കൊളംബോ: രണ്ടു മാസത്തോളം നീണ്ട അനിശ്ചിതത്തിനൊടുവിൽ റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പത്താമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തെ പുറത്താക്കി മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേന തന്നെയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഒക്ടോബറിൽ വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിയാണ് രാജ്യത്ത് ഒന്നരമാസം നീണ്ട അനിശ്ചിതത്വമുണ്ടാക്കിയത്.

ഒക്ടോബറിലാണ് വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചത്. വിക്രമസിംഗയെ ഒരിക്കലും അധികാരത്തിൽ തിരിച്ചെത്തിക്കില്ല എന്ന് വ്യക്തമാക്കിയ സിരിസേനയ്ക്ക് തന്റെ കടുപിടിത്തം ഉപേക്ഷിക്കേണ്ടി വന്നത് ശ്രീലങ്കൻ രാഷ്ട്രീയ രംഗത്തെ ശ്രദ്ധേയമായ വഴിത്തിരിവായി.

പലതവണ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതിനെ തുടർന്ന് രാജപക്‌സെയ്ക്ക് അധികാരത്തിൽ തുടരാനാവില്ലെന്ന് ശ്രീലങ്കൻ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഡിസംബർ 15 ന് അദ്ദേഹം രാജി വെച്ചു. സാമ്പത്തികമായി തികച്ചും അരക്ഷിതമായ അവസ്ഥയിലാണ് ഇപ്പോൾ രാജ്യം. അധികാരത്തിലേറിയ ഉടൻ തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും വിക്രമസിംഗെ നന്ദി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ശ്രദ്ധചെലുത്തുമെന്നും ശ്രീലങ്കയെ പുരോഗതിയുടെ പാതയിലേക്കെത്തിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബർ 26ന് വിക്രമസിംഗെയുടെ പാർട്ടിയായ യുഎൻപിക്കുള്ള പിന്തുണ സിരിസേനയുടെ പാർട്ടി പിൻവലിക്കുകയും വിക്രസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്ത് നീക്കുകയുമായിരുന്നു. മുൻ പ്രസിഡന്റും ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവുമായ മഹീന്ദ രാജപക്സയെ പ്രധാനമന്ത്രിയാക്കിയത് ശ്രീലങ്കയിൽ ഭരണഘടനാപ്രതിസന്ധിയുണ്ടാക്കിയിരുന്നു.

ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത പാർലമെന്റിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ യുഎൻപിയെ തഴഞ്ഞ്, വിക്രമസിംഗെയെ മാറ്റി പകരം രാജപക്സയെ നിയമിച്ചത് വിമർശനവും പ്രതിഷേധവുമുയർത്തിയിരുന്നു. സ്പീക്കർ കാരു ജയസൂര്യ അടക്കമുള്ളവർ പ്രസിഡന്റിന്റെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു. ശ്രീലങ്കൻ സുപ്രീം കോടതിയും പ്രസിഡന്റിന്റെ തീരുമാനം തള്ളിയിരുന്നു. പാർലമെന്റിൽ വിശ്വാസവോട്ട് നേടി ഭൂരിപക്ഷം തെളിയിക്കാനുള്ള വിക്രമസിംഗെയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എതിർകക്ഷികൾ രാജപക്സയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് പാസാക്കുകയും ചെയ്തു. അതേസ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്നായിരുന്നു രാജപക്സ രാജി വച്ചത്.