കൊളംബോ: അഹിംസയാണ് ശ്രീബുദ്ധൻ തന്റെ അനുയായികൾക്ക് ഉപദേശിച്ചുകൊടുത്ത ജീവിതമന്ത്രം. എന്നാൽ, കാലം പോയതോടെ ബുദ്ധമത വിശ്വാസികൾ അക്രമത്തിന്റെ പാതയിലേക്ക് തിരിയുകയാണോ? മ്യാന്മറിൽ റോഹിങ്യകളെ കൂട്ടത്തോടെ കുരുതി ചെയത ബുദ്ധമത തീവ്രവാദികൾ അടുത്തിടെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനം ഏ്റ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ, ശ്രീലങ്കയിൽ മുസ്ലീങ്ങൾക്കുനേരെയും അതേനിലയിലുള്ള അക്രമമാണ് ആളിപ്പടരുന്നത്.

ശ്രീലങ്കയിലെ കാൻഡി നഗരത്തിലാണ് മുസ്ലിം വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. ബുദ്ധമതത്തിലെ തീവ്രവാദ സംഘങ്ങളാണ് ഇതിന് പിന്നിൽ. അക്രമം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കയെത്തുടർന്ന് രാജ്യത്തുടനീളം സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമികളെ ഏതുവിധത്തിലും അമർച്ച ചെയ്യാൻ സായുധസേനയ്ക്ക് അധികാരമുണ്ടായിരിക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചിട്ടുണ്ട്. പത്തുദിവസത്തേക്കാണ് ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗമാണ് അക്രമം നിയന്ത്രാതീതമാണെന്ന് കണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൻ തീരുമാനിച്ചതെന്ന് സർക്കാർ വക്താവ് പറഞ്ഞു. വർഗീയ കലാപം ആളിപ്പടരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കാൻഡിയിൽ ബുദ്ധമത വിശ്വാസി കൊല്ലപ്പെടുകയും തുടർന്ന് മുസ്ലിം മതവിശ്വാസികളുടെ സ്ഥാപനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഇവിടെ തുടങ്ങിയ സംഘർഷം പിന്നീട് രാജ്യത്തിന്റെ മറ്റിങ്ങളിലേക്കും പടർന്നുപിടിച്ചു. ഫേസ്‌ബുക്ക് വഴിയാണ് വ്യാജവാർത്തകളും അക്രമത്തിനുള്ള ആഹ്വാനങ്ങളും പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ വക്താവ് ദയാസിരി ജയശേഖര വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് കാൻഡിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷം നിയന്ത്രണാതീതമായതോടെ പൊലീസ് അവിടെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മാരകായുധങ്ങളുപയോഗിച്ച് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയായിരുന്നു.

ബുദ്ധമതക്കാരനായ ഒരാളെ മുസ്ലിം സംഘം കൊലപ്പെടുത്തിയതിനെത്തുടർന്നാണ് അക്രമം ആളിപ്പടർന്നത്. ബുദ്ധിസ്റ്റ് തീവ്രവാദ സംഘടനകൾ തുടർന്ന് കാൻഡിയിൽ തേർവാഴ്ച നടത്തി. മുസ്ലീങ്ങളുെടെ ഉടമസ്ഥതയിലുള്ള 11-ഓളം സ്ഥാപനങ്ങൾ അഗ്നിക്കിരയാക്കി. ഒട്ടേറെപ്പേർക്ക് അക്രമങ്ങളിൽ പരിക്കേറ്റു. ശ്രീലങ്കയിൽ നിലനിന്ന തമിഴ് ആഭ്യന്തര യുദ്ധം പോലെ ഇതും പടർന്ന് പിടിക്കുമെന്ന ആശങ്കയിലാണ് സർക്കാർ പെട്ടെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അക്രമികളെ നേരിടാൻ തയ്യാറായത്.

അടിയന്താരാവസ്്ഥയുടെ വിശദാംശങ്ങൾ ഇപ്പോഴും സർക്കാർ പുറത്തുവിട്ടിട്ടില്ല. അനാവശ്യ പ്രചാരണങ്ങൾ തടയുന്നതിന് സോഷ്യൽ മീഡിയയ്ക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വക്താവ് ദയസിരി ജയശേഖര പറഞ്ഞു. അക്രമങ്ങളുടെ ദൃശ്യങ്ങളും മറ്റും ചിലർ ഫേസ്‌ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പ്രചരിപ്പിക്കുന്നുവെന്ന് കണ്ടാണ് ഈ നടപടി. ശ്രീലങ്കയിൽ ഏറ്റവും പ്രചാരമുള്ള സോഷ്യൽ മീഡിയ ഫേസ്‌ബുക്കാണ്. അതിലൂടെയാണ് അക്രമദൃശ്യങ്ങൾ കൂടുതലായും പ്രചരിച്ചതും.

അക്രമം നടക്കുന്നത് കാൻഡിയിലാണെങ്കിലും അടിയന്തരാവസ്ഥ രാജ്യം മുഴുവൻ വ്യാപകമാണ്. കാൻഡിക്ക് പുറത്ത് അടിയന്തരാവസ്ഥ എത്രത്തോളം തീവ്രമായിരിക്കുമെന്ന കാര്യവും വ്യക്തമല്ല. മറ്റൊരിടത്തുനിന്നും അക്രമസംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ, ആ ഭാഗങ്ങളിൽ മുൻകരുതലെന്ന നിലയ്ക്കാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞമാസവും രാജ്യത്തുണ്ടായ വർഗീയ കലാപത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകർത്തിരുന്നു.

നിർബന്ധപൂർവം മതപരിവർത്തനം ചെയ്യുകയാണെന്ന് ആരോപിച്ചാണ് തീവ്ര ബുദ്ധമത സംഘടനകൾ രംഗത്തു വന്നത്. ബുദ്ധമത കേന്ദ്രങ്ങൾ അവർ തകർക്കുകയാണെന്നും സംഘടനകൾ ആരോപിക്കുന്നു. മ്യാന്മറിൽ നിന്നുമുള്ള റോഹിങ്യൻ അഭയാർത്ഥികളുടെ സാന്നിധ്യവും ബുദ്ധമത സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.