലീസിന്റെ ഔദ്യോഗിക വാഹനങ്ങളിൽ സംസ്ഥാനത്തേക്ക് പണം കടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഭൂമിയിടപാടും ഗ്രൂപ്പ് നടത്തിയെന്നു സൂചനയുണ്ട്. ഈ സംശയങ്ങളാണ് കേരളാ പൊലീസിന് മുമ്പിൽ എത്തിയത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്തു നിന്നു ലഭിച്ച പരാതിയിൽ തുടരന്വേഷണം നടത്തിയതു വഴിയാണ് നാഗാലാൻഡ് വാഹനങ്ങൾ സ്ഥിരമായി പന്തളത്തു വന്നു പോകുന്നുവെന്ന് കണ്ടെത്തുന്നത്. എന്നാൽ തുടർ നടപടികളിലേക്ക് കടന്നില്ല. നാഗാലാൻഡ് പൊലീസിന്റെ വാഹനങ്ങളിൽ എന്തു കടത്തുന്നുവെന്നു കണ്ടെത്തുകയെന്ന ലക്ഷ്യം അട്ടിമറിച്ചു. വാഹനങ്ങൾ പിടിച്ചെടുത്തു പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നതാണ് സത്യം.

കേരളാ പൊലീസിലെ ഇന്റലിജൻസ് വിഭാഗവും വിശദമായ അന്വേഷണത്തിനു റിപ്പോർട്ടു നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. അന്ന് പാതിവഴിയിലവസാനിച്ച അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് പൊലീസ്. അതിനിടെ ശ്രീവൽസം ഗ്രൂപ്പിന് യുഡിഎഫുമായി ബന്ധമുണ്ടെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഹരിപ്പാട് മെഡിക്കൽ കോളജുമായി ശ്രീവൽസം ഗ്രൂപ്പിന് ബന്ധമില്ല. ആരോപണങ്ങൾ യുഡിഎഫിനെ കരിതേച്ചുകാണിക്കാനാണ്. പുകമറ നീക്കാൻ സി ബി ഐയോ ഏതെങ്കിലും ഉന്നത സർക്കാർ ഏജൻസിയോ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് കഴിഞ്ഞ ദിവസം യുഡിഎഫിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ.

അതിനിടെ പിള്ളയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തായി. ആദായ നികുതി വകുപ്പ് നാഗാലാൻഡിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളാണ് പുറത്തായത്. എംകെആർ പിള്ള, ഭാര്യ വത്സല രാജ്, മകൻ അരുൺ രാജ് എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പുറത്തുവന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ വളർച്ചയുടെ പിന്നിൽ നാഗാലാൻഡിൽ നിന്നുള്ള പണമാണെന്ന തെളിയിക്കുന്ന വിവരങ്ങളാണ് അക്കൗണ്ടിലുള്ളത്. 20 ബാങ്ക് അക്കൗണ്ടുകളാണ് നാഗാലാൻഡിൽ പിള്ളയ്ക്കുള്ളത്. ജൂൺ ഒന്ന് 2016 ന് എംകെആർ പിള്ളയുടേതായ ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന പണത്തിനേക്കുറിച്ചും ഇടപാടുകളേക്കുറിച്ചുമുള്ള വിവരങ്ങളാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നത്. ഈ വിവരങ്ങളാണ് പുറത്തുവിട്ടത്. നാഗാലാൻഡിലെ കോഹിമയിലും ദിമാപൂരിലും, ലെറിയിലുമായി 10 ബാങ്കുകളിലാണ് 20 അക്കൗണ്ടുകൾ ഉള്ളത്. 2016 ജൂൺ ഒന്നിന് 1,49,96,321 രൂപയാണ് ഈ അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകളിൽ കൂടിയാണ് കേരളത്തിലേക്ക് കോടിക്കണക്കിന് പണം എത്തിയത്.

നാഗാലാന്റിലെ പണമുപയോഗിച്ച് വളർന്ന ശ്രീവൽസം ഗ്രൂപ്പ് കേരളത്തിൽ കരുതലോടെയാണ് പ്രവർത്തിച്ചത്. പല സാമൂഹിക സംഘടനകളിൽ നിന്നും അച്ഛനും മകനും അവാർഡുകൾ വാങ്ങിച്ചെടുത്തു. വ്യവസായ സംരഭകനെന്ന നിലയിൽ ശ്രദ്ധനേടിയെടുക്കാനാണ് ശ്രമിച്ചത്. അഡംബരക്കാറുകളിലായിരുന്നു ഈ കുടുംബത്തിന്റെ യാത്ര. മണി മുറ്റത്ത് എന്ന ചിട്ടിക്കമ്പനിയുടെ പ്രവർത്തനവും പരിശോധിക്കുന്നുണ്ട്. ഈ ചിട്ടക്കമ്പനി ഉപയോഗിച്ചാണ് പണം വെളുപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഇതിനൊന്നും കൃത്യമായ മറുപടി നൽകാൻ ശ്രീവൽസം ഗ്രൂപ്പ് മെനക്കെടുന്നുമില്ല. ഒന്നും തങ്ങൾക്ക് സംഭവിക്കില്ലെന്നാണ് ഇവർ ഇപ്പോഴും പ്രചരിപ്പിക്കുന്നത്. കേരളത്തിൽ കേസൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ പഴയതു പോലെ തന്നെ നീങ്ങാനും കഴിയും. അതിനിടെ ഈ ഗ്രൂപ്പിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാനും ആദായ നികുതി വകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.

ഈ അക്കൗണ്ടുകളക്കുറിച്ചും അവയിൽ എത്രകോടിയുടെ ഇടപാടുകളാണ് നടത്തിയിരുന്നതെന്ന് നാഗാലാൻഡിൽ ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. എംകെആർ പിള്ളയുടെ ഭാര്യ വത്സല രാജിന് കോഹിമയിലും ദിമാപുരിലുമായി അഞ്ചക്കൗണ്ടുകളുണ്ട്. ബാക്കിയുള്ളവ ബംഗളൂരുവിലും ചെന്നൈയിലുമാണ്. ഈ അക്കൗണ്ടുകളിലായി 89,36,481.13 ലക്ഷം രൂപയാണ് ജൂൺ ഒന്നിന് ഉണ്ടായിരുന്നത്. മകൻ അരുൺ രാജിന് നാലു ബാങ്കുകളിലായി കോഹിമയിൽ മാത്രം അഞ്ച് അക്കൗണ്ടുകളാണ് ഉള്ളത്. ബാക്കിയുള്ളവ ബംഗലൂരുവിലും മറ്റുമാണ്. 49,45,475 രൂപയാണ് ഈ അക്കൗണ്ടുകളിൽ ഉള്ളത്. കോഹിമയിൽ പല വ്യാപാര സ്ഥാപനങ്ങളും പിള്ളയ്ക്കുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പെട്രോൾ പമ്പുകൾ, ബേക്കറി എന്നിങ്ങനെ നിരവധി ബിനാമികളാണ് പിള്ളയ്ക്കുള്ളത്. നാഗാലാൻഡിലെ പിള്ളയുടെ ബിനാമിയാണ് സർക്കാർ കോൺട്രാക്ടറായ ആദിവാസി ടി.ഇ.പി രക്മ. താൻ പിള്ള നൽകിയ പേപ്പറുകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും മറ്റൊന്നുമറിയില്ലെന്നുമാണ് രക്മ പറയുന്നത്.

പിള്ളയുടെ ഉടമസ്ഥതയിലുള്ള 30-ൽ അധികം സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും, പുറത്തും കോടികളുടെ ബിനാമി ഇടപാടുകൾ ശ്രീവൽസം ഗ്രൂപ്പ് നടത്തിയതായും തെളിഞ്ഞിരുന്നു. എന്നാൽ ശ്രീവത്സം ഗ്രൂപ്പ് വിദേശ പണമിടപാട് നടത്തിയതിന്റെ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇതുവരെ 425 കോടിയുടെ വരവിൽ കവിഞ്ഞ സ്വത്ത് സംബന്ധിച്ച രേഖകളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച 100 കോടി രൂപയുടെ അനധികൃത സ്വത്തിനെക്കുറിച്ചുള്ള രേഖകൾ ലഭിച്ചിരുന്നു.

നാഗാലാൻഡിൽ അസിസ്റ്റന്റ് എസ്‌പിയായിരുന്ന പിള്ളയ്ക്ക് ഇത്രയുമധികം കോടികൾ എങ്ങനെയുണ്ടാക്കാൻ കഴിഞ്ഞുവെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. നാഗാലാൻഡിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഇടപാടുകൾക്കു ഇടനിലക്കാരനായി പ്രവർത്തിക്കുന്നതോടൊപ്പം അവരുടെയും കള്ളപ്പണം നിക്ഷേപിച്ചുമാണ് പിള്ള ഇത്രയുമധികം സ്വത്തുണ്ടാക്കിയതെന്ന് സൂചനയുണ്ട്. 2003ലാണ് പിള്ള പന്തളം, കുളനട എന്നീ സ്ഥലങ്ങളിൽ ശ്രീവൽസമെന്ന പേരിൽ സ്ഥാപനം തുടങ്ങിയത്. പിന്നീട് അവിശ്വസനീയമാംവിധം ഈ സ്ഥാപനങ്ങൾ വളരുകയായിരുന്നു. പിള്ള ജോലിയുമായി ബന്ധപ്പെട്ടു നാഗാലാൻഡിൽ ആയതിനാൽ അവിടെയുള്ളവരുടെ കള്ളപ്പണ നിക്ഷേപം ശ്രീവൽസം ഗ്രൂപ്പിൽ ഉണ്ടായിട്ടുണ്ടെന്നു പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിവരം.

ഈ സാഹചര്യത്തിലാണ് പിള്ളയുടെ ബിസിനസ് പങ്കാളി രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണമാരംഭിച്ചത്. പിള്ളയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിരുന്നത് രാധാമണിയാണെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽകണ്ടെത്തിയിരിക്കുന്നത്. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ റിയൽഎസ്റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകൾ രാധാമണിയുടെ ഹരിപ്പാട് ഡാണാപ്പടിയിലുള്ള വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് നടക്കുമ്പോൾഡൽഹിയിലെ നാഗാലാന്റ് ഹൗസിലായിരുന്ന രാധാമണിയെ ആദായനികുതിഉദ്യോഗസ്ഥർ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. രാധാമണിയിൽ നിന്ന് പിള്ളയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.