- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവി; നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യയെ മറികടന്ന് മുൻ ലോകചാമ്പ്യന്മാരായ ശ്രീലങ്ക; 427 മത്സരങ്ങളിൽ തോറ്റ ഇന്ത്യ തൽക്കാലം രക്ഷപെട്ടു; 858 ഏകദിനങ്ങളിൽ 390 ജയവും 426 തോൽവിയുമായി ലങ്കൻ ടീം
ലണ്ടൻ: ഏകദിന ക്രിക്കറ്റിൽ അവിസ്മരണീയമായ ഒട്ടേറെ പ്രകടനങ്ങളും വിജയങ്ങളും സ്വന്തമാക്കിയ ശ്രീലങ്കൻ ക്രിക്കറ്റിന് നാണക്കേടിന്റെ പുതിയൊരു റെക്കോർഡ്. ഒരു കാലത്ത് ലോകക്രിക്കറ്റിനെ വിസ്മയിപ്പിച്ച, ഏകദിന ക്രിക്കറ്റിന്റെ മാറ്റത്തിന് തന്നെ വഴിയൊരുക്കിയ ലങ്കൻ ക്രിക്കറ്റ് ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ ടീമെന്ന റെക്കോർഡിലേക്കാണ് കൂപ്പുകുത്തിയത്.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ തോറ്റതോടെയാണ് ശ്രീലങ്ക ഏകദിന ഫോർമാറ്റിൽ കൂടുതൽ തോൽവി വഴങ്ങിയ ടീമെന്ന നാണക്കേടിലേക്ക് പതിച്ചത്. ഏകദിനത്തിൽ ശ്രീലങ്കയുടെ 428ാം തോൽവിയായിരുന്നു ഇത്. 427 ഏകദിനങ്ങളിൽ തോറ്റ ഇന്ത്യയുടെ 'റെക്കോർഡാ'ണ് ശ്രീലങ്ക മറികടന്നത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് ശ്രീലങ്ക ആകെ കളിച്ചത് 858 ഏകദിനങ്ങളായിരുന്നു. ഇതിൽ 390 മത്സരങ്ങളിൽ ജയിച്ചപ്പോൾ 426 മത്സരങ്ങൾ തോറ്റു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ ടീമുകളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ഒരേയൊരു മത്സരം മാത്രം മാത്രം പിന്നിലായിരുന്നു അവർ.
എന്നാൽ, ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ അവർ ഇന്ത്യയെ 'മറികടന്നു'. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരവും തോറ്റതോടെ തോൽവിക്കണക്കിൽ അവർ ഇന്ത്യയേക്കാൾ ഒരു പടി മുന്നിലായി. അഞ്ച് വിക്കറ്റിനാണ് രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ 30ന്റെ സമ്പൂർണ തോൽവി വഴങ്ങിയ ശ്രീലങ്ക, ഏകദിന പരമ്പരയും അടിയറവു വച്ചു കഴിഞ്ഞു. ഇനി അടുത്ത സമ്പൂർണ പരമ്പര തോൽവി വഴങ്ങുമോ എന്നറിയാൻ ജൂലൈ നാലിന് നടക്കുന്ന മൂന്നാം ഏകദിനം വരെ കാത്തിരിക്കണം.
ഏകദിനത്തിൽ 427 തോൽവികളുമായി ശ്രീലങ്കയ്ക്കു തൊട്ടു പിന്നിലുണ്ടെങ്കിലും കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ ശ്രീലങ്കയേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യ. ഇതുവരെ കളിച്ച 993 ഏകദിനങ്ങളിൽനിന്നാണ് ഇന്ത്യൻ ടീം 427 തോൽവികൾ വഴങ്ങിയത്. ശ്രീലങ്കയേക്കാൾ 133 മത്സരങ്ങൾ കൂടുതലാണിത്. ഏകദിനത്തിൽ ശ്രീലങ്കയുടെ വിജയശതമാനം 47.69 ആണ്. ഇന്ത്യയുടേത് 54.67 ശതമാനവും. 414 മത്സരങ്ങൾ തോറ്റ പാക്കിസ്ഥാനാണ് മൂന്നാമത്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയ ടീമെന്ന നാണക്കേടിനു പുറമേ, ട്വന്റി20യിൽ കൂടുതൽ മത്സരങ്ങൾ തോറ്റ ടീമും ശ്രീലങ്കയാണ്. ഇംഗ്ലണ്ടിനെതിരായ 30 തോൽവിയോടെ അവരുടെ ട്വന്റി20 തോൽവികൾ 70 ആയി ഉയർന്നു. വെസ്റ്റിൻഡീസ് (67), പാക്കിസ്ഥാൻ (65) ടീമുകളാണ് പിന്നിൽ.
അർജുന രണതുംഗയും അരവിന്ദ ഡിസൽവയും സനത് ജയസൂര്യയും റോഷൻ മഹാനമയും മുത്തയ്യ മുരളീധരനും ചാമിന്ദവാസും ഒക്കെ അണിനിരന്ന 1996 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ലങ്ക കിരീടം നേടിയത്. ഇന്നിങ്സിന്റെ തുടക്കത്തിൽ അതിവേഗം റൺസ് അടിച്ചൂകൂട്ടി എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങളിലൂടെ ഏകദിന ക്രിക്കറ്റിന് വേഗത സമ്മാനിച്ചത് ലങ്കയുടെ പരീക്ഷണങ്ങളായിരുന്നു. പിന്നീട് മറ്റ് രാജ്യങ്ങളും ഈ മാറ്റത്തെ പിന്തുടർന്നു.
തലമുറ മാറ്റത്തിന് വിധേയമായപ്പോഴും ലങ്കൻ ക്രിക്കറ്റിൽ മഹേല ജയവർദ്ധനയും കുമാർ സംഗക്കാരയും ദിൽഷനുമൊക്കെ മികവിലൂടെ മുന്നോട്ട് നയിച്ചെങ്കിലും ആ ഇതിഹാസ താരങ്ങൾ കൂടി പാഡളിച്ചതോടെ പ്രതാപം നഷ്ടപ്പെട്ട് തകർച്ചയുടെ പാതയിലാണ് നിലവിൽ ലങ്കൻ നിര. തുടർ തോൽവികളും, പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കങ്ങളുമടക്കം ലങ്കൻ ക്രിക്കറ്റ് കടുത്ത പ്രതിസന്ധി നേരിടുകയാണ്.
സ്പോർട്സ് ഡെസ്ക്