ആലപ്പുഴ: ശ്രീവത്സം ഗ്രൂപ്പ് ഉടമ എം കെ രാജേന്ദ്രപിള്ളയുടെ വ്യവസായ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി രാധാമണിയുടെ ഡയറിയിൽ ഉന്നത കോൺഗ്രസ് നേതാക്കളുടെ പേരുകളെന്ന് സൂചന. ഡൽഹി നാഗാലാന്റ് ഭവനിൽ വച്ച് ആദായ നികുതി വകുപ്പ് അധികൃതർ രാധാമണിയെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടിയെന്നാണ് സൂചന. ഡയറിയിലെ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഹരിപ്പാട് പോലെ താരതമ്യേന ചെറിയ നഗരം കേന്ദ്രീകരിച്ച് കോടികളുടെ ബിസിനസ് സംരംഭങ്ങൾ പടുത്തുയർത്തിയതും ആദായ നികുതി വകുപ്പ് സംശയത്തോടെയാണ് കാണുന്നത്.

ശ്രീവത്സം ഗ്രൂപ്പിലെ ജീവനക്കാർക്ക് ഉടമ രാജേന്ദ്രപിള്ള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബഹുമാനമുള്ളതും മാഡം എന്ന് വിളിപ്പേരുള്ള രാധാമണിയോടാണ്. ശ്രീവത്സം ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനങ്ങളിൽ രാധാമണിക്കുള്ള പ്രാധാന്യം രാജേന്ദ്രപിള്ളയുടെ മക്കൾക്കും മുകളിലായിരുന്നു. അതുകൊണ്ട് തന്നെ പിള്ളയുടെ രഹസ്യമെല്ലാം രാധാമണിക്ക് അറിയാമെന്നാണ് വിലയിരുത്തൽ. ഡയറിയുടെ പ്രാധാന്യം കൂ്ട്ടുന്നതും അതുകൊണ്ടാണ്.

കേരളത്തിലെ ഉന്നതരായ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ഡയറിയിലെ വിവരങ്ങൾ എന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ബിസിനസ് വിപുലപ്പെടുത്തിയ ശ്രീവത്സം ഗ്രൂപ്പ് കേരളത്തിലെത്തിയതിന് പിന്നിൽ ഒരു ഉന്നത കോൺഗ്രസ് നേതാവിന്റെ സ്വാധീനം മൂലമാണെന്നും ആക്ഷേപമുയർന്നിരുന്നു. പിള്ളയ്ക്ക് ഹരിപ്പാട്ട് ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ എല്ലാ സഹായങ്ങളും ചെയ്തത് കോൺഗ്രസിന്റെ ഒരു തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിയാണെന്ന വിവരം ഡയറിയിൽ ഉള്ളതായാണ് സൂചന.

യുഡിഎഫ് ഭരണകാലത്തെ നിരവധി ബോർഡ് കോർപ്പറേഷൻ ചെയർമാന്മാരും രാധാമണിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. ഹരിപ്പാട് കോടികൾ വിലമതിക്കുന്ന വീടാണ് രാധാമണിക്ക് ഉള്ളത്. ഗ്രൂപ്പിന്റെ ഹരിപ്പാട്ടെ സ്ഥാപനങ്ങളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ നോമിനികൾ ആണെന്നതും ശ്രദ്ധേയമാണ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ശ്രീവത്സം ഗ്രൂപ്പിന്റെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ പരാതി ഉണ്ടായെങ്കിലും അന്വേഷണം നിർജ്ജീവമാക്കുകയായിരുന്നു.

ഹരിപ്പാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ച നടന്നപ്പോൾ തന്നെ എ ഗ്രൂപ്പ് ഇതിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇതിനെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു. ചെന്നിത്തലയുടെ വലംകൈയായ ഒരു ജനപ്രതിനിധി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ വാങ്ങിയതായി എ ഗ്രൂപ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പരാതി നൽകിയിരുന്നു.

ഈ വസ്തു വാങ്ങലിന്റെ സൂത്രധാരൻ ശ്രീവത്സം ഗ്രൂപ്പ് ഉടമയായ പിള്ളയാണെന്ന് അന്ന് തന്നെ ആക്ഷേപമുണ്ടായിരുന്നു. ഹരിപ്പാട് കേന്ദ്രീകരിച്ച് 200 ഏക്കറോളം സ്ഥലം വാങ്ങിയതിന് പിന്നിലും ഈ ജനപ്രതിനിധിക്ക് പങ്കുണ്ടായിരുന്നു. ഇതിനെതിരെയും എ ഗ്രൂപ്പിൽ ശക്തമായ പ്രതി ഷേധം ഉയരുന്നുണ്ട്. ശ്രീവത്സം കേസുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.

യുപിഎ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ നിന്നുള്ള എംപി കെ സി വേണുഗോപാൽ ആയിരുന്നു ഊർജ്ജ വകുപ്പിന്റെ സഹമന്ത്രി. എ ഗ്രൂപ്പിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് എൻടിപിസിയുടെ ഭൂമി മെഡിക്കൽ കോളജിന് അനുവദിക്കുന്നതിനെ വകുപ്പ് മന്ത്രിയായിരുന്ന കെ സി വേണുഗോപാൽ എതിർത്തത്. ഇതിനെ തുടർന്ന് ചെന്നിത്തലയും വേണുഗോപാലുമായി തെറ്റിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരമാണ് വേണുഗോപാൽ പദ്ധതിയെ എതിർത്തതെന്നാണ് സൂചന.