- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പ്രതിസന്ധി: ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് പരമ്പര ജൂലായ് 18 ന് ആരംഭിക്കുമെന്ന് സൗരവ് ഗാംഗുലി; പുനക്രമീകരിച്ചത്, ലങ്കൻ ടീമിന്റെ ഐസൊലേഷൻ കാലാവധി നീട്ടിയതോടെ; പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും
ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ജൂലായ് 18-ന് ആരംഭിക്കുമെന്ന് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ജൂലായ് 13-ന് ആരംഭിക്കേണ്ടിയിരിക്കുന്ന പരമ്പര ശ്രീലങ്കൻ ക്യാമ്പിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് അഞ്ചു ദിവസം കൂടി നീട്ടി ജൂലായ് 18-ലേക്ക് മാറ്റിയിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണു പരമ്പരയിലുള്ളത്.
ലങ്കൻ ബാറ്റിങ് കോച്ച് ഗ്രാൻഡ് ഫ്ളവർ, ടീമിന്റെ വീഡിയോ അനലിസ്റ്റായ ജി.ടി നിരോഷൻ എന്നിവരാണ് കോവിഡ് ബാധിതരായത്. ഇതോടെ ടീമിന്റെ ഐസൊലേഷൻ കാലാവധി നീട്ടേണ്ടി വന്നതോടെയാണ് പരമ്പരയുടെ തീയതിയും നീട്ടിയത്.
ഇതനുസരിച്ച് ഏകദന പരമ്പരയിലെ മത്സരങ്ങൾ ജൂലായ് 18, 20, 23 തീയതികളിൽ നടക്കും. ജൂലായ് 25-ന് ട്വന്റി 20 പരമ്പരയും തുടങ്ങും. നേരത്തെ ജൂലായ് 17-ന് പരമ്പര ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മത്സരക്രമത്തിൽ മാറ്റമുള്ളതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചതായി പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്‌ബസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു പുതിയ ഷെഡ്യൂളിന്റെ അനുമതിക്കായി ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് പ്രതിനിധികൾ ജയ് ഷായുമായി ഇന്ന് രാവിലെ സംസാരിച്ചിരുന്നു.
ശ്രീലങ്കൻ ടീമിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പരമ്പര പ്രതിസന്ധിയിലായത്. ലങ്കൻ ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്‌ളവറിനും ഡേറ്റാ അനലിസ്റ്റ് ജി. ടി നിരോഷനുമാണ് ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് കളിക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും ഇവരെല്ലാം ക്വാറന്റീനിൽ തുടരുകയാണ്. ഇതോടെ പരമ്പര നീട്ടിവയ്ക്കാൻ നിർബന്ധിതമാവുകയായിരുന്നു.
പരമ്പരയ്ക്കായി ഇന്ത്യൻ ടീം നേരത്തെ തന്നെ കൊളംബോയിലെത്തിയിരുന്നു. വിരാട് കോലിയുടെ നേതൃത്വത്തിൽ സീനിയർ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ശിഖർ ധവാനാണ് ലങ്കയിൽ ടീമിനെ നയിക്കുന്നത്. പേസർ ഭുവനേശ്വർ കുമാറാണ് ഉപനായകൻ. രവി ശാസ്ത്രിയുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡിനാണ് പരിശീലകന്റെ റോൾ. സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, പൃഥ്വി ഷാ, ചേതൻ സക്കറിയ തുടങ്ങിയ യുവതാരങ്ങൾ ടീമിലുണ്ട്.
സ്പോർട്സ് ഡെസ്ക്