- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിന-ട്വന്റി 20 പരമ്പരകൾക്ക് രണ്ടാം നിരയല്ല; ഇന്ത്യയുടേത് കരുത്തുറ്റ ടീം; 20 പേരിൽ 14 പേരും മൂന്ന് ഫോർമാറ്റുകളിൽ ഒന്നിലെങ്കിലും ഇന്ത്യയെ പ്രതിനിധീകരിച്ചവർ; രണതുംഗയുടെ വിമർശനത്തിന് മറുപടിയുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ്
കൊളംബോ: ശ്രീലങ്കൻ പര്യടനത്തിന് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിമർശിച്ച മുൻ നായകൻ അർജുന രണതുംഗക്ക് മറുപടിയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുടേത് രണ്ടാം നിരയല്ലെന്നും കരുത്തുറ്റ ടീമാണെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇന്ത്യൻ ടീമിലെ 20 പേരിൽ 14 പേരും മൂന്ന് ഫോർമാറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരാണെന്നും ശ്രീലങ്കൻ ബോർഡ് വ്യക്തമാക്കി. പരിചയസമ്പന്നനായ ശിഖർ ധവാന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടേത് കരുത്തുറ്റ ടീമാണെന്നും ലങ്കൻ ബോർഡ് പറഞ്ഞു.
ഇന്ത്യയുടെ രണ്ടാം നിരക്കെതിരെ ഏകദിന-ടി20 പരമ്പരകൾ കളിക്കാൻ തയാറായെന്നായിരുന്നു ലങ്കൻ ക്രിക്കറ്റ് ബോർഡിനെ രണതുംഗ വിമർശിച്ചത്. നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമ്മയുമില്ലാത്ത ടീമിനെ ബിസിസിഐ അയക്കുന്നത് ലങ്കൻ ടീമിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരമ്പരയ്ക്ക് സമ്മതം മൂളിയ ലങ്കൻ ബോർഡിനെയാണ് ഇതിൽ കുറ്റപ്പെടുത്തേണ്ടതെന്നും രണതുംഗ പറഞ്ഞിരുന്നു.
'ഇത് രണ്ടാംനിര ഇന്ത്യൻ ടീമാണ്, അത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെലിവിഷൻ വിപണി മാത്രം പരിഗണിച്ച് അവരുമായി കളിക്കാൻ സമ്മതം മൂളിയ നിലവിലെ ഭരണസമിതിയെ കുറപ്പെടുത്തുകയാണ്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച ടീമിനെ ഇംഗ്ലണ്ടിലേക്കയച്ചു. ദുർബലമായ ടീമിനെ ഇങ്ങോട്ടും. ഇക്കാര്യത്തിൽ ലങ്കൻ ബോർഡിനെയാണ് കുറ്റപ്പെടുത്തുന്നത്' എന്നും രണതുംഗ പറഞ്ഞിരുന്നു.
ചരിത്രത്തിലാദ്യമായാണ് വ്യത്യസ്ത ഫോർമാറ്റുകളിൽ വേറിട്ട രണ്ട് ടീമുകളെ ബിസിസിഐ ഒരേസമയം രണ്ട് രാജ്യങ്ങളിലേക്ക് പര്യടനത്തിന് അയക്കുന്നത്. ഇംഗ്ലണ്ടിലുള്ള വിരാട് കോലി നയിക്കുന്ന സീനിയർ ടീം ടെസ്റ്റ് പരമ്പരയാണ് കളിക്കുന്നതെങ്കിൽ ലങ്കയിൽ ശിഖർ ധവാന്റെ നായകത്വത്തിൽ എത്തിയ ടീം ഏകദിന, ടി20 പരമ്പരകളാണ് കളിക്കുന്നത്. കോലിപ്പട ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റുകൾ കളിക്കുമെങ്കിൽ ധവാനും സംഘവും മൂന്ന് വീതം ഏകദിനങ്ങളും ടി20യും ശ്രീലങ്കയിൽ കളിക്കും.
കോലിക്കും രോഹിത്തിനും പുറമെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എൽ രാഹുൽ, റിഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീലങ്കൻ പര്യടനത്തിനില്ല. പരിമിത ഓവർ മത്സരങ്ങളിൽ സ്ഥിരാംഗങ്ങളായ ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ലങ്കയിൽ കളിക്കും. ടെസ്റ്റ് ടീമിനെ രവി ശാസ്ത്രിയും പരിമിത ഓവർ ടീമിനെ രാഹുൽ ദ്രാവിഡുമാണ് പരിശീലിപ്പിക്കുന്നത്.
ശ്രീലങ്കയിലുള്ള ഇന്ത്യൻ പരിമിത ഓവർ സ്‌ക്വാഡ്: ശിഖർ ധവാൻ(ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ(ഉപനായകൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, റിതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചാഹൽ, രാഹുൽ ചഹാർ, കൃഷ്ണപ്പ ഗൗതം, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ദീപക് ചഹാർ, നവ്ദീപ് സെയ്നി, ചേതൻ സക്കറിയ.
നെറ്റ് ബൗളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാര്യർ, അർഷ്ദീപ് സിങ്, സായ് കിഷോർ, സിമർജീത്ത് സിങ്.
ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ.
സ്റ്റാൻഡ്ബൈ താരങ്ങൾ: അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാൻ, അർസാൻ നാഗ്വസ്വല്ല, കെ എസ് ഭരത്.
സ്പോർട്സ് ഡെസ്ക്